ചൈനയ്‌ക്കൊരു ആപ്പ് ഇന്ത്യ വക

മനു മോഹനൻ, സാമൂഹിക രാഷ്ട്രീയ നിരീക്ഷകൻ

ചൈനയ്‌ക്കൊരു ആപ്പ് ഇന്ത്യ വക


കുറച്ചേറെ നാളുകളായി ഇന്ത്യ ചൈന നയതന്ത്രബന്ധം അത്ര സുഖകരമായിട്ടല്ല പോകുന്നത് എന്ന് പത്രം വായിക്കുന്ന ഏതൊരു വ്യക്തിക്കുമായിരമെന്നിരിക്കെ, സ്ഥിതിഗതികൾ ദിനംപ്രതി വഷളായിക്കൊണ്ടിരിക്കുന്നു എന്നത് വളരെ ഉത്കണ്ഠയോടെയാണ് നാമെല്ലാവരും നോക്കികാണുന്നത്. ഒരു ഘട്ടത്തിൽ യുദ്ധം പൊട്ടിപുറപ്പെടാനുള്ള മുന്നൊരുക്കങ്ങൾ പോലും അതിർത്തിപ്രദേശങ്ങളിൽ നടക്കുന്നതും ചങ്കിടിപ്പോടെ തന്നെ നാം മാധ്യമതാളുകളിൽ വായിക്കുകയുണ്ടായി. കാര്യങ്ങൾ ഏറെക്കുറെ രണ്ടു രാജ്യങ്ങളുടെയും നയതന്ത്രതലത്തിൽ നിന്നും കൈവിട്ട അവസ്ഥയിലെത്തി എന്ന് പറയാതെ വയ്യ. ഇങ്ങനെ ആകെ കലുഷിതമായ അവസ്ഥയിൽ ചൈനയുടെ ചതിക്കുഴികൾ നേരിട്ടറിവുള്ള ഏതൊരു രാജ്യവും ചെയ്യുന്നത് പോലെ തന്നെ ഇന്ത്യ മഹാരാജ്യവും ഒരു മുൻകരുതൽ നടപടി പ്രാബല്യത്തിൽ കൊണ്ട് വരികയുണ്ടായി. ഇന്ത്യയുൾപ്പടെ പല വികസിതരാഷ്ട്രങ്ങളെയും കേന്ദ്രികരിച്ചു ചാരപ്രവർത്തനം നടത്തിയിരുന്ന അൻപത്തി ഒമ്പതോളം മൊബൈൽ ആപ്പ്ളിക്കേഷനുകൾ ഭാരതസർക്കാർ നിരോധിച്ചു കൊണ്ട് അതിന്റെ തറക്കലിട്ടു എന്ന് തന്നെ പറയാം.

നിരോധിച്ച അപ്പുകളിൽ പ്രസിദ്ധമായ ടിക്ക് ടോക്കും ഹലോയും വീചാറ്റും പോലെയുള്ള സാമൂഹികമാധ്യമങ്ങളും ഉണ്ട് എന്നുള്ളത് ഏറെക്കുറെ നല്ലൊരുശതമാനം ഇന്ത്യൻ യുവത്വത്തെയും നിരാശരാക്കുന്നുണ്ട് എന്ന് ചിന്തിക്കാതെ തരമില്ല. വീട്ടിൽ ഈച്ചയടിച്ചിരുന്ന പലരെയും ലോകം കണ്ടതും പാടിപുകഴ്ത്തിയതും കൂവിവിളിച്ചതുമെല്ലാം ഇതേ മാധ്യമങ്ങളിലൂടെയായിരുന്നു. പലവിധ വേഷം കെട്ടിയും കോപ്രായം കാണിച്ചും ഒരു രാജ്യത്തെ യുവതലമുറയെ ഏതാണ്ട് മുഴുവനായി തന്നെ വിഡ്ഢികളാക്കി മാറ്റിയത് മേല്പറഞ്ഞ ചൈനീസ് സാമൂഹികമാധ്യമങ്ങളാണുള്ളത് വാസ്തവം. ഒരു സാമൂഹിക മാധ്യമമെന്ന നിലയിൽ ഒരു വിനോദോപാധി മാത്രമാകേണ്ടിയിരുന്ന ഈ ആപ്പ്ളിക്കേഷനുകളൊക്കെ തന്നെയും ഉപഭോക്താവിൻറെ ഉപകരണത്തിൽ കടന്നുകൂടി വ്യക്തിഗത വിവരങ്ങൾ ചോർത്തുന്ന ചാരവൃത്തി ചെയ്യാനുള്ള ഉപാധികളായിട്ടാണ് ചൈനീസ് ഭരണകൂടത്തിൻറെ ആശീർവാദത്തോടെ അതാതു സ്ഥാപനങ്ങൾ ഉപയോഗിച്ച് പോരുന്നത്. ഇത് ഇന്നും ഇന്നലെയും തുടങ്ങിയ കാര്യമല്ല എന്നുള്ളതാണ് ഞെട്ടിക്കുന്ന മറ്റൊരു വിവരം. കഴിഞ്ഞ കുറെ വർഷങ്ങളായി ഈ ആപ്പ്ളിക്കേഷനുകളൊക്കെ ഇത് തന്നെയാണ് ചെയ്യുന്നത്. അമേരിക്കൻ സാമ്രാജ്യത്വ ശക്തികളായ വിസ എലെക്ട്രോണും മാസ്റ്റർകാർഡുമൊക്കെ ഇന്ത്യക്കാരുടെ വിവരങ്ങൾ കൊണ്ടുപോകുന്നെന്നു പറഞ്ഞു മുറവിളി കൂട്ടിയവരെയൊന്നും ഈ വിഷയത്തിൽ പ്രതികരിക്കാൻ കാണാനില്ല എന്നുള്ളത് വിരോധാഭാസപരം എന്നല്ലാതെ എന്ത് പറയാൻ.

