ഷാരേണ്‍ കൊലക്കേസ് ; പ്രതി ഗ്രീഷ്മയെ ഏഴ് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു.

ഷാരേണ്‍ കൊലക്കേസ് ;  പ്രതി ഗ്രീഷ്മയെ ഏഴ് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു.


തിരുവനന്തപുരം: ഷാരേണ്‍ കൊലക്കേസില്‍ പ്രതി ഗ്രീഷ്മയെ ഏഴ് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. ക്രൈംബ്രാഞ്ചിന് വിശദമായ അന്വേഷണത്തിനായാണ് ഗ്രീഷ്മയെ ഏഴ് ദിവസം കസ്റ്റഡിയില്‍ വിട്ടത്. തെളിവെടുപ്പ് പൂര്‍ണമായും വീഡിയോയില്‍ ചിത്രീകരിക്കണമെന്നും ഗ്രീഷ്്മയ്‌ക്ക് വൈദ്യസഹായം ഉറപ്പാക്കണമെന്നും കോടതി നിര്‍ദേശിച്ചു. ഇരു വിഭാഗങ്ങളും നടത്തിയ രൂക്ഷമായ വാദപ്രതിവാദങ്ങള്‍ക്കൊടുവിലാണ് ഗ്രീഷ്മയെ കസ്റ്റഡിയില്‍ വിട്ടത്. ഏഴ് ദിവസ കസ്റ്റഡി ആവശ്യപ്പെട്ടപ്പോള്‍ പ്രതിഭാഗം ശക്തമായി എതിര്‍ത്തു. മറ്റ് പ്രതികളെ അഞ്ച് ദിവസ കസ്റ്റഡിയാണ് ആവശ്യപ്പെട്ടതെന്ന് കോടതിയും ചോദിച്ചു. ഗ്രീഷ്മയാണ് മുഖ്യപ്രതിയെന്നും ഇരുവരും തമിഴ്‌നാട്ടില്‍ പലയിടത്തും പോയിട്ടുണ്ടെന്നും അവിടെ എത്തിച്ച്‌ തെളിവെടുക്കാന്‍ ഏഴ് ദിവസം ആവശ്യമാണെന്നും അറിയിച്ചതോടെ കോടതി അംഗീകരിക്കുകയായിരുന്നു. 

പാറശ്ശാല പോലീസിന്റെ വീഴ്ച ചൂണ്ടിക്കാണിച്ചായിരുന്നു പ്രതിഭാഗത്തിന്റെ വാദം. വിഷം നല്‍കി കൊലപ്പെടുത്തിയെന്നതിന്റെ എഫ്‌ഐആര്‍ പോലും പോലീസിന്റെ പക്കല്‍ ഇല്ലെന്ന് ഗ്രീഷ്മയ്‌ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. ഗൂഢാലോചനകള്‍ ഉണ്ടായിട്ടില്ലെന്നും ഇല്ലാത്ത തെളിവുകള്‍ സൃഷ്ടിക്കാനാണ് പോലീസിന്റെ ശ്രമമെന്നും അഭിഭാഷകന്‍ ആരോപിച്ചു. മുറിയ്‌ക്കുള്ളില്‍ എന്താണ് സംഭവിച്ചതെന്ന് ആര്‍ക്കുമറിയില്ലെന്നും വിഷം കൊണ്ട് വന്നത് ഒരുപക്ഷേ ഷാരോണ്‍ തന്നെയാകാനുള്ള സാദ്ധ്യതയും പ്രതിഭാഗം കോടതിയില്‍ ഉന്നയിച്ചു. ഷാരോണിന്റെ മരണമൊഴിയില്‍ ഗ്രീഷ്മയെ കുറിച്ചൊന്നും പറയുന്നില്ലെന്നും പ്രതിഭാഗം കോടതിയില്‍ പറഞ്ഞു. 

ഗ്രീഷ്മയെ ക്രിമിനലാക്കി മാറ്റിയത് ഷാരോണാണെന്നും ഗ്രീഷ്മയുടെ സ്വകാര്യ ചിത്രങ്ങള്‍ ഷാരോണിന്റെ പക്കലുണ്ടായിരുന്നുവെന്നും അതേക്കുറിച്ചും അന്വേഷണം വേണമെന്നും പ്രതിഭാഗം അഭിഭാഷകന്‍ പറഞ്ഞു.ഗ്രീഷ്മയുടെ ഭാഗത്തു നിന്നു കൂടി ചിന്തിക്കണമെന്നും മാതാപിതാക്കള്‍ക്ക് ഒറ്റ മകളേ ഉള്ളൂ എന്നത് കണക്കിലെടുക്കണമെന്നും ഗ്രീഷ്മയുടെ അഭിഭാഷകന്‍ വാദിച്ചു. ആത്മഹത്യാ ശ്രമത്തെ തുടര്‍ന്ന് ആശുപത്രിയിലായിരുന്ന ഗ്രീഷ്മയെ ഇന്നലെയാണ് ജയിലേക്ക് മാറ്റിയത്. അട്ടകുളങ്ങര വനിതാ ജയിലില്‍ നിന്നാണ് ഗ്രീഷ്മയെ കോടതിയിലെത്തിച്ചത്. തുടര്‍ന്ന് വൈദ്യ പരിശോധനയ്‌ക്കായി നെയ്യാറ്റിന്‍കര താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. നേരത്തെ ഗ്രീഷ്മയുടെ അമ്മ സിന്ധുവിനേയും അമ്മാവന്‍ നിര്‍മല്‍ കുമാറിനേയും കോടതി നാല് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു.