ടാറ്റൂ അടിക്കും മുന്‍പ് ഈ കാര്യങ്ങൾ ഒന്ന് ആലോചിക്കുക.

ശരീരത്തില്‍ പല നിറത്തിലും രൂപത്തിലും പച്ചകുത്തുന്നതിന് പണം ഒരു പ്രശ്‌നമല്ലാത്ത നിലയായി.

ടാറ്റൂ അടിക്കും മുന്‍പ് ഈ കാര്യങ്ങൾ ഒന്ന് ആലോചിക്കുക.


ശരീരത്തില്‍ പല നിറത്തിലും രൂപത്തിലും പച്ചകുത്തുന്നതിന് പണം ഒരു പ്രശ്‌നമല്ലാത്ത നിലയായി. ചെറിയ ടാറ്റൂകളില്‍ നിന്നു തുടങ്ങി ശരീരം മുഴുവന്‍ മഷി പടര്‍ത്തുന്ന ശീലങ്ങളിലേക്ക് മലയാളിയും എത്തിക്കഴിഞ്ഞു. മലയാളി യുവാക്കളുടെ ഈ ഭ്രമം മനസിലാക്കി ഇന്ന് ഇന്ത്യയിലെ മെട്രോപോളിറ്റന്‍ നഗരങ്ങളിലേതുപോലെ കൊച്ചിയും കോഴിക്കോടും മറ്റും ടാറ്റൂ പാര്‍ലറുകളുടെ കേന്ദ്രമായി. ഇന്ന് ടാറ്റൂയിംഗ് ഒരു ഫാഷന്‍ മേഘല മാത്രമല്ല ലക്ഷങ്ങള്‍ മറിയുന്നൊരു വ്യാപാര രംഗം കൂടിയാണ്. മുന്‍പ് സ്വന്തം പേരും പങ്കാളിയുടെ പേരും പോലുള്ള ചെറിയ ചെറിയ ടാറ്റൂകള്‍ അടിക്കാനാണ് യുവാക്കള്‍ എത്തിയിരുന്നതെങ്കില്‍ ഇന്ന് സ്ഥിതി മാറി. തങ്ങളുടെ വ്യക്തിത്വം, സ്വാതന്ത്ര്യബോധം, ചിന്താബോധം എന്നിവ വെളിപ്പെടുത്തുന്ന വ്യത്യസ്തമായ ടാറ്റൂ ഡിസൈനുകളും മറ്റുമാണ് ഇന്നത്തെ യുവാക്കളില്‍.


ടാറ്റൂയിംഗ് എങ്ങനെ : 

പച്ചകുത്താന്‍ തീരുമാനിച്ചാല്‍ ഒരു ടാറ്റൂ പാര്‍ലറില്‍ ചെന്ന് ടാറ്റൂ ആര്‍ട്ടിസ്റ്റിനെ സമീപിക്കാവുന്നതാണ്. ഈ രംഗത്തുതന്നെ ലൈസന്‍സ് നേടിയവരും അല്ലാത്തവരുമുണ്ട്. ഒരു ഇലക്ട്രിക് യന്ത്രത്തിന്റെ സഹായത്തോടെ സൂചിമുനയാല്‍ ത്വക്കിലേക്ക് മഷി ഇന്‍ജക്ട് ചെയ്യുന്നതാണ് ടാറ്റൂയിംഗിന്റെ രീതി. നമ്മുടെ തൊലിപ്പുറത്തെ രണ്ടാംപാളിയിലേക്കാണ് ഈ മഷി ഇറങ്ങിച്ചെല്ലുന്നത്. ടാറ്റൂ ചെയ്തതിനുശേഷം ടാറ്റൂ വിദഗ്ധര്‍ പരിചരണത്തിനായി ചില നിര്‍ദേശങ്ങള്‍ നല്‍കും. ശരീരത്തില്‍ സൂചികൊണ്ട് ഉരച്ചാണ് മഷി പടര്‍ത്തുന്നത്. അത്തരത്തിലുണ്ടായ മുറിവായി കണ്ട് പച്ചകുത്തിയഭാഗം അല്‍പനാള്‍ പരിചരിക്കണം. ഒരാഴ്ചയ്ക്കകം ടാറ്റൂ ചെയ്തയിടത്ത് പുതിയ ചര്‍മം വന്നു മൂടും.

