കോവാക്‌സിൻ യുദ്ധം മുറുകുമ്പോൾ

മനു മോഹനൻ, സാമൂഹിക രാഷ്ട്രീയ നിരീക്ഷകൻ

കോവാക്‌സിൻ യുദ്ധം മുറുകുമ്പോൾ


ലോകജനതയാകമാനം ഭീകരമായ ഒരു സ്ഥിതിയിലായിരിക്കുമ്പോഴും, പിടിച്ചു കെട്ടാനാവാത്ത കൊറോണ മഹാമാരി ലോകമെമ്പാടും നടമാടുമ്പോഴും 'പാലം കുലുങ്ങിയാലും കേളൻ കുലുങ്ങില്ല' എന്ന അവസ്ഥയിലാണ് ലോകരാഷ്ട്രങ്ങളിലെ വമ്പന്മാർ പലതും. ഇവരുടെ കിടമത്സരങ്ങൾ ഒരറ്റും അറുതിയുമില്ലാതെ തുടർന്ന് പോരുന്നു. ഇന്ത്യ മാഹാരാജ്യവും ഈ കിടമത്സരത്തിനു ചുക്കാൻ പിടിക്കാൻ മുൻപന്തിയിലുണ്ടെന്നത് എടുത്തു പറയാതെ തരമില്ല. വമ്പന്മാർ കൊമ്പുകോർക്കുമ്പോൾ അതിനിടെ ചോര കുടിക്കാനായി പതിവുപോലെ ചൈനയും സുസജ്ജരായി രംഗത്തുണ്ടെന്നു എടുത്തു പറയേണ്ടതില്ല. ആകെയുള്ളൊരു സമാധാനം ഈ മത്സരങ്ങളെല്ലാം തന്നെ ലോകജനതക്ക് നന്മക്കാണല്ലോ എന്നു ഓർക്കുമ്പോൾ മാത്രമാണ്. പറഞ്ഞു വരുന്നത് കൊറോണ പ്രതിരോധത്തിനുള്ള വാക്‌സിൻ അഥവാ പ്രതിരോധ മരുന്നിന്റെ കണ്ടുപിടുത്തകാര്യം തന്നെയാണ്.

കഴിഞ്ഞ എട്ടൊമ്പത് മാസക്കാലത്തിലേറെയായി ലോകരാജ്യങ്ങളുടെയെല്ലാം തന്നെ ആരോഗ്യരംഗം പൊതുവെ വലിയ ഉഷാറിലാണ്. പൊടിപിടിച്ചു കിടന്ന പല ഗവേഷണ സാമഗ്രികളും ഭാരതീയ ചികിത്സ ഗവേഷണ സ്ഥാപനങ്ങളൊക്കെ തന്നെ പൊടിതട്ടിയെടുത്തു എന്നത് സ്തുത്യർഹമായ കാര്യമാണെന്ന് പറയാം. ഗവേഷിക്കാൻ കാര്യമായ വിഷയങ്ങളൊന്നും തന്നെ കഴിഞ്ഞ കുറെ കാലങ്ങളായി കിട്ടാതെയിരുന്ന ഗവേഷകർക്കൊക്കെ തന്നെ ഈ പുതിയ ഗവേഷണ വിഷയം, അതായതു കോറോണയുടെ വാക്‌സിൻ വികസനം 'ക്ഷ' ബോധിച്ചു ഇന്ന് തന്നെ മനസിലാക്കാം. മേലാളവൃന്ദം മുതൽ കീഴാളസമൂഹം വരെ, ഗവേഷണ വിഭാഗം മേധാവി മുതൽ ചായകൊണ്ട് കൊടുക്കുന്ന പിയൂണ് വരെ അവസരത്തിനൊത്തുയർന്ന് വളരെ കർമ്മോത്സുകരായി പ്രവർത്തിച്ചു എന്നത് കഴിഞ്ഞ ഓഗസ്റ്റ് പതിനഞ്ചിനു സ്വാതന്ത്ര്യ ദിനത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി സർവ്വശ്രീ നരേന്ദ്ര മോഡി ഇന്ത്യ വികസിപ്പിച്ച കോവിഡ് വാക്‌സിൻ ലോകത്തിനു സമർപ്പിച്ചതിൽ നിന്ന് തന്നെ മനസിലാക്കാം.

