കോവിഡ് നിയന്ത്രണത്തിനിടയിലും സിപിഎമ്മിന്റെ മെഗാ തിരുവാതിര; ഒന്നും കണ്ടില്ലെന്ന് നടിച്ച് പൊലീസ്.

കോവിഡ്  നിയന്ത്രണത്തിനിടയിലും  സിപിഎമ്മിന്റെ മെഗാ തിരുവാതിര; ഒന്നും കണ്ടില്ലെന്ന് നടിച്ച് പൊലീസ്.


തിരുവനന്തപുരം : സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് 502 പേര്‍ പങ്കെടുത്ത മെഗാ തിരുവാതിര അരങ്ങേറി. പൊളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു കോവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തിയുള്ള തിരുവാതിര കളി.

പാറശാലയില്‍ 14ന് തുടങ്ങുന്ന സിപിഎം ജില്ലാ സമ്മേളനത്തിന്‍റെ ഭാഗമായാണ് മെഗാ തിരുവാതിര നടത്തിയത്. ജനാധിപത്യ മഹിള അസോസിയേഷന്‍ പാറശാല ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പരിപാടി. പൊതുപരിപാടിയില്‍ 150 പേരില്‍ കൂടരുതെന്ന നിയന്ത്രണം നിലനില്‍ക്കെ 502 പേര്‍ തിരുവാതിര കളിയുടെ ഭാഗമായി. ചെറുവാരക്കോണം സിഎസ്ഐ സ്കൂള്‍ ഗ്രൗണ്ടില്‍ നടന്ന തിരുവാതിരയ്ക്ക് അത്രതന്നെ കാണികളുമെത്തി.എം.എ.ബേബിയെ കൂടാതെ, ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍, സി.കെ.ഹരീന്ദ്രന്‍ എംഎല്‍എ തുടങ്ങിയ നേതാക്കളും പരിപാടി കാണാനെത്തി. സര്‍ക്കാരിന്‍റെ ഭരണ നേട്ടങ്ങളും പാര്‍ട്ടി ചരിത്രവുമായിരുന്നു തിരുവാതിരകളിപ്പാട്ടിന്‍റെ പ്രമേയം. ഇടയ്ക്ക് സ്ഥലത്തെത്തിയ പൊലീസ് ജനക്കൂട്ടത്തെ കണ്ടില്ലെന്നു നടിച്ച് മടങ്ങി. സംസ്ഥാനത്ത് കോവിഡ് കണക്ക് കുതിച്ചുയര്‍ന്ന് 9066 ആയ ദിവസമായിരുന്നു ഇന്നലെ. ഇതില്‍ 2200 രോഗികളും തിരുവനന്തപുരത്താണ്.