തൻ്റെ അധ്യാപകനെക്കുറിച്ച് സംവിധായകനും ,എഴുത്തുകാരനുമായ എം. ആർ അജയൻ രഘു എഴുതിയ കുറിപ്പ് ശ്രദ്ധേയമാവുന്നു.

തൻ്റെ അധ്യാപകനെക്കുറിച്ച് സംവിധായകനും ,എഴുത്തുകാരനുമായ എം. ആർ അജയൻ രഘു എഴുതിയ കുറിപ്പ് ശ്രദ്ധേയമാവുന്നു.


എന്റെ അദ്ധ്യാപകനെക്കുറിച്ച് ഒരു ഓർമ്മക്കുറിപ്പ്-

ഇന്നലെ കാക്കനാട് മീഡിയ അക്കാദമിയിൽ പോയപ്പോഴാണ് എന്റെ ഒരു പഴയ സുഹൃത്തിനെ നാളുകൾക്കു ശേഷം അപ്രതീക്ഷിതമായി കണ്ടുമുട്ടിയത്. 

ഞങ്ങൾ പഠിച്ച കൊച്ചിൻ കോളേജും ഞങ്ങളെ ഞങ്ങളാക്കിയ അദ്ധ്യാപകരുമായിരുന്നു പ്രധാന ചർച്ചാ വിഷയം.

ഞാൻ കൊച്ചിൻ കോളേജിൽ പഠിക്കുന്ന കാലം .വർഷം 1982 - 1987.ഞാൻ പ്രീഡിഗ്രിയും ഡിഗ്രിയും കൊച്ചിൻ കോളേജിലായിരുന്നു പഠിച്ചിരുന്നത്.ഡിഗ്രിക്ക് പഠിക്കുന്ന കാലത്താണ് ഞാൻ എം സി ദിലീപ് കുമാർ എന്ന കോമേഴ്സ് അധ്യാപകനുമായി സൗഹൃദ ബന്ധം സ്ഥാപിച്ചത് .

ഞാൻ അന്ന് എസ് എഫ് ഐയുടെ യൂണിറ്റ് സെക്രട്ടറിയും 86 ൽ കോളേജ് യൂണിയൻ ജനറൽ സെക്രട്ടറിയുമാണ് .ഞങ്ങൾ വിരുദ്ധ രാഷ്ട്രീയ ചേരിയിലാണെങ്കിലും കോളേജിൽ ദിലീപ് കുമാർ സാർ വിദ്യാർഥികളെ തരംതിരിച്ചു കണ്ടിരുന്നില്ല. അന്നും ഉറച്ച കോൺഗ്രസ് ആശയങ്ങൾ ഉൾക്കൊള്ളുന്ന അദ്ദേഹം കോൺഗ്രസ് യോഗങ്ങളിൽ ക്ലാസ്സുകൾ എടുക്കുന്ന കാര്യം ഞങ്ങൾക്ക് അറിയാമായിരുന്നു.എന്നിട്ടും അദ്ദേഹത്തോട് പരിഭവമോ വിദ്വേഷമോ ഉണ്ടായില്ല .അതിനു കാരണം അന്ന് കൊച്ചിൻ കോളേജിലെ ഞങ്ങളുടെ രാഷ്ട്രീയ ചേരിയിലുണ്ടായിരുന്ന അധ്യാപക / അനധ്യാപകരേക്കാൾ എസ്എഫ്ഐയുടെ നേതാക്കളായ ഞങ്ങൾക്ക് മാതൃകാ അദ്ധ്യാപകൻ ദിലീപ് സാറായിരുന്നു.

(ഡോ: എം.സി ദിലീപ് കുമാർ)

അതുകൊണ്ടായിരിക്കാം . അക്കാലത്ത് കൊച്ചിൻ കോളേജിൽ കോമേഴ്സിൽ നിരവധി റാങ്കുകൾ അന്ന് പതിവായിരുന്നു. അപ്പോഴൊക്കെ റാങ്ക് ജേതാക്കൾ ദിലീപ് സാറിൻ്റെ പേര് പത്രമാധ്യമങ്ങളോടു പറയുന്നതും ഞങ്ങൾ കേട്ടിരുന്നു.

ഞാൻ ഡിഗ്രിക്ക് പഠിക്കുന്ന കാലത്താണ് അദ്ദേഹം നാഷണൽ സർവീസ് സ്‌ക്കീമിന്റെ പ്രോഗ്രാം ഓഫീസറായത്.അക്കാലം ഞങ്ങളുടെ ജീവിതത്തിന്റെ വഴിത്തിരിവായിരുന്നു .നാഷണൽ സർവീസ് സ്‌ക്കീമിന്റെ ക്യാമ്പുകളിലൂടെയാണ് സ്റ്റേജിൽ കയറി രണ്ട് വാക്കുകൾ പറയാൻ എന്നെ പോലെയുള്ളവർക്ക് ധൈര്യം കിട്ടിയത് .

19 വർഷം ദിലീപ് സർ പ്രോഗ്രാം ഓഫീസറായിരുന്നു.നാലുവർഷം നാഷണൽ സർവീസ് സ്‌ക്കീമിന്റെ റീജിയണൽ പ്രോഗ്രാം കോർഡിനേറ്ററും..അവസാന വർഷ ബിരുദ കാലത്ത് ഞാൻ നാഷണൽസർവീസ് സ്‌ക്കീമിന്റെ ക്യാപ്റ്റനായിരുന്നു .

വിദ്യാർത്ഥികളുമായി സഹകരിച്ച് ഒട്ടേറെ കാര്യങ്ങൾ അക്കാലത്ത് ചെയ്യുവാൻ ദിലീപ് സാർ നേതൃത്വം നൽകുകയുണ്ടായി.ആ കാലഘട്ടത്തിൽ നാഷണൽ സർവീസ് സ്‌ക്കീമിന്റെ മറ്റൊരു പ്രോഗ്രാം ഓഫീസറായിരുന്ന വി .യു.നുറൂദ്ദീൻ സാറിനേയും മറക്കാനാവില്ല.പിന്നീട് ദിലീപ് സാറിന്റെ പ്രവർത്തനങ്ങൾക്ക് അർഹമായ അംഗീകാരം ലഭിച്ചു .സംസ്ഥാന സർക്കാരിന്റെ ഏറ്റവും മികച്ച പ്രോഗ്രാം ഓഫീസർ അവാർഡ് അദ്ദേഹത്തിനു ലഭിക്കുകയും ചെയ്തു.ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം നാഷണൽ സർവീസ് സ്‌ക്കീമിൽ പ്രവർത്തിച്ച അധ്യാപകൻ ഇപ്പോഴും ദിലീപ് സാറായിരിക്കും.

കൊച്ചിൻ കോളേജിൽ കൊമേഴ്‌സ് ഡിപ്പാർട്ട് മെന്റ് തലവൻ എന്ന നിലയിൽ സ്തുത്യർഹമായ പ്രവർത്തനങ്ങളാണ് അദ്ദേഹത്തിന്റെ ഭാഗത്ത് നിന്നുണ്ടായത്.പുതിയ കോഴ്‌സുകൾ കൊച്ചിൻ കോളേജിൽ ആരംഭിക്കുവാൻ അദ്ദേഹം എം.ജി സർവ്വകലാശാലയിൽ നിരന്തരംസമ്മർദ്ദം ചെലുത്തിയിരുന്നു. കോളേജിൻ്റെ ഉയർച്ചയിലും വളർച്ചയിലും അദ്ദേഹത്തിൻ്റെ സേവനം എടുത്തു പറയത്തക്കതാണ്‌. വാണിജ്യ ശാസ്ത്രത്തിൽ കൊച്ചിൻ കോളേജിനെ ഗവേഷണ കേന്ദ്രമായി വളർത്തിയെടുക്കുവാൻ അദ്ദേഹത്തിന് കഴിഞ്ഞു.അക്കാദമിക് മേഖലയിൽ ദേശീയ അന്തർ ദേശീയ രംഗത്ത് നിരവധി ഗവേഷണ പ്രബന്ധങ്ങൾ ദിലീപ് സാർ അവതരിപ്പിച്ചിട്ടുണ്ട് .നിരവധി അക്കാദമിക് ഗ്രന്ഥങ്ങളുടെ രചയിതാവുമാണ്‌.ഒരു പ്രമുഖ അധ്യാപക സംഘടനയുടെ സംസ്ഥാന പ്രസിഡന്റായിരുന്നു അദ്ദേഹം.

കൊച്ചിൻ കോളേജ് അധ്യാപകനായി പ്രവർത്തിക്കുന്ന കാലത്ത് അദ്ദേഹം സെനറ്റിലും സിണ്ടിക്കേറ്റിലും അംഗമായിരുന്നു.സിണ്ടിക്കേറ്റിലെ അഫിലിയേഷൻ / അപ്രൂവൽ കമ്മിറ്റിയുടെ കൺവീനർ എന്ന നിലയിൽ പ്രവർത്തിക്കുമ്പോഴും ഒരാക്ഷേപവും അദ്ദേഹത്തിനെതിരെ ഉയർന്നിട്ടില്ല .

കൊച്ചിൻ കോളേജിൽ മുപ്പത് വർഷത്തിലധിക കാലം അധ്യാപനായിരുന്ന ശേഷമാണ് 2013 കാലത്ത് ദിലീപ് സാർ കാലടി സംസ്കൃത സർവകലാശാല വൈസ് ചാന്സലറായത് .അദ്ദേഹം കൊച്ചിൻ കോളേജിലെ ബിരുദാനന്തര ബിരുദ റിസർച്ച് സിപ്പാർട്ടുമെൻ്റിൻ്റെ തലവനായി ഇരിയ്ക്കുമ്പോൾ 32 പേരാണ് അവിടെ പി.എച്ച്.ഡിക്ക് അഞ്ച് അദ്ധ്യാപകരുടെ കീഴിൽ ഗവേഷണം നടത്തിയിരുന്നത് എന്നത് ഒരു പക്ഷെ ആരും ശ്രദ്ധിച്ചിട്ടുണ്ടാവില്ല. റിസർച്ച് ഗൈഡായി പ്രവർത്തിക്കുവാനും നിരവധി പി.എച്ച്.ഡികൾ പ്രൊഡ്യൂസ് ചെയ്യുവാനും അദ്ദേഹത്തിനു അവസരം ലഭിച്ചു.

2013 മുതൽ 2017 വരെ നാലു വർഷക്കാലം സംസ്കൃത സർവകലാശാലയുടെ വൈസ് ചാൻസലറായിട്ടും ഒരു ആരോപണവും അദ്ദേഹത്തിനു നേരെ ഉയർന്നില്ല എന്നു മാത്രമല്ല സംസ്കൃത സർവ്വകലാശാലയുടെ സുവർണ്ണകാലവും സാറിന്റെ കാലഘട്ടമായിരുന്നു എന്ന് ചരിത്രം നമ്മെ പഠിപ്പിയ്ക്കുന്നു.സർവകലാശാല തുടങ്ങിയ കാലത്ത് വൈസ് ചാൻസലറായിരുന്ന രാമചന്ദ്രൻ നായർ മുതൽ ഈ അടുത്ത കാലം വരെ ഈ പദവിയിലിരുന്ന വൈസ് ചാൻസലർക്കെതിരെ പോലുംപല തരത്തിൽ വലുതും ചെറുതുമായ ആരോപണങ്ങൾ ഉയർന്നിരുന്നു.ഞങ്ങളുടെ ഒരു അധ്യാപകൻ വലിയ പദവികൾ വഹിച്ചിട്ടും ഒരു ആക്ഷേപത്തിനും വിധേയമായിട്ടില്ലെന്ന് അറിയുമ്പോഴാണ് ഒരു വിദ്യാർത്ഥിക്ക് ആ അധ്യാപകനെ ഓർത്ത് അഭിമാനം തോന്നുക .

