കോമഡി കപ്പിൾ

കോമഡിയും പ്രണയവും ഇഴചേർന്ന "കോമഡി കപ്പിൾ"

കോമഡി കപ്പിൾ


കുറച്ച് സ്റ്റാൻഡ് അപ്പ് കോമഡിയും അത് അവതരിപ്പിക്കുന്നവരുടെ ജീവിതത്തിലെ പ്രണയവും, പിണക്കങ്ങളുമെല്ലാം അവതരിപ്പിച്ചു കൊണ്ട് രണ്ട് മണിക്കൂറിനുള്ളിൽ അവസാസിക്കുന്ന ലളിതമായൊരു ഹിന്ദി ചിത്രമാണ് ഇന്ന് സീ5 ൽ സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്ന 'കോമഡി കപ്പിൾ'. നചികേത് സാമന്ത് സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിൽ സാക്കിബ് സലീം, ശ്വേത ബസു പ്രസാദ് എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തിയിരിക്കുന്നു.രാഘവ് കക്കർ - കശ്വപ് കപൂർ എന്നിവരുടെ തിരക്കഥയിൽ സരിഗമ ഇന്ത്യയുടെ ഭാഗമായ യൂഡ്ലി ഫിലിംസാണ് ചിത്രം നിർമ്മിച്ചിരികുന്നത്. ഡൽഹിയോട് ചേർന്നു കിടക്കുന്ന ഗുഡ്ഗാവ് (ഗുരുഗ്രാം) ആണ് ചിത്രത്തിൻ്റെ പശ്ചാത്തലം. സ്റ്റാൻഡ് അപ്പ് കോമഡി ഷോകൾക്ക് പ്രേക്ഷകർ ഏറെ ഉള്ളതിനാൽ പ്രധാന നഗരങ്ങളിലൊക്കെ ഇപ്പോൾ ഇത്തരം ഷോകൾ സർവ്വ സാധാരണമാണല്ലോ, അങ്ങനെയൊരു വേദിയിൽ നിന്നുമാണ് സിനിമ ആരംഭിക്കുന്നത്.ഇന്ത്യയിലെ സ്റ്റാൻഡ് അപ്പ് കോമഡി രംഗത്ത് ആദ്യമായി ഒന്നിച്ച് പ്രോഗ്രാം അവതരിപ്പിക്കുന്ന കപ്പിൾ എന്ന വിശേഷണത്തോടെ സ്റ്റേജിൽ നായകൻ ദീപ് ശർമ്മയും, നായിക സോയ ബത്രയും എൻട്രി ചെയ്യുകയാണ്. കോമഡിയിൽ താൽപ്പര്യമുള്ള ഇരുവരും പക്ഷെ ആദ്യമായാണ് ലൈവ് പ്രേക്ഷകർക്ക് മുന്നിൽ പ്രോഗ്രാം ചെയ്യുന്നത്. കോമഡിക്കൊപ്പം ഇരുവരുടേയും കെമസ്ട്രിയുടേയും പിൻബലത്താൽ ഷോയിൽ 'കോമഡി കപ്പിൾ' താരമാകുകയും തുടർന്ന് നിരവധി ഷോകൾക്കുള്ള ബുക്കിംഗ് ലഭിക്കുകയും ചെയ്തു.


