ജമ്മു കശ്മീരിലെ പൂഞ്ചിൽ വീണ്ടും ഏറ്റുമുട്ടൽ; രണ്ട് സൈനികർക്ക് വീരമൃത്യു .

ജമ്മു കശ്മീരിലെ പൂഞ്ചിൽ വീണ്ടും ഏറ്റുമുട്ടൽ; രണ്ട് സൈനികർക്ക് വീരമൃത്യു .


 

 ജമ്മുകശ്മീരിൽ തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് സൈനികർക്ക് വീരമൃത്യു. വ്യാഴാഴ്ച രാത്രിയാണ് പൂഞ്ച് ജില്ലയിലെ മെന്തറിൽ നർഖാസ് വനത്തിനുള്ളിൽ ഏറ്റുമുട്ടൽ ഉണ്ടായത്. ജൂനിയർ കമ്മീഷൻ ഒഫീസറും ഒരു ജവാനുമാണ് കൊല്ലപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ ഇരുവരും വൈകാതെ മരണത്തിന് കീഴടങ്ങുകയായിരുന്നു.

സംയുക്ത ഓപ്പറേഷനുവേണ്ടിയാണ് സൈനികർ മേഖലയിലെത്തിയതെന്നാണ് റിപ്പോർട്ടുകൾ. വ്യാഴാഴ്ച വൈകുന്നേരം മുതൽ തീവ്രവാദികളുമായി കനത്ത ഏറ്റമുട്ടലാണ് മേഖലയിൽ നടക്കുന്നത്. വെടിവെപ്പ് രൂക്ഷമായതോടെ രജോരി-പൂഞ്ച് ദേശീയ പാത താല്ക്കാലികമായി അടച്ചിരുന്നു. ഓപ്പറേഷൻ ഇപ്പോഴും തുടരുന്നതായി സൈന്യം പ്രസ്താവനയിൽ അറിയിച്ചു.

പൂഞ്ച് ജില്ലയിൽ തിങ്കളാഴ്ച ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലം സ്വദേശിയായ വൈശാഖ് ഉൾപ്പെടെ അഞ്ച് സൈനികർ വീരമൃത്യു വരിച്ചിരുന്നു. ആയുധശേഖരവുമായി ഭീകരരുടെ സംഘം വനത്തിൽ ഒളിച്ചിരിക്കുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ സൈന്യം തിരച്ചിൽ നടത്തുന്നതിനിടെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. ഇതേ തീവ്രവാദികൾതന്നെയാണ് ഇന്നലത്തെ ആക്രമണത്തിനും പിന്നിലെന്നാണ് വിവരം.