 ഡോ.എം.സി.ദിലീപ് കുമാർ സാറിൻ്റെ പ്രവർത്തനങ്ങൾ മാതൃകാപരമായതുകൊണ്ടാവാം അദ്ദേഹത്തിനെതിരെ ഒരാക്ഷേപവും ഉണ്ടാവാതിരുന്നത് . അദ്ദേഹത്തിന്റെ സത്യസന്ധതയ്ക്കും ആത്മാർത്ഥതയ്ക്കും ലഭിച്ച അംഗീകാരമാണ് അദ്ദേഹത്തിനു നേരെ ഒരു ആരോപണവും ഉയരാതിരുന്നത് എന്നാണ് ഞാൻ മനസിലാക്കുന്നത് .

 വൈസ് ചാൻസലർ എന്ന നിലയിൽ ദിലീപ് സാറിനോട് സർവ്വകലാശാല സമൂഹം എതിർപ്പുകൾക്കപ്പുറം വലിയ ബഹുമാനമാണ് പ്രകടിപ്പിച്ചിരുന്നത്... അതിനർഥം രാഷ്ടീയ സമരങ്ങൾ ഇല്ലാ എന്നല്ല. എതിർപ്പുകളെ നേരിട്ട അദ്ദേഹത്തിൻ്റെ ജനാധിപത്യ ശൈലി പ്രശംസനീയമായിരുന്നു. 

കാലടി സർവ്വകലാശാലയിലെ എസ്.എഫ്.ഐ.നേതാവ് എന്നോടു പറഞ്ഞത് ഇന്നും ഞാൻ ഓർക്കുന്നു. "അജയാ...., ദിലീപ് സാറ് പറ്റില്ലാ എന്ന് ഒരു കാര്യം പറഞ്ഞാൽ അത് നടപ്പില്ലാ എന്ന് ഉറപ്പ്. എന്തുകൊണ്ടു പറ്റില്ലാ എന്ന് വിദ്യാർഥികളേയും അദ്ധ്യാപകരേയും ബോധ്യപ്പെടുത്തുവാൻ കാര്യകാരണസഹിതം അദ്ദേഹത്തിനു കഴിഞ്ഞിരുന്നു. സർവ്വകലാശാല നിയമങ്ങൾക്കുള്ളിൽ നിന്ന് ചെയ്യാവുന്ന കാര്യങ്ങൾ അദ്ദേഹം കൃത്യമായി ചെയ്തിരുന്നു.

കാലടി സംസ്കൃത സർവകലാശാലയ്ക്ക് പേരും പ്രശസ്തിയും ഏറ്റവും കൂടുതൽ ഉണ്ടായത് ദിലീപ് കുമാർ സാർ വൈസ് ചാൻസലറായിരിക്കുമ്പോഴാണ് .അക്കാര്യത്തിൽ തർക്കമുണ്ടാകുമെന്നു കരുതുന്നില്ല.സംസ്കൃത സർവകലാശാലയുടെ വൈസ് ചാൻസിലറായിരിക്കുന്ന കാലത്ത് അദ്ദേഹം രണ്ട് വർഷം കലാമണ്ഡലം സർവകലാശാലയുടെ വൈസ് ചാൻസലറുമായിരുന്നു .കുറച്ചു ദിവസങ്ങൾ കണ്ണൂർ സർവകലാശാലയുടെ അധിക ചുമതലയും അദ്ദേഹം വഹിക്കുകയുണ്ടായി.ഇത്രയേറെ ജോലി ഭാരത്തിലും അദ്ദേഹത്തിനെതിരെ മോശമായ ഒരു പദപ്രയോഗം പോലും ഒരു സ്ഥലത്തു നിന്നും ഉയർന്നില്ലാഎന്നത് എടുത്തു പറയേണ്ട ഒന്നാണ്.ഇന്ന് പല സർവ്വകലാശാലകളും, അധികാരികളും ജനമധ്യത്തിൽ ചോദ്യം ചെയ്യപ്പെടുമ്പോൾ ഇക്കാര്യം കൂടുതൽ പ്രസക്തമാവുകയാണ്.