ദീപും സോയയും ലിവിംഗ് റിലേഷൻഷിപ്പിലായതിനാൽ ഇവർക്ക് വാടകയ്ക്ക് ഫ്ലാറ്റ് ലഭിക്കുന്നതിൽ ആ സ്റ്റാറ്റസ് തടസ്സമാകുന്നതാണ് പിന്നീട് കാണുന്നത്. വിവാഹിതരല്ലെന്ന് അറിഞ്ഞതിനാൽ ഓണർ ഇവരെ താമസിച്ചിരുന്ന ഫ്ലാറ്റിൽ നിന്നും പുറത്താക്കുകയായിരുന്നു. പുതിയ ഫ്ലാറ്റ് ലഭിക്കുന്നതിന് വേണ്ടി ദീപിൻ്റെ നിർബന്ധത്താൽ വ്യാജ വിവാഹരേഖ ഉണ്ടാക്കാൻ സോയയും സമ്മതിച്ചെങ്കിലും, കാര്യം നടക്കാൻ വേണ്ടി നിരവധി കള്ളങ്ങൾ പറയുന്ന ദീപിൻ്റെ സ്വഭാവം തുടർന്നങ്ങോട്ട് ഇവർക്കിടയിൽ കല്ലുകടിയാകുന്നു.ട്ടുകാരെക്കുറിച്ച് തന്നോടും ദീപ് നുണകളായിരുന്നു പറഞ്ഞതെന്നറിയുന്ന ഘട്ടത്തിൽ 'കോമഡി കപ്പിൾ' ചെറുതായി സീരിയസായി മാറുകയാണ്. ദീപിൻ്റെയും സോയയുടേയും ബന്ധത്തിനിടയിലെ പ്രശ്നങ്ങൾ അവർക്ക് പരിഹരിക്കാനാകുമോ അതോ ഒരുമിച്ച് കോമഡി ഷോ അവതരിപ്പിക്കാൻ ആ കപ്പിളിന് കഴിയാതെ പോകുമോ എന്ന് ചിത്രം നേരിട്ട്കണ്ട് മനസ്സിലാക്കാവുന്നതാണ്. സീ5 റിലീസ് ചെയ്ത ട്രെയിലർ സൂചിപ്പിച്ചത് തന്നെയാണ് കോമഡി കപ്പിളിൽ കാണാൻ കഴിയുന്നതും. റിലേഷൻഷിപ്പിലെ മിസ്സ് അണ്ടർസ്റ്റാൻഡിംഗും തുടർന്നുള്ള പിണക്കങ്ങളും ഇണക്കങ്ങളുമായി എത്തിയിട്ടുള്ള ചിത്രങ്ങൾക്ക് കൈയ്യും കണക്കും ഇല്ല.
ഇതേ പാതയിലാണ് കോമഡി കപ്പിളും കടന്നുപോകുന്നതെങ്കിലും ആ യാത്രയുടെ രീതി ആസ്വദിക്കാൻ കഴിയും വിധമാണ്. കഥയുടെ സഞ്ചാരം ഏത് ദിശയിലേക്കാണെന്ന് വ്യക്തമായി അറിയാമെങ്കിലും കാഴ്ച്ചക്കാർക്ക് മടുപ്പുളവാക്കുന്നില്ല എന്നതാണ് ചിത്രത്തിൻ്റെ മെച്ചം. ഏയ്ച്ചുകെട്ടലുകളും, മറ്റ് മസ്സാലക്കൂട്ടുകളും ഒന്നുമില്ലാതെ ചിത്രം നീങ്ങുന്നത് സാക്കിബ് സലീം, ശ്വേത ബി പ്രസാദ് എന്നീ താരങ്ങളുടെ നിറഞ്ഞു നിൽക്കുന്ന സ്ക്രീൻ പ്രസൻസിലാണ്. വൂട്ട് വെബ്ബ് സീരീസ് ക്രാക്ക്ഡൗണിലെ ആക്ഷൻ ഹീറോയിൽ നിന്നും സാക്കിബ് സലീമിൻ്റെ വേറിട്ട മുഖമാണ് കോമഡി കപ്പിളിൽ കാണുന്നത്.

 