നമ്മുടെ വിഷയം അതല്ലലോ, വിഷയത്തിലേക്ക് വരാം. ഭാരതവും റഷ്യയും അമേരിക്കയും ഉൾപ്പടെ വികസിത വികസ്വര രാഷ്ട്രങ്ങളെല്ലാം തന്നെ ഏറെക്കുറെ ഒരേ സമയം തന്നെയാണ് കൊറോണ വാക്‌സിൻ വികസനശ്രമങ്ങളൊക്കെ തുടങ്ങി വെയ്ക്കുന്നത്, കുറേകൂടി കൃത്യമായി പറഞ്ഞാൽ ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ കൊറോണ മഹാമാരി ചൈന അതിർത്തി കടന്നു അതിന്റെ മാരകപ്രയാണം ആരംഭിച്ച സമയം തന്നെ. തുടക്കം മുതൽ കണ്ടു വന്നിരുന്ന മത്സരബുദ്ധി സർവാത്മനാ എല്ലാ രാഷ്ട്രങ്ങളും പരസ്പരം വളരെ ആരോഗ്യപരമായി തന്നെ കണ്ടിരുന്നു എന്ന് പറയാതെ വയ്യ. ഇതിനിടെ ഒരു ഘട്ടത്തിൽ 'ഇസ്രായേൽ ദാ ഇപ്പൊ വാക്‌സിൻ കണ്ടുപിടിച്ചു കഴിഞ്ഞു' എന്നൊക്കെ കുറെ ബൂർഷാ മാധ്യമങ്ങൾ തെറ്റിദ്ധരിപ്പിച്ചതൊഴിച്ചാൽ മറ്റെല്ലാകാര്യങ്ങളും സുഗമമായി തന്നെ മുൻപോട്ട് പോയി. ഇങ്ങനെയൊക്കെ പറഞ്ഞാലും അവാസാനഘട്ടമായപ്പോൾ റഷ്യക്ക് കുറച്ച ആവേശവും മത്സരബുദ്ധിയും കൂടിപ്പോയോ എന്ന് സംശയം തോന്നുന്നതിൽ തെറ്റ് പറയാൻ പറ്റില്ല. ഇന്ത്യൻ ഗവേഷണ സ്ഥാപനമായ ഐസിഎംആർ കോവാക്‌സിൻ വികസിപ്പിച്ചു എന്നും ഇന്ത്യൻ സ്വാതന്ത്ര്യദിനത്തിൽ അത് ലോകത്തിനായി സമർപ്പിക്കുമെന്നുമുള്ള വാർത്തകൾ വന്നു തുടങ്ങിയതോടെ റഷ്യൻ ഭരണസിരാകേന്ദ്രങ്ങൾ ചെറുതല്ലാത്ത സമ്മർദ്ദത്തിലായിരുന്നു. അങ്ങനെ വളരെ ദൃതിപെട്ടു പരീക്ഷണങ്ങളൊക്കെ പൂർത്തിയാക്കി നിയമവശങ്ങളൊക്കെ രാത്രിക്ക് രാത്രി വസൂലാക്കി ഓഗസ്റ്റ് പതിനൊന്നാം തീയതി റഷ്യൻ കോവിഡ് വാക്‌സിൻ 'സ്പുട്നിക് 5റഷ്യൻ പ്രസിഡന്റ് സാക്ഷാൽ വ്ലാദിമിർ പുചിൻ  ലോകത്തിനു സമർപ്പിച്ചു.

എന്തൊക്കെയായാലും 'കഥാന്ത്യം ശുഭം' എന്ന് തിരശീലയിൽ എഴുതികാണിക്കാനായിട്ടില്ല ഇത് വരെ. സിനിമ കഥകളിലെ പോലെ ഒരു 'ആന്റി-ക്ലൈമാക്സ്' ആവാനേ തരമുള്ളു ഈ കണ്ടുപിടുത്തം. ശരിക്കുള്ള ക്ലൈമാക്സ് തയ്യാറാക്കി നേരത്തെ വച്ചിട്ടുള്ളവർ ബാല്കണിയിൽ ഇരുന്നു ഈ തമാശപ്പടം കണ്ടു കോൾമയിർ കൊള്ളുന്ന വിവരം സാക്ഷാൽ സിജിങ് പിങിനും അദ്ദേഹത്തിന്റെ അനുചരന്മാർക്കും മാത്രമറിയാവുന്ന 'ഏറെക്കുറെ പരസ്യമായ രഹസ്യം'. കോറോണയെ കൂടുതുറന്നു വിട്ടവർക്കും അതിനെ തിരികെ കൂട്ടിൽ കയറ്റാൻ പരിശ്രമിക്കുന്നവർക്കും എല്ലാ വിധ ഭാവുകങ്ങളും നേർന്നു കൊണ്ട് തൽക്കാലം ശുഭം.

 

(സാമൂഹിക രാഷ്ട്രീയ നിരീക്ഷകനും, സ്വതന്ത്ര സാമൂഹിക മനഃശാസ്ത്ര വിദഗ്ദ്ധനുമാണ്   ലേഖകൻ)