ജനകീയനായ വൈസ് ചാൻസലർ എന്ന നിലയിലാണ് അദ്ദേഹത്തെ എല്ലാവരും ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്നത് .ദിലീപ് കുമാർ സാറിന്റെ കാലത്താണ് 2016 ൽ റൂ സാ പ്രൊജക്ടിൽ (യു.ജി.സി) ഫണ്ട് ലഭിയ്ക്കുകയും അത് നടപ്പാക്കിയതിൽ ഇന്ത്യയിലെ മാതൃക സർവ കലാശാലയായി സംസ്കൃത സർവ്വകലാശാലയെ സംസ്ഥാന വിദ്യാഭ്യാസ മന്ത്രി രവീന്ദ്ര നാഥിന്റെ സാന്നിദ്ധ്യത്തിൽ ഡൽഹിയിൽ വെച്ച് കേന്ദ്ര മന്ത്രി പ്രഖ്യാപിച്ചതും മാധ്യമങ്ങളിലൂടെ ഞങ്ങൾ അഭിമാനത്തോടെയാണ് നോക്കിക്കണ്ടത്.

യുജിസി നാക് അക്രഡിറ്റേഷൻ കൗൺസിലിന്റെ വിലയിരുത്തലിൽ കേരളത്തിലെ ആദ്യത്തെ എ ഗ്രെഡ് സർവകലാശാലയായി സംസ്കൃത സർവകലാശാല മാറിയത് ദിലീപ് കുമാർ സാർ വൈസ് ചാന്സലറായിരിക്കുന്ന കാലത്തായിരുന്നു.യുജിസിയുടെ റൂസോ പ്രോജക്റ്റ് പ്രകാരം ഏറ്റവും കൂടുതൽ ഫണ്ട് ഇക്കാലത്ത് സർവ കലാശാലക്ക് ലഭിച്ചു.ആദ്യമായും അവസാനമായും ഇത്തരം ഫണ്ട് കിട്ടിയത് ദിലീപ് കുമാർ സാറിന്റെ കാലത്താണ് .സംകൃത സർവകലാശാലയുടെ എട്ട് റീജിയണൽ ക്യാമ്പസുകൾ സജീവമാക്കിയതും അവിടെ ആധുനിക സൗകര്യങ്ങൾ ഏർപ്പെടുത്തിയതും ഞങ്ങളുടെ അധ്യാപകനായ ദിലീപ് കുമാർ സാർ വൈസ് ചാൻസലറായ കാലഘട്ടത്തിലാണ് .

ഇന്ന് സംസ്കൃത സർവ്വകലാശാലയ്ക്ക് എപ്ലസ് ഗ്രേഡ് ലഭിച്ചത് അദ്ദേഹത്തിൻ്റെ 2014 മുതൽ 17 വരെയുള്ള പ്രവർത്തനങ്ങൾ കൂടി കണക്കിലെടുത്താണെന്നതും ശിഷ്യഗണങ്ങളായ ഞങ്ങൾക്ക് അഭിമാനം പകരുന്നു. എന്നെ സംബന്ധിച്ച് എന്റെ ഒരു അധ്യാപകൻ സർവകലാശാല വൈസ് ചാൻസലറാവുന്നത് ആദ്യമാണ് .മറ്റൊരു അധ്യാപകനും ആ ഭാഗ്യം ഉണ്ടായിട്ടില്ല .

