ഇന്ത്യയിലെ ഓഫർ വിൽപനയ്ക്ക് വൻ തിരിച്ചടി, ആമസോണിലെ പ്രധാന വില്‍പനക്കാർ പ്രവര്‍ത്തനം നിർത്തുന്നു

ഇന്ത്യയിലെ ഓഫർ വിൽപനയ്ക്ക് വൻ തിരിച്ചടി, ആമസോണിലെ പ്രധാന വില്‍പനക്കാർ പ്രവര്‍ത്തനം നിർത്തുന്നു


ഇന്ത്യയിലെ ഓണ്‍ലൈന്‍ ഉപഭോക്താക്കൾക്ക് കടുത്ത ആഘാതമേല്‍പ്പിച്ച് ആമസോണിന്റെ പ്രധാന വിൽപനക്കാരായ 'ക്ലൗഡ്‌ടെയിൽ' പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ തീരുമാനിച്ചു. ആമസോണും ഇന്ത്യന്‍ കമ്പനിയായ കാറ്റമരനും ചേര്‍ന്നു സ്ഥാപിച്ച കമ്പനിയാണ് ക്ലൗഡ്‌ടെയില്‍. ആമസോണിലെ മറ്റു വില്‍പനക്കാര്‍ക്കിടയില്‍ ഈ കമ്പനിയോട് കൂടുതല്‍ പക്ഷപാതം കാണിക്കുന്നുവെന്ന ആരോപണം വര്‍ഷങ്ങളായി നിലനില്‍ക്കുന്നുണ്ട്. 2022 മെയ് 19 നാണ് ആമസോണും ക്ലൗഡ്‌ടെയിലും തമ്മിലുള്ള കരാര്‍ പുതുക്കേണ്ടത്. ഇനി കാരാര്‍ പുതുക്കേണ്ടെന്നാണ് ഇപ്പോഴത്തെ തീരുമാനം.

ക്ലൗഡ്‌ടെയില്‍ വഴി വിറ്റിരുന്ന ഉല്‍പന്നങ്ങള്‍ക്കു നല്‍കിവന്ന ഡിസ്‌കൗണ്ട് പ്രാദേശിക കടകള്‍ക്കും മറ്റും കടുത്ത വെല്ലുവിളി ഉയര്‍ത്തിയിരുന്നു. ഇതേത്തുടര്‍ന്ന് ആമസോണിനെതിരെ പരാതികളുടെ പ്രവാഹമായിരുന്നു. റോയിട്ടേഴ്‌സ് നടത്തിയ അന്വേഷണത്തില്‍ ആമസോണ്‍ ക്ലൗഡ്‌ടെയിലിന് പക്ഷപാതപരമായ പരിഗണന നല്‍കി വരികയായിരുന്നു എന്നും കണ്ടെത്തിയിരുന്നു.പ്രാദേശിക കടക്കാര്‍ ഒരു ഉല്‍പന്നത്തിന്റെ എംആര്‍പി ചോദിച്ചു വാങ്ങുമ്പോള്‍ ഓണ്‍ലൈന്‍ വ്യാപാര സ്ഥാപനങ്ങള്‍ എങ്ങനെയാണ് ഇത്രയധികം ഇളവു നല്‍കുന്നതെന്നത് പലരുടെയും സംശയമാണ്. ബള്‍ക്ക് പര്‍ച്ചെയ്‌സ് (ഒന്നിച്ചു വാങ്ങുക) ആണ് ഇതിന്റെ രഹസ്യങ്ങളില്‍ ഒന്ന്. ഒരു കമ്പനി അവരുടെ ഉൽപന്നം പതിനായിരക്കണക്കിനും ലക്ഷക്കണക്കിനും എണ്ണം ഒരുമിച്ചു വാങ്ങുന്നവര്‍ക്ക് വളരെയധികം വില കുറച്ചു നല്‍കും.

