കാത്തിരുന്ന കൺമണിയെത്തി', സൗഭാ​ഗ്യയ്ക്കും അർജുനും പെൺകുഞ്ഞ് പിറന്നു

കാത്തിരുന്ന കൺമണിയെത്തി', സൗഭാ​ഗ്യയ്ക്കും അർജുനും പെൺകുഞ്ഞ് പിറന്നു


പുതിയ അതിഥിയെ വരവേറ്റ് താരജോഡികളായ സൗഭാ​ഗ്യ വെങ്കിടേഷും അർജുനും. ആശുപത്രിയിൽ നിന്നുള്ള വിശേഷങ്ങളെല്ലാം സൗഭാ​ഗ്യയും അർജുനും കഴിഞ്ഞ ദിവസം മുതൽ സോഷ്യൽമീഡിയയിൽ പങ്കുവെക്കുന്നുണ്ട്. ആദ്യത്തെ പ്രസവമാണെന്നതിന്റെ ഭയമൊന്നുമില്ലാതെ ഭർത്താവിനും അമ്മയ്ക്കും ഒപ്പം ഫോട്ടോകൾ പകർത്തിയും റീൽസുകൾ ചെയ്തും നൃത്തം ചെയ്തുമെല്ലാമാണ് സൗഭാ​ഗ്യ ​ഗർഭകാലം ആഘോഷമാക്കിയത്.

അഭിനേത്രിയും സൗഭാ​ഗ്യയുടെ അമ്മയുമായ താര കല്യാണും സൗഭാ​ഗ്യയ്ക്ക് എല്ലാ പിന്തുണയുമായി ഒപ്പമുണ്ടായിരുന്നു. സൗഭാ​ഗ്യയ്ക്കും അർജുനും പെൺകുഞ്ഞാണ് പിറന്നിരിക്കുന്നത്. അർജുനാണ് മകൾ പിറന്ന സന്തോഷം സോഷ്യൽമീഡിയ വഴി പങ്കുവെച്ചത്. ഗര്‍ഭകാലത്തിന്റെ അസ്വസ്ഥകളിലും അതിനെ മറികടന്ന് ​ഗർഭകാലം ആസ്വദിക്കുന്ന സൗഭാ​ഗ്യ വെങ്കിടേഷിന്റെ വീഡിയോ മുമ്പും വൈറലായിട്ടുണ്ട്. ഒപ്പം കൂട്ടാനായി എല്ലാ പിന്തുണയും നൽകി അർജുനും ഒപ്പമുണ്ടാകാറുണ്ട്. ആശുപത്രിയിലേക്ക് യാത്ര പുറപ്പെടും മുമ്പും നിറവയറിൽ സൗഭാ​ഗ്യ നൃത്തം ചെയ്യുന്ന വീഡിയോ സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരുന്നു. അമ്മയ്ക്കും ഭർത്താവ് അർജുനും ഒപ്പമുള്ള ഫോട്ടോകളും സൗഭാ​ഗ്യ പങ്കുവെച്ചിരുന്നു. 'നാളെ മുതൽ ഓരോ നിമിഷവും അമ്മയെ പോലെ ആകാൻ ഞാൻ ശ്രമിക്കും' എന്നാണ് താര കല്യാണിനൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച് സൗഭാ​ഗ്യ കുറിച്ചത്. 'എന്റെ ജീവിതത്തിലേക്ക് വന്നതിന് നന്ദി. ഒപ്പം നിന്നെപോലെ ശുദ്ധമായ ആത്മാവുള്ള ഒരാൾക്ക് ജീവൻ നൽകാൻ എന്നെ സഹായിക്കുകയും ചെയ്തതിന് നന്ദി' എന്നാണ് അർജുനൊപ്പമുള്ള ഏറ്റവും പുതിയ ചിത്രം പങ്കുവെച്ച് സൗഭാ​ഗ്യ കുറിച്ചത്.