ദിലീപ് കുമാർ സാർ 2017 ൽ വിരമിക്കുന്ന കാലത്ത് നിരവധി സംഘടനകൾ ചേർന്നാണ് പൗരാവലിയുടെ ആഭിമുഖ്യത്തിൽ അദ്ദേഹത്തിനു യാത്രയപ്പ് നൽകിയത്.അതിൽ നിന്നും അദ്ദേഹം എത്രമാത്രം ജനകീയനായിരുന്നുവെന്ന് വ്യക്തമാണല്ലോ . യാത്രയയപ്പ് യോഗത്തിൽ പ്രൊഫ (ഡോ)എം ലീലാവതി ,ശ്രീപി ടി തോമസ് ഉൾപ്പെടെയുള്ളവർപങ്കെടുത്തിരുന്നു.അതിപ്പോഴും ഞാൻ ഓർക്കുന്നു .കാലടി പ്രസ് ക്ളബ് , ,കാലടിഎസ്എൻഡിപി യോഗം ലൈബ്രറി, കാലടിയിലെ നിരവധി സാംസ്കാരിക സംഘടനകൾ കേരളത്തിലെ നിരവധി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സ്കൂളുകൾ എന്നിവയുമായി അദ്ദേഹം അടുത്ത ബന്ധം പുലർത്തിയിരുന്നു. ദിലീപ് കുമാർ സാറിന്റെ കാലത്ത് പ്രാവർത്തികമായ സോളാർ എനർജിയിലൂടെ സർവ്വകലാശാലയുടെ വൈദ്യുതി ചെലവ് ഗണ്യമായി കുറക്കാനും കഴിഞ്ഞു.

തികഞ്ഞ ഗാന്ധിയനാണ് ഞങ്ങളുടെ അധ്യാപകനായ ദിലീപ് കുമാർ സാർ.വർഷങ്ങളായി കേരള പ്രദേശ് ഗാന്ധി ദർശൻ വേദിയുടെ സംസ്ഥാന ചെയർമാനാണ് അദ്ദേഹം .ഗാന്ധിയുടെ ആശയങ്ങൾ പ്രചരിപ്പിക്കുകയാണ് ഈ സംഘടനയുടെ ലക്‌ഷ്യം.ഒപ്പം സാധാരണക്കാർക്ക് അത്താണിയുമാണ് .വലതു കൈ കൊണ്ട് ചെയ്യുന്നത് ഇടതുകൈ പോലും അറിയാൻ പാടില്ലെന്ന് അദ്ദേഹത്തിനു നിർബന്ധമുണ്ട്.എന്റെ നാട്ടിൽ ഒരു ലൈബ്രറി തുടങ്ങാൻ പോയപ്പോൾ ഭാരവാഹികൾ അദ്ദേഹത്തെ കണ്ടപ്പോൾ ലക്ഷക്കണക്കിനു രൂപ വിലയുള്ള പുസ്തകങ്ങളാണ് അദ്ദേഹം അവർക്ക് നൽകിയത്.അടുത്തകാലത്താണ് ഇക്കാര്യം ഞാൻ പോലും അറിഞ്ഞത് .ഒരുപാട് വിദ്യാർത്ഥികൾക്ക് അദ്ദേഹം പഠനത്തിലും അവരുടെ വിഷമഘട്ടത്തിലും സഹായിച്ചിരുന്നതായി ഞങ്ങൾക്കറിയാം. അക്കാര്യം അദ്ദേഹം ആരോടും പറയാറില്ല.

ഗാന്ധിയനായതുകൊണ്ടാവാം ദിലീപ്‌കുമാർ സാറിനോട് കോളേജ് പഠനകാലത്ത് അടുപ്പം തോന്നാൻ മറ്റൊരു കാരണം .അക്കാലത്ത് ഇ എം എസ് എഴുതിയ ഗാന്ധിയും ഗാന്ധിസവും എന്ന പുസ്‌തകം എനിക്ക് ഇഷ്ടപ്പെട്ട പുസ്തകങ്ങളിലൊന്നായിരുന്നു.ഇ എം എസ് എന്റെ പ്രിയപ്പെട്ട നേതാവും .