ആമസോണും ഫ്‌ളിപ്കാര്‍ട്ടും പോലെയുള്ള കമ്പനികള്‍ ഇതുപോലെ ധാരാളമായി വാങ്ങി വില കുറച്ചു വില്‍ക്കുകയാണ് ചെയ്യുന്നത്.മറ്റൊന്ന് 'മാക്‌സിമം റീട്ടെയില്‍ പ്രൈസ്' അഥവാ എംആര്‍പി എന്ന സങ്കല്‍പമാണ്. എംആര്‍പിയ്ക്കു മുൻപ് രാജ്യത്ത് നിലനിന്നിരുന്നത് 'പ്രാദേശിക നികുതികള്‍ പുറമെ' എന്ന രീതിയായിരുന്നു. ഉദാഹരണം പറഞ്ഞാല്‍ അക്കാലത്ത് ഒരു ടിവിക്ക് 10,000 രൂപ വിലയും ലോക്കല്‍ ടാക്‌സ്എക്ട്രായും ആയിരുന്നു ഉല്‍പന്നം വാങ്ങുന്നവർ നല്‍കേണ്ടിയിരുന്നത്. ഇതേ ഉല്‍പന്നത്തിന് പിന്നീട് 15,000 രൂപ എംആര്‍പി എന്ന് പ്രിന്റു ചെയ്തു വരാന്‍ തുടങ്ങി. കച്ചവടക്കാരനു യഥേഷ്ടം ലാഭമെടുക്കാനുള്ള അവസരമാണ് ഒരുങ്ങിയത്. പിന്നീട് സുപ്രീംകോടതി നടത്തിയ വിധിയിലും എംആര്‍പി അന്തിമ വിലയായി സ്വീകരിക്കേണ്ടെന്നു പറയുകയുണ്ടായി. ഉപയോക്താവിന് വിലപേശാനുള്ള അനുമതിയുണ്ടെന്നായിരുന്നു കോടതി പറഞ്ഞത്. ആമസോണും ഫ്‌ളിപ്കാര്‍ട്ടും ഇടനിലക്കാരായി എത്തിയപ്പോള്‍ ബള്‍ക്ക് പര്‍ച്ചെയ്‌സിങ്ങും എംആര്‍പി സങ്കല്‍പവും പൊളിച്ചെഴുതുകയായിരുന്നു. ഇതിന്റെ ഗുണഭോക്താക്കള്‍ സാധാരണ വാങ്ങലുകാരുമായിരുന്നു.ഇന്ത്യയിലെ നിയമപ്രകാരം വിദേശ കമ്പനികളായ ആമസോണിനോ ഫ്‌ളിപ്കാര്‍ട്ടിനോ രാജ്യത്ത് നേരിട്ടു വില്‍ക്കാന്‍ അധികാരമില്ല. മറിച്ച് അവരുടേത് ഒരു മാര്‍ക്കറ്റ് പ്ലെയ്‌സ് ആണ്. മറ്റു കച്ചവടക്കാര്‍ക്ക് വില്‍ക്കാന്‍ ഒരു വേദി നല്‍കുകാന്‍ മാത്രമാണ് അനുമതി. ഈ നിയമം ആമസോണ്‍ ക്ലൗഡ്‌ടെയില്‍ വഴി മറികടന്നു എന്നാണ് കമ്പനിക്കെതിരെയുള്ള ആരോപണം.

ഇത് തെളിയിക്കപ്പെട്ടാല്‍ കടുത്ത നടപടികള്‍ നേരിടേണ്ടതായും വരും.ആമസോണ്‍ പരസ്യ പ്രസ്താവനകളില്‍ ക്ലൗഡ്‌ടെയിലിനെ സ്വതന്ത്ര വില്‍പനക്കാരനായി ചിത്രീകരിച്ചിരുന്നെങ്കിലും കമ്പനിക്കുള്ളില്‍ നിന്നു റോയിട്ടേഴ്‌സിനു ലഭിച്ച രേഖകളില്‍ ആമസോണ്‍ ക്ലൗഡ്‌ടെയിലിന് വന്‍ പ്രാധാന്യം നല്‍കിയിരുന്നതായി കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് ആമസോണ്‍ ഇന്ത്യയില്‍ പ്രവര്‍ത്തനം അവസാനിപ്പിക്കണം എന്ന മുറവിളി ഉയര്‍ന്നത്. ആമസോണിലെ മറ്റു വില്‍പനക്കാരും പ്രാദേശിക കടക്കാരും വരെ ഈ ആവശ്യം ഉയര്‍ത്തിയിട്ടുണ്ട്. അപ്പാരിയോ എന്ന കമ്പനിക്കും ആമസോണ്‍ മുന്‍ഗണന നല്‍കിവന്നതായി കണ്ടെത്തിയിട്ടുണ്ട്. അപ്പാരിയോയുമായുള്ള ബന്ധം കമ്പനി തുടരുമോ എന്ന് ഇപ്പോള്‍ അറിയില്ലെന്നാണ് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടിൽ പറയുന്നത്.