നടനും നിര്‍മാതാവുമായ വിജയ് ബാബുവിനെ അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ നിര്‍വാഹക സമിതിയില്‍ നിന്നും ഒഴിവാക്കി.
കൊച്ചി: ബലാത്സംഗക്കേസില്‍ ആരോപണ വിധേയനായ നടനും നിര്‍മാതാവുമായ വിജയ് ബാബുവിനെ അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ നിര്‍വാഹക സമിതിയില്‍ നിന്നും ഒഴിവാക്കി. കേസ് തീരുംവരെ വിജയ് ബാബുവിനെ നിര്‍വാഹക സമിതിയില്‍ നിന്നും മാറ്റിനിര്‍ത്താനാണ് തീരുമാനം. കൊച്ചിയില്‍ അമ്മയുടെ എക്സിക്യൂടിവ് യോഗത്തിലാണ് വിജയ് ബാബുവിനെ മാറ്റി നിര്‍ത്താനുള്ള തീരുമാനമുണ്ടായത്. പീഡന പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് നിരപരാധിത്വം തെളിയും വരെ മാറ്റി നിര്‍ത്തണമെന്ന് വിജയ്ബാബു തന്നെ അമ്മയ്ക്ക് മെയില്‍ അയക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് ഞായറാഴ്ച ചേര്‍ന്ന അമ്മ നിര്‍വാഹക സമിതി യോഗം താരത്തിനെതിരെ നടപടിയെടുത്തത്. അതേസമയം ഇക്കാര്യത്തില്‍ അമ്മയുടെ ഔദ്യോഗിക വാര്‍ത്താക്കുറിപ്പ് ഇതുവരെ പുറത്തുവിട്ടിട്ടില്ല.
നടനെതിരെ നടപടി വേണമെന്ന് ശ്വേത മേനോന് ചെയര്‍പേഴ്സനായ ഇന്റേണല്‍ കംപ്ലെയിന്റ്സ് കമിറ്റി ശുപാര്‍ശ ചെയ്തിരുന്നു. അമ്മയിലെ എക്സിക്യൂടിവ് കമിറ്റി അംഗമായ വിജയ് ബാബുവിനെ സസ്പെന്‍ഡ് ചെയ്യുകയോ തരം താഴ്ത്തുകയോ ചെയ്യണമെന്നായിരുന്നു കമിറ്റിയുടെ ആവശ്യം. വിജയ് ബാബു നല്കിയ വിശദീകരണം എക്സിക്യൂടിവ് കമിറ്റി ചര്‍ച ചെയ്തു. ഇതിന് ശേഷമാണ് മാറ്റിനിര്‍ത്താന്‍ തീരുമാനിച്ചത്. എക്സിക്യൂടിവ് യോഗത്തിന് മുന്നോടിയായി അമ്മ നേതൃത്വം നിയമവിദഗ്ദരുമായും ആശയവിനിമയം നടത്തിയിരുന്നു. ഇതിനിടെ ദുബൈയില്‍ ഒളിവിലുള്ള നടനെ തിരിച്ചെത്തിച്ച് അറസ്റ്റ് ചെയ്യാനുള്ള നീക്കം കൊച്ചി സിറ്റി പൊലീസ് ഊര്‍ജിതമാക്കി. ആരോപണം ഉയര്‍ന്നതിന് പിന്നാലെയാണ് ഫേസ് ബുകില്‍ വീഡിയോ പങ്കുവച്ച് താരം വിദേശത്തേക്ക് കടന്നത്. വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യുന്നതില്‍ ഹൈകോടതിയിലെ മുന്‍കൂര്‍ ജാമ്യാപേക്ഷ തടസമല്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമിഷണര്‍ സി എച് നാഗരാജു പറഞ്ഞു. അറസ്റ്റ് ചെയ്യാന്‍ ആവശ്യമെങ്കില്‍ വിദേശത്ത് പോകുമെന്നും വിജയ് ബാബുവിനെതിരായ പുതിയ മീടൂ ആരോപണത്തില്‍ പരാതി ലഭിച്ചാല്‍ കേസെടുക്കുമെന്നും കൊച്ചി സിറ്റി പൊലീസ് കമിഷണര്‍ അറിയിച്ചു.
നടന് വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ വേനലവധിയ്ക്ക് ശേഷം പരിഗണിക്കാനായി ഹൈകോടതി മാറ്റി വച്ചിരിക്കുകയാണ്. കോടതിയില്‍ നിന്ന് പ്രത്യേക നിര്‍ദേശമൊന്നും ഇല്ലാത്തതിനാല്‍ അറസ്റ്റിന് തടസമില്ലെന്ന നിഗമനത്തിലാണ് പൊലീസ്. ഈ സാഹചര്യത്തിലാണ് ദുബൈയിലേക്ക് കടന്ന വിജയ് ബാബുവിനെ തിരിച്ച് കൊണ്ടുവരാന്‍ ആവശ്യമെങ്കില്‍ വിദേശത്ത് പോകാന്‍ പൊലീസ് തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ ദുബൈയിലേക്ക് പോകാതെ തന്നെ നടനെ തിരിച്ച് എത്തിക്കാനുള്ള ശ്രമങ്ങളും പൊലീസ് നടത്തുന്നുണ്ട്. ഇതിനിടെ വിജയ് ബാബുവിനെതിരായ സമൂഹ മാധ്യമത്തിലൂടെയുള്ള മീ ടൂ ആരോപണത്തില്‍ പരാതിക്കാരിയെ കണ്ടെത്താന്‍ പ്രത്യേക സൈബര്‍ ടീം പരിശോധന തുടങ്ങി. സിനിമാ മേഖലയില്‍ തന്നെയുള്ളയാളാണ് ഫേസ്ബുക് വഴി ആരോപണം ഉന്നയിച്ചതെന്നാണ് കരുതുന്നത്. എന്നാല്‍ നടിയുടെ പരാതിയില്‍ കേസെടുക്കാന്‍ വൈകിയെന്ന ആരോപണം പൊലീസ് നിഷേധിച്ചു. കഴിഞ്ഞ ഏപ്രില്‍ 22നാണ് പീഡനം സംബന്ധിച്ച് പരാതി ലഭിച്ചത്. അന്ന് തന്നെ കേസെടുത്ത് അന്വേഷണം തുടങ്ങി. ഇതിന് പിന്നാലെ ഫോണ്‍ ഓഫ് ചെയ്ത് മുങ്ങിയ വിജയ് ബാബു ഗോവ, ബെന്‍ഗ്ലൂറു വഴി ദുബൈയിലേക്ക് കടക്കുകയായിരുന്നു. ഒളിവിലുള്ള നടന് കേസിലെ ഇരയെയോ സാക്ഷികളെയോ സ്വാധിനിക്കാന്‍ ശ്രമിച്ചാല്‍ കൂടുതല്‍ കേസുകള്‍ രെജിസ്റ്റര്‍ ചെയ്യുമെന്നും പൊലീസ് അറിയിച്ചു. പുതിയ മീ ടൂ ആരോപണത്തില്‍ പരാതി ലഭിച്ചിട്ടില്ലെന്നും കൊച്ചി സിറ്റി പൊലീസ് കമിഷണര്‍ കൂട്ടിച്ചേര്‍ത്തു.