 

ഏതാനും മാസങ്ങൾക്ക് മുമ്പ് കെ.എൽ.എം ഫൗണ്ടേഷൻ്റെ അഞ്ചു വർഷത്തിൽ ഒരിയ്ക്കൽ വിദ്യാഭ്യാസ, സാമൂഹിക, സാംസ്ക്കാരിക മേഖലയിൽ പ്രശസ്തവ്യക്തികൾക്ക് നൽകുന്ന പുരസ്ക്കാരത്തിനും അദ്ദേഹം അർഹനായി. സിനിമാതാരം മഞ്ജു വാര്യയരിൽ നിന്നാണ് ദിലീപ് കുമാർ സാർ അവാർഡ് ഏറ്റുവാങ്ങിയത്. ആ ചടങ്ങിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വൈസ് ചാൻസലർ എന്ന നിലയിൽ ദിലീപ് കുമാർ സാറിന്റെ ജനകീയതയെക്കുറിച്ച് അക്കമിട്ട് പറഞ്ഞത് ഞാനിപ്പോഴും ഓർക്കുകയാണ് .അന്ന് പുരസ്‌ക്കാരത്തോടൊപ്പം ലഭിച്ച ഒരു ലക്ഷം രൂപ അദ്ദേഹം എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പാവപ്പെട്ട രോഗികൾക്കു മരുന്നു വാങ്ങുവാനായി കൈമാറുകയാണ് ചെയ്തത് .

യുപിഎസി യുടെ സിവിൽ സർവീസ് ഇന്റർവ്യൂ ബോർഡ് അംഗമായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട് .കക്ഷിരാഷ്ട്രീയത്തിനതീതമായി എല്ലാക്കാലത്തും ശരിയുടെ പക്ഷത്ത് അടിയുറച്ച് നിൽക്കുന്ന പ്രത്യയശാസ്ത്രമാണ് സാറിന്റേത്.അക്കാര്യം അടുത്തറിയുന്ന എല്ലാവർക്കും അറിയാവുന്നതാണ്.സഹായം തേടി വരുന്നവരുടെ രാഷ്ട്രീയം നോക്കാതെയാണ് അദ്ദേഹം ഇടപെടുക .അതുകൊണ്ടായി രിക്കാം ജനകീയ വൈസ് ചാൻസലർ എന്ന വിശേഷണത്തിനു അദ്ദേഹം അർഹമായത് .മികച്ച പ്രഭാഷകൻ കൂടിയാണ് ദിലീപ് കുമാർ സാർ . രാഷ്ട്രീയത്തിനപ്പുറം വിപുലമായ ബന്ധങ്ങളുള്ള അദ്ദേഹം തൃക്കാക്കരയിൽ 1989 മുതൽ സ്ഥിരതാമസക്കാരനാണ്.മ്മുടെ സർവ്വകലാശാലകൾകുറച്ചുകാലമായിആരോപണങ്ങളുടെവിളനിലമായി മാറുമ്പോൾ, ഒരു ആരോപണങ്ങൾക്കും ഇടംകൊടുക്കാതെ സർവ കലാശാലകൾക്കും അക്കാദമിക മേഖലയ്ക്കും നേട്ടങ്ങൾ സമ്മാനിച്ച മുൻ വൈസ് ചാൻസലറായ ഡോ.എം .സി. ദിലീപ് കുമാർ മാതൃകയായി തുടരുന്നു.

കക്ഷിരാഷ്ടീയത്തിനപ്പുറമുള്ള ശിഷ്യഗണങ്ങളുടെ അഭിവാദ്യങ്ങൾ