ഭാരത് ജോഡോ യാത്ര അവസാന ഘട്ടത്തിലേക്ക്.
ഡല്‍ഹി: ഭാരത് ജോഡോ യാത്ര അവസാന ഘട്ടത്തിലേക്ക്. 9 ദിവസത്തെ ഇടവേളക്ക് ശേഷം ഡല്‍ഹിയില്‍ നിന്ന് യാത്ര ഇന്ന് പുനരാരംഭിക്കും. രാഹുല്‍ ഗാന്ധിയുടെ സുരക്ഷ വര്‍ധിപ്പിക്കാന്‍ ഡല്‍ഹി പൊലീസ് തീരുമാനിച്ചു. ഡല്‍ഹി കശ്മീരി ഗേറ്റിലെ ഹനുമാന് ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയാണ് രാഹുല്‍ ഗാന്ധി യാത്ര ആരംഭിക്കുക. 2020 ല്‍ കലാപമുണ്ടായ വടക്ക് കിഴക്കന്‍ ഡല്‍ഹിയിലെ സീലംപൂര്‍, മോജ് പൂര്, ഗോകുല്‍പുരി വഴി ഉത്തര്‍പ്രദേശിലേക്ക് പ്രവേശിക്കും. ഗോകുല്‍ പുരിക്ക് സമീപം വച്ച് ഉത്തര്‍പ്രദേശ് പി.സി.സി ജോഡോ യാത്രയെ സ്വീകരിക്കും.
ഡല്‍ഹിയില്‍ സുരക്ഷ വീഴ്ച ഉണ്ടായി എന്ന് കോണ്‍ഗ്രസ് ആരോപിച്ച പശ്ചാത്തലത്തില്‍ രാഹുല്‍ ഗാന്ധിക്ക് ചുറ്റും സുരക്ഷ വര്‍ധിപ്പിക്കാന്‍ പൊലീസ് തീരുമാനിച്ചു. രാഹുല്‍ ഗാന്ധിക്കടുത്തേക്ക് അനധികൃതമായി ആരും എത്താതിരിക്കാന്‍ പ്രത്യേക വലയം തീര്‍ക്കും.
സുരക്ഷ വീഴ്ച സംബന്ധിച്ച് രണ്ട് തവണ പരാതി നല്‍കിയിട്ടും കേന്ദ്ര സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കുകയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.ആരോപിച്ചു. ഇന്ന് ഉച്ചയോടെ ഉത്തര്‍ പ്രദേശില്‍ പ്രവേശിക്കുന്ന യാത്ര വരും ദിവസങ്ങളില്‍ ഹരിയാനയും പഞ്ചാബും പിന്നിട്ട് ജമ്മു കാശ്മീരില്‍ എത്തും. ഈ മാസം 30 ന് ശ്രീനഗറിലാണ് ജോഡോ യാത്രയുടെ സമാപനം.