സിറ്റി ഗ്യാസ് പദ്ധതി : സംസ്ഥാനത്തെ ആദ്യ എല്‍സിഎന്‍ജി പ്ലാന്റുകള്‍ കൊച്ചുവേളിയിലും ചേര്‍ത്തലയിലും തുറന്നു.

സിറ്റി ഗ്യാസ് പദ്ധതി : സംസ്ഥാനത്തെ ആദ്യ എല്‍സിഎന്‍ജി പ്ലാന്റുകള്‍ കൊച്ചുവേളിയിലും ചേര്‍ത്തലയിലും തുറന്നു.


തിരുവനന്തപുരം: സംസ്ഥാനത്തെ ആദ്യ ലിക്വിഫൈഡ് കംപ്രസ്ഡ് നാച്വറല്‍ ഗ്യാസ് പ്ലാന്റുകള്‍ പ്രവര്‍ത്തനം ആരംഭിച്ചു. തിരുവനന്തപുരം കൊച്ചുവേളിയിലും ആലപ്പുഴ ചേര്‍ത്തലയിലുമാണ്‌ പ്ലാന്റുകള്‍. ഇതുവഴി തിരുവനന്തപുരം, ആലപ്പുഴ, കൊല്ലം ജില്ലകളില്‍ വ്യാവസായിക ആവശ്യത്തിനും ഗാര്‍ഹിക ഉപഭോഗത്തിനും എല്‍സിഎന്‍ജി വിതരണം ചെയ്യാനാകും. ആദ്യഘട്ടത്തില്‍ 30,000 വീടുകളിലും 150ഓളം വ്യവസായ, വാണിജ്യ യൂണിറ്റുകളിലും ദ്രവീകൃത ഇന്ധനം പൈപ്പ്‌ലൈനിലൂടെ എത്തും. സിറ്റി ഗ്യാസ് പദ്ധതിയുടെ ഭാഗമായി എജി ആന്‍ഡ് പി പ്രഥം ആരംഭിച്ച പ്ലാന്റുകളുടെ ഉദ്‌ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു.

ദിവസം 200 ടണ്‍ ശേഷിയുള്ള സ്റ്റേഷനുകളാണ് ആരംഭിച്ചത്‌. കൊച്ചുവേളി സ്റ്റേഷന്‍ തിരുവനന്തപുരത്തും കൊല്ലം ജില്ലയുടെ തെക്കന്‍ ഭാഗങ്ങളിലും ചേര്‍ത്തല സ്റ്റേഷന്‍ ആലപ്പുഴയിലും കൊല്ലം ജില്ലയുടെ വടക്കന്‍ പ്രദേശങ്ങളിലും ഗ്യാസ്‌ എത്തിക്കും.മലിനീകരണം കുറഞ്ഞതും ക്ഷമത കൂടിയതും ചെലവു കുറഞ്ഞതുമാണ്‌ ദ്രവീകൃത പ്രകൃതി വാതകം. കൊച്ചുവേളി സ്റ്റേഷന്‍ 9,500 വാഹനങ്ങള്‍ക്കും 80,000 വീടുകള്‍ക്കും 1000 വാണിജ്യ സ്ഥാപനങ്ങള്‍ക്കും പ്രയോജനകരമാകും. അഭിലേഷ് ഗുപ്ത, റീജിയണല്‍ ഹെഡ് രഞ്ജിത് രാമകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.