ട്രാന്‍സ് വനിതയായി ജീവിക്കാനാവാത്തതിനാല്‍ ദയാവധം അനുവദിക്കണമെന്ന ആവശ്യവുമായി ഒറ്റപ്പാലം സ്വദേശി.

ട്രാന്‍സ് വനിതയായി ജീവിക്കാനാവാത്തതിനാല്‍ ദയാവധം അനുവദിക്കണമെന്ന ആവശ്യവുമായി ഒറ്റപ്പാലം സ്വദേശി.


ഒറ്റപ്പാലം : ട്രാന്‍സ് വനിതയായി ജീവിക്കാനാവാത്തതിനാല്‍ ദയാവധം അനുവദിക്കണമെന്ന ആവശ്യവുമായി കേരളത്തില്‍ ഒരു ട്രാന്‍സ് വുമണ്‍. ഒറ്റപ്പാലം സ്വദേശി അനീറ കബീര്‍ ആണ് ദയാവധം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാനൊരുങ്ങിയത്. രണ്ടു ബിരുദാനന്തര ബിരുദവും എംഎഡും സെറ്റുമായി പതിനാല് സ്കൂളുകളില്‍ താത്കാലിക അധ്യാപക നിയമനത്തിനായി ഇന്‍റര്‍വ്യൂവില്‍ പങ്കെടുത്തിട്ടും ട്രാന്സ് വുമണായതിന്‍റെ പേരില്‍ തഴഞ്ഞെന്നും അഭിമുഖ പരീക്ഷയില്‍ പോലും ലിംഗത്തിന്‍റെ അടിസ്ഥാനത്തില്‍ പരിഹസിച്ചെന്നും ട്രാന്‍സ് വുമണ്‍ അനീറ കബീര്‍.

ചെര്‍പ്പുളശ്ശേരി ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ സോഷ്യോളജി ജൂനിയര്‍ തസ്തികയില്‍ താല്‍ക്കാലിക അധ്യാപികയായിരുന്ന അനീറയെ ജോലിയില്‍ നിന്നും പിരിച്ച്‌ വിട്ടിരുന്നു. അനീറയുടെ സഹോദരന്‍ ദിവസങ്ങള്‍ക്ക്‌ മുമ്ബ് അപകടത്തെ തുടര്‍ന്ന് മരണപ്പെട്ടിരുന്നു. കുടുംബത്തെ സംരക്ഷിക്കേണ്ട ചുമതല കൂടി അനീറയുടെ ചുമതലയായി. ഇതോടെയാണ് ജീവിക്കാന്‍ മറ്റു മാര്‍ഗമില്ലാത്തതിനാല്‍ ദയാവധം അനുവദിക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കാനൊരുങ്ങിയത്. ട്രാന്‍സ്‌വനിതയായി ജീവിക്കാനാവില്ലെന്നു കാട്ടി ദയാവധത്തിന് അപേക്ഷ നല്‍കാന്‍ അഭിഭാഷകനെ തേടി ലീഗല്‍ സര്‍വീസസ് അതോറിറ്റിയിലെത്തിയതോടെയാണ് അനീറയുടെ ദുരിത കഥ പുറം ലോകമറിഞ്ഞത്.

മതിയായ യോഗ്യതയുണ്ടായിട്ടും തനിക്ക് ജോലിയില്‍ വിവേചനം നേരിട്ടെന്നും, സ്ത്രീവേഷം കെട്ടിയ പുരുഷന്‍ എന്തോ വച്ചുകെട്ടിവന്നു എന്ന് സമൂഹം പരിഹസിക്കുകയാണെന്നും അനീറ പറയുന്നു. തന്‍റെ ദുരിതങ്ങള്‍ മുഖ്യമന്ത്രിയോട് തൊഴുതു പറയുകയാണെന്ന് ട്രാന്‍സ് വുമണ്‍ അനീറ പറയുന്നു. അനീറയുടെ ദുരിതം അറിഞ്ഞ വിദ്യാഭ്യാ മന്ത്രി വി ശിവന്‍കുട്ടി വിഷയവുമായി ബന്ധപ്പെട്ട് പാലക്കാട്‌ വിദ്യാഭ്യാസ ഉപ ഡയറക്ടറുമായി ഫോണില്‍ സംസാരിച്ചു.

അനീറയ്ക്ക് നഷ്ടമായ ജോലി തിരികെ നല്‍കാന്‍ ആവശ്യമായ നടപടികള്‍ എടുക്കാന്‍ പാലക്കാട്‌ വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് മന്ത്രി വി ശിവന്‍ കുട്ടി പറഞ്ഞു. അനീറ നേരിടുന്ന പ്രതിസന്ധി ചൂണ്ടിക്കാട്ടിയുള്ള വിശദമായ നിവേദനം നല്‍കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും തിരുവനന്തപുരത്തെത്തി നേരില്‍ കണ്ട് നിവേദനം നല്‍കുമെന്ന് അനീറ അറിയിച്ചതായും മന്ത്രി പറഞ്ഞു.