പിഎച്ച്ഡി പൂര്‍ത്തിയാക്കി: ചിന്ത ജെറോം ഇനി ഡോക്ടര്‍

പിഎച്ച്ഡി പൂര്‍ത്തിയാക്കി: ചിന്ത ജെറോം ഇനി ഡോക്ടര്‍


കേരള സര്‍വ്വകലാശാലയില്‍ നിന്നും ഇംഗ്ലീഷ് സാഹിത്യത്തില്‍ പിഎച്ച്ഡി കരസ്ഥമാക്കി യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്താ ജെറോം. കേരള സര്‍വ്വകലാശാല പ്രൊ വൈസ് ചാന്‍സലര്‍ ഡോ. പി.പി. അജയകുമാറിന്റെ മേല്‍നോട്ടത്തിലാണ് ഗവേഷണം പൂര്‍ത്തിയാക്കിയത്. 'നവലിബറല്‍ കാലഘട്ടത്തിലെ മലയാള കച്ചവട സിനിമയുടെ പ്രത്യയശാസ്ത്രം' എന്ന വിഷയത്തിലാണ് ചിന്താ ജെറോം ഗവേഷണ പ്രബന്ധം തയ്യാറാക്കിയത്.

യു.ജി.സിയുടെ ജൂനിയര്‍ റിസേര്‍ച്ച് ഫെലോഷിപ്പോടുകൂടിയാണ് (ജെ.ആര്‍.എഫ്) ചിന്താ ജെറോം ഗവേഷണം നടത്തിയിരുന്നത്. കൊല്ലം ഫാത്തിമ മാതാ നാഷണല്‍ കോളേജില്‍ നിന്നും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും കൊല്ലം കര്‍മ്മല റാണി ട്രെയിനിംഗ് കോളേജില്‍ നിന്നും ബി.എഡ്ഡും പൂര്‍ത്തിയാക്കിയ ശേഷമാണ് ഗവേഷണം ആരംഭിച്ചത്.കേരള സര്‍വ്വകലാശാലയിലെ ഇംഗ്ലീഷ് വിഭാഗം 'ഇന്‍സ്റ്റിട്യൂട്ട് ഓഫ് ഇംഗ്ലീഷില്‍' ഗവേഷണം നടത്തിയ ചിന്താ ജെറോം മുന്‍ കേരള സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് അംഗവും കെരള സര്‍വ്വകലാശാല യൂണിയന്‍ ചെയര്‍പേഴ്‌സണായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ചുംബനം, സമരം, ഇടതുപക്ഷം' , 'ചങ്കിലെ ചൈന' 'അതിശയപ്പത്ത്' എന്നീ മൂന്ന് കൃതികള്‍ രചിച്ചിട്ടുണ്ട്. എസ്.എഫ്.ഐ മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവുമായിരുന്ന ചിന്താ ജെറോം ഇപ്പോള്‍ ഡി.വൈ.എഫ്.ഐ കേന്ദ്ര കമ്മിറ്റി അംഗമായി പ്രവര്‍ത്തിക്കുന്നു.

വാര്ത്തകള് വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

വാര്ത്തകള് ടെലെഗ്രാമിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യൂ