ആറ്റിങ്ങലിൽ അച്ഛനെയും മകളെയും പരസ്യവിചാരണ ചെയ്ത പൊലീസ് ഉദ്യോഗസ്ഥയെ സ്ഥലംമാറ്റി

ആറ്റിങ്ങലിൽ അച്ഛനെയും മകളെയും പരസ്യവിചാരണ ചെയ്ത പൊലീസ് ഉദ്യോഗസ്ഥയെ സ്ഥലംമാറ്റി


 

ആറ്റിങ്ങൽ: ആറ്റിങ്ങലില്‍ പൊലീസ് ഉദ്യോഗസ്ഥയുടെ ഫോണ്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് മൂന്നാം ക്ലാസുകാരിയെയും അച്ഛനെയും പരസ്യവിചാരണ ചെയ്ത പൊലീസ് ഉദ്യോഗസ്ഥയെ സ്ഥലംമാറ്റി. വനിതാ സിവിൽ പോലീസ് ഓഫീസർ രജിതയ്ക്കെതിരെയാണ് നടപടി. റൂറൽ എസ് പി ഓഫീസിലേക്കാണ് സ്ഥലംമാറ്റം. ഇവരെ പിങ്ക് പൊലീസില്‍ നിന്ന് ഒഴിവാക്കി. നടപടി സംബന്ധിച്ച റിപ്പോർട്ട് ആറ്റിങ്ങൽ ഡിവൈഎസ്പി റൂറൽ എസ്പിക്ക് കൈമാറി. മറ്റ് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെയും നടപടിയുണ്ടാകുമെന്നാണ് സൂചന.

തിരുവനന്തപുരം തോന്നയ്ക്കല്‍ സ്വദേശി ജയചന്ദ്രനും 8 വയസുകാരിയായ മകള്‍ക്കുമാണ് മോഷണ ആരോപണത്തിന്റെ പേരില്‍ അപമാനം ഏറ്റുവാങ്ങേണ്ടിവന്നത്. പിങ്ക് പൊലീസിന്റെ കാറില്‍ നിന്നും ഉദ്യോഗസ്ഥയുടെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്ന് ആരോപിച്ചായിരുന്നു പരസ്യ വിചാരണ. ഐഎസ്ആര്‍ഒയിലേക്ക് യന്ത്രവുമായി എത്തുന്ന വലിയ വാഹനം കാണാന്‍ ആറ്റിങ്ങലില്‍ എത്തിയപ്പോഴായിരുന്നു അച്ഛനും മകള്‍ക്കും ദുരനുഭവം ഉണ്ടായത്. പിങ്ക് പൊലീസിന്റെ വാഹനത്തിന് സമീപം നിന്ന തോന്നയ്ക്കല്‍ സ്വദേശിയും മകളും ചേര്‍ന്ന് ഫോണ്‍ മോഷ്ടിച്ചെന്നായിരുന്നു പൊലീസ് ഉദ്യോഗസ്ഥയുടെ ആരോപണം. സംഭവം നടന്നിട്ടില്ലെന്ന് ഇവരും സമീപത്ത് ഉണ്ടായിരുന്നവരും പറഞ്ഞെങ്കിലും പൊലീസ് ഉദ്യോഗസ്ഥ ആരോപണത്തില്‍ ഉറച്ച് നില്‍ക്കുകയും ഭിഷണിപ്പെടുത്തുകയുമായിരുന്നു. ഇതിനിടെ ഫോണ്‍ കാറില്‍ നിന്ന് തന്നെ കണ്ടെത്തുകയും ചെയ്തിരുന്നു. ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ വ്യാപക വിമർശനമുയർന്നിരുന്നു.

സംഭവത്തില്‍ ബാലാവകാശ കമ്മീഷനും ഉടപെട്ടിട്ടുണ്ട്. വിഷയത്തില്‍ റിപ്പോര്‍ട്ട് ആവശ്യപ്പെടുമെന്ന് ബാലാവകാശ കമ്മീഷന്‍ മനോജ് കുമാര്‍ വ്യക്തമാക്കി. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുമെന്നും അദ്ദേഹം അറിയിച്ചിരുന്നു.