എന്തൊക്കെയായാലും നിരോധിച്ച അപ്പുകളൊന്നും തന്നെ ഇന്ത്യൻ ജനതക്ക് ഉപകാരത്തിനു കൊള്ളിച്ചിരുന്നില്ല എന്നുള്ളത് മനസ്സിലാക്കുമ്പോൾ തന്നെ, ഈ പട്ടികയിൽ കാണാത്ത എന്നാൽ ചൈന നിർമിതമായ കൗമാരക്കാരായ കുട്ടികളുടെയുള്ളിൽ പ്രതികാരദാഹവും അധമവികാരങ്ങളും കൊണ്ട് നിറയ്ക്കുന്ന ഒരു അപ്പ്ലിക്കേഷനെ കുറിച്ച പറയാതെ തരമില്ല. ലോകജനതയുടെ നല്ലൊരുശതമാനം കൗമാരക്കാരും ഇന്ന് അടിമപ്പെട്ടു പോയ ഒരു ഗെയിമിംഗ് പ്ലാറ്റഫോമിനെ കുറിച്ച തന്നെയാണ് അത്, അതെ പബ്‌ജി തന്നെ. കൗമാരത്തിലേക്ക് കാലെടുത്തു വയ്ക്കുന്ന കുട്ടികളൊക്കെ തന്നെയും ഈ ഗെയിമിന് അടിമകളാണെന്നു പറയാം. തോക്കും ബോംബും ഉപയോഗിച്ച് എതിരാളിയെ നേരിടുന്ന ഗെയിമുകൾ പണ്ടുകാലം തൊട്ടേ ഉണ്ട്. പക്ഷെ അതിൽ നിന്നും വളരെ മുൻപോട്ട് പോയിരിക്കുന്നു പബ്‌ജി. കൂടെ നിൽക്കുന്ന  കൂട്ടുകാരനെ എതിരാളിയാക്കി തത്സമയ ശബ്ദമിശ്രിത സംഭാഷണങ്ങളോടെ കൂട്ടുകാരന്റെ നെഞ്ചിലേക്ക് നിറയൊഴിക്കുന്ന ബാല്യം, അഥവാ കൗമാരം. അതാണ് പബ്‌ജി കളി. എവിടെച്ചെന്നു നിൽക്കുമെന്ന് ആലോചിച്ചു നോക്കൂ ഈ കൗമാരജനത യുവജനതയാവുമ്പോൾ? എന്തുകൊണ്ട് ഈ ഗെയിമിന് ഇന്ത്യയിൽ നിരോധിക്കുന്നില്ല എന്നുള്ളത് വളരെ ആശങ്കാജനകമാണെന്നു പറയാതെ വയ്യ.

ഇനിയും പുതിയ പേരുകളിൽ പുതിയ ഭാവത്തിൽ ചൈനയുടെ അക്ഷയപാത്രത്തിൽ നിന്നും അപ്പ്ലിക്കേഷനുകളും ഗെയിമുകളുമൊക്കെ ഇതിലും ഭീകരമാംവിധം വരുമെന്ന് നമുക്ക് മനസിലാക്കാം. സ്വയം കരുതാം നമുക്ക് നാടിൻറെ നന്മയ്ക്കായി.

 

(സാമൂഹിക രാഷ്ട്രീയ നിരീക്ഷകനും, സ്വതന്ത്ര സാമൂഹിക മനഃശാസ്ത്ര വിദഗ്ദ്ധനുമാണ്   ലേഖകൻ)