സാക്കിബും, ശ്വേതയും തങ്ങളുടെ വേഷങ്ങളോട് നൂറ് ശതമാനവും നീതി പുലർത്തിക്കൊണ്ടാണ് അഭിനയിച്ചിരിക്കുന്നത്. ഇരുവരുടേയും കെമിസ്ട്രി നന്നായി വർക്കൗട്ടാകുകയും ചെയ്തു. മറ്റ് താരങ്ങളിൽ ദീപിൻ്റെ അച്ഛൻ്റെ വേഷത്തിലെത്തിയ രാജേഷ് തയിലാങും ശ്രദ്ധ പിടിച്ചുപറ്റുന്നുണ്ടെങ്കിലും തിരക്കഥ നടന് കൂടുതൽ സ്വാതന്ത്രം നൽകിയിട്ടില്ല. ആദാർ മാലിക്ക് അവതരിപ്പിച്ച ദീപിൻ്റെ സുഹൃത്തിൻ്റെ വേഷവും പ്രേക്ഷകർക്ക് ആസ്വാദനത്തിനുള്ള വക സമ്മാനിക്കുന്നതായിരുന്നു. ഹാസ്യ രംഗങ്ങളും സംഭാഷണങ്ങളും ചിത്രത്തിലടങ്ങിയിട്ടുണ്ടെങ്കിലും സിനിമയിൽ ഉടനീളം അത് പ്രതീക്ഷിക്കരുത്.ചിത്രത്തിൻ്റെ തിരക്കഥ പൂർണ്ണമായും പ്രേക്ഷകരെ തൃപ്തിപ്പെടുത്തും വിധത്തിലല്ല. സ്റ്റാൻഡ് അപ്പ് കോമഡിയെ സിനിമയുമായി ബന്ധിപ്പിക്കുന്നതിൽ ചിത്രം വിജയിച്ചിട്ടുണ്ട്, പക്ഷെ ക്ലൈമാക്‌സിൽ കോമഡി പ്രോഗ്രാമിൻ്റെ കുറച്ചുകൂടി രസകരമായ രംഗങ്ങളുടെ കുറവ് ഫീൽ ചെയ്യുന്നു. സംവിധായകൻ പ്രധാന കഥാപാത്രങ്ങളുടെ തോൾ ബലത്തിൽ ചിത്രം ലളിതമായി ആദിമധ്യാന്തം ഒരുപോലെ കൈകാര്യം ചെയ്തിരിക്കുന്നുവെന്ന് പറയാം. ത്രില്ലടിപ്പിക്കുന്ന രംഗങ്ങളൊന്നും ഇല്ലാതെ പ്രേക്ഷകരെ ചിത്രത്തിനൊപ്പം കൊണ്ടുപോകാൻ കഴിയുന്നു എന്നതിൽ സംവിധായകൻ വിജയിച്ചിട്ടുണ്ട്.കഥാഗതിക്കനുസരിച്ചുള്ള രംഗമികവും ചിത്രത്തിനുണ്ടെങ്കിലും പല സന്ദർഭങ്ങളിലും ഗാനങ്ങൾ പ്രതീക്ഷക്കൊപ്പം എത്തിയില്ല. 'മുഡ് ചലെ' എന്ന് തുടങ്ങുന്ന ചിത്രത്തിലെ ഒരു ഗാനം ശ്രവണവുന്ദരവും ചിത്രത്തിലെ പ്രസ്ഥുത സന്ദർഭത്തിന് ചേരുംവിധം ഉള്ളതുമായിരുന്നു. മാർഗ്ഗമേതായാലും ലക്ഷ്യമാണ് പ്രധാന്യം എന്ന വാക്യം ജീവിതത്തിലേക്ക് കടമെടുത്തു കൊണ്ട് യുവ ജനത തങ്ങളുടെ ചെറുതും വലുതുമായ ആവശ്യങ്ങൾ നിറവേറ്റാൻ വളഞ്ഞ വഴികൾ തേടുന്നതും,

 

നുണകൾക്ക് മേൽ നുണകളുടെ കോട്ടകൾ തീർത്ത് സ്വയം അതിൽ ബന്ധിതരാകുന്നതുമാണ് കോമഡി കപ്പിൾ എന്ന ചിത്രവും മുന്നോട്ടു വെയ്ക്കുന്ന വിഷയങ്ങളിൽ പ്രധാനമായൊന്ന്.ആർക്കും ദോഷമില്ലത്ത ചെറിയ കള്ളങ്ങൾ പറയുന്നത് തെറ്റല്ല എന്നാണ് ഭൂരിഭാഗം പേർക്കും തോന്നാറുളളത്. നിസ്സാരമായ പല സത്യങ്ങളും തുറന്ന് പറഞ്ഞാൽ അടുത്ത ബന്ധങ്ങളടക്കം പലതും നമുക്ക് നഷ്ട്ടപ്പെടും എന്നുള്ള ന്യായങ്ങളും സ്ഥിരമായി കേൾക്കാറുള്ളതാണ്. ബന്ധങ്ങൾക്കിടയിൽ ഈ വ്യത്യാസങ്ങളൊക്കെ തിരിച്ചറിഞ്ഞ് എങ്ങനെ പരസ്പര വിശ്വാസം നിലനിർത്താമെന്ന് കാട്ടിത്തരുകയാണ് ചിത്രമിവിടെ.
ഗ്ലാമർ ലോകമായ ബോളിവുഡിലെ സ്ഥിരം മസാലകളിൽ നിന്നും വ്യത്യസ്ഥമായി പ്രണയവും ഹാസ്യവും ഇടകലർത്തിയ രസകരവും ലളിതവുമായ ഒരു ചിത്രം കാണാൻ താൽപ്പര്യമുള്ളവർക്ക് കോമഡി കപ്പിൾ നല്ലൊരു ഓപ്ഷനാണ്. ഡിജിറ്റൽ കണ്ടൻ്റുകളിൽ ശ്രദ്ധേയ സംഭാവനയാണ് സീ5-ഉം കാഴ്ച്ചവെച്ചുകൊണ്ടിരിക്കുന്നത്.