കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസ്: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ വെറുതെവിട്ടു.

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസ്:  ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ വെറുതെവിട്ടു.


കോട്ടയം: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കുറ്റവിമുക്തന്‍. കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ജി.ഗോപകുമാറാണ് വിധി പ്രസ്താവിച്ചത്. ഫ്രാങ്കോയ്‌ക്കെതിരേ ചുമത്തിയ കുറ്റങ്ങളൊന്നും തെളിയിക്കാന്‍ പ്രോസിക്യൂഷനായില്ല. അതിനാല്‍ ഫ്രാങ്കോയെ വെറുതെവിടുകയാണെന്ന് കോടതി വ്യക്തമാക്കി. വിധി കേള്‍ക്കാന്‍ ബിഷപ്പും കോടതിയില്‍ എത്തിയിരുന്നു. കോടതിക്കും പുറത്തും കനത്ത സുരക്ഷയാണ് പോലീസ് ഒരുക്കിയിരുന്നത്. 105 ദിവസത്തെ വിസ്താരത്തിന് ശേഷമാണ് കേസില്‍ വിധി വന്നത്. കത്തോലിക്ക സഭയുടെ ചരിത്രത്തില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച ഏറെ വിവാദങ്ങള്‍ക്ക് ഇടവരുത്തിയ കേസിന്റെ വിധിയാണ് ഇത്.

കുറവിലങ്ങാട്ടെ മിഷനറീസ് ഓഫ് ജീസസ് മഠത്തില്‍ വച്ച്‌ 2014 മുതല്‍ 2016 വരെയുള്ള കാലയളവില്‍ കന്യാസ്ത്രീയെ ബിഷപ്പ് ഫ്രാങ്കോ ബലാത്സംഗം ചെയ്‌തെന്നാണ് കേസ്. ജലന്ധര്‍ ബിഷപ്പായിരുന്ന ഫ്രാങ്കോയെ അറസ്റ്റ് ചെയ്യാന്‍ വൈകിയതിലും കേസില്‍ കുറ്റപത്രം വൈകിയതിലും പ്രതിഷേധം തെരുവിലേക്കുവരെ എത്തപ്പെട്ട കേസാണിത്. കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രത്യക്ഷ സമരവുമായി ഹൈക്കോടതി കവാടം വരെയത്തുകയുണ്ടായി. മേജര്‍ ആര്‍ച്ച്‌ ബിഷപ്പ് ജോര്‍ജ് ആലഞ്ചേരി ഉള്‍പ്പെടെ നാല് ബിഷപ്പുമാരും 25 കന്യാസ്ത്രീകള്‍, 11 വൈദികര്‍, രഹസ്യമൊഴിയെടുത്ത 7 മജിസ്‌ട്രേറ്റുമാര്‍, വൈദ്യപരിശോധന നടത്തിയ ഡോക്ടര്‍ തുടങ്ങിയവരെല്ലാം വിസ്തരിക്കപ്പെട്ടു. 83 സാക്ഷികളില്‍ വിസ്തരിച്ച 39 പേരും പ്രോസിക്യൂഷന് അനുകൂല നിലപാട് കൈക്കൊണ്ടെന്ന പ്രത്യേകതയും ഈ കേസിനുണ്ട്. പ്രതിഭാഗത്ത് നിന്ന് വിസ്തരിച്ചത് ആറ് സാക്ഷികളെയാണ്. 122 പ്രമാണങ്ങള്‍ കോടതിയില്‍ ഹാജരാക്കി. നീതി കിട്ടുമെന്ന പ്രതീക്ഷയിലാണ് തങ്ങളെന്ന് പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം കൊടുത്ത സേവ് ഔര്‍ സിസ്‌റ്റേഴ്‌സ് കൂട്ടായ്മ അഭിപ്രായപ്പട്ടു.

ബലാത്സംഗം, അന്യായമായി തടവില്‍ വയ്ക്കല്‍, അധികാരം ഉപയോഗിച്ച്‌ സ്ത്രീയെ ലൈംഗികമായി പീഡിപ്പിക്കല്‍ ഉള്‍പ്പടെ ഏഴ് വകുപ്പുകളാണ് ബിഷപ്പിനെതിരെ ചുമത്തിയിരിക്കുന്നത്. വൈക്കം ഡിവൈഎസ്പി ആയിരുന്ന കെ. സുഭാഷായിരുന്നു അന്വേഷണ ഉദ്യോഗസ്ഥന്‍. നാലു മാസത്തോളം നീണ്ട അന്വേഷണത്തിനൊടുവില്‍ 2018 സെപ്റ്റംബര്‍ 21നാണ് ഫ്രാങ്കോ അറസ്റ്റിലായത്. അടച്ചിട്ട കോടതി മുറിയിലായിരുന്നു വിചാരണ നടപടികള്‍. അഡ്വ. ജിതേഷ് ജെ. ബാബുവാണ് പബ്ലിക് പ്രോസിക്യൂട്ടര്‍.