അലര്‍ജി :

ചര്‍മ്മം എല്ലാവരിലും ഒരുപോലെയാകില്ല. ചിലരില്‍ കട്ടികൂടിയതും ചിലരില്‍ മൃദുവുമായിരിക്കും. മൃദുലമായ ചര്‍മ്മമുള്ളവര്‍ പച്ചകുത്താനിറങ്ങിയാല്‍ ഒന്നു മനസിലാക്കുക, നിങ്ങള്‍ ആപത്ത് ക്ഷണിച്ചുവരുത്തുകയാണ്. ഇത്തരം ലോലചര്‍മ്മുള്ളവരില്‍ അലര്‍ജിയുണ്ടാവാനുള്ള സാധ്യത ഏറെയാണ്. അതിനാല്‍ ടാറ്റൂ വിദഗ്ധന്റെ അഭിപ്രായം അറിഞ്ഞതിനു മാത്രം ശരീരത്തില്‍ മഷി പടര്‍ത്തുക. ചിലര്‍ക്ക് അപൂര്‍വമായി അലര്‍ജി ഉണ്ടായേക്കാം. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഉടനെ ഡോക്ടറുടെ സഹായം തേടുക. പ്രതിരോധശേഷി കുറഞ്ഞവരും സ്‌കിന്‍ അലര്‍ജി ഉള്ളവരും പച്ചകുത്താതിരിക്കുന്നതാണ് ഉത്തമം.
ഇന്‍ഫെക്ഷന്‍ പെര്‍മനന്റ് ടാറ്റൂവിന്റെ എടുത്തുപറയേണ്ട മറ്റൊരു പോരായ്മ ഇന്‍ഫെക്ഷനാണ്. ടാറ്റൂ അടിക്കുന്നതിനു പാര്‍ലറുകള്‍ തിരഞ്ഞെടുക്കുന്നതു മുതല്‍ ഇക്കാര്യം ശ്രദ്ധിക്കണം. ടാറ്റൂ പാര്‍ലറുകള്‍ക്ക് ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റിന്റെ സര്‍ട്ടിഫിക്കറ്റ് ഉണ്ടോയെന്നു നോക്കുക. ലൈസന്‍സ് ഉള്ള ടാറ്റൂ വിദഗ്ധന്‍മാരെ മാത്രം സമീപിക്കുക. അവര്‍ നമ്മുടെ ശരീരത്തില്‍ ടാറ്റൂ അടിക്കാന്‍ എടുക്കുന്ന സൂചി ആദ്യമായി ഉപയോഗിക്കുന്നതു തന്നെയാണോ എന്നുറപ്പിക്കുക.

Read This : സ്വന്തം ചിത്രം വരയ്ക്കുന്ന കുട്ടിയാന ; വീഡിയോ

രോഗപ്രതിരോധ ശേഷിയെ ബാധിക്കുന്നു :

സ്ഥിരമായി ശരീരത്തില്‍ ടാറ്റൂ അടിക്കുന്ന ആളാണ് നിങ്ങളെങ്കില്‍ ശ്രദ്ധിക്കുക. പഠനങ്ങള്‍ പറയുന്നത് ഇത്തരം പ്രവൃത്തി നിങ്ങളുടെ രോഗപ്രതിരോധ ശേഷിയെ ബാധിക്കുമെന്നാണ്. പച്ചകുത്തുമ്പോള്‍ മഷിയോടൊപ്പം ശരീരത്തിലെത്തുന്ന വിഷമയമുള്ള വസ്തുക്കളാണ് ആപത്താവുന്നത്. മുന്‍കാലങ്ങളിലേതിനെ അപേക്ഷിച്ച് ഇന്ന് പല വര്‍ണങ്ങളില്‍ ടാറ്റൂ മഷികളുണ്ട്. ഇത്തരം നിറങ്ങളില്‍ എന്തൊക്കെയാണ് ചേര്‍ക്കുന്നതെന്ന് പലര്‍ക്കും അറിവുണ്ടാവില്ല.
സാധാരണ നിറങ്ങള്‍ക്കു പുറമെ നിക്കല്‍, ക്രോമിയം, മാംഗനീസ്, കോബാള്‍ട്ട് എന്നീ മൂലകങ്ങളുടെ അംശങ്ങളും പച്ചകുത്തുമ്പോള്‍ നിങ്ങളുടെ ശരീരത്തിലെത്തും. ഷേഡുകളും മറ്റും ഉണ്ടാക്കാന്‍ ടൈറ്റാനിയം ഡയോക്‌സൈഡ് എന്ന ചായക്കൂട്ട് ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. പെയിന്റുകളുടെ നിര്‍മാണത്തില്‍ ഉപയോഗിക്കുന്ന മിശ്രിതമാണിത്. ഇത് രക്തത്തില്‍ കലരുന്നത് നിങ്ങളില്‍ വിപരീത ഫലമുണ്ടാക്കാന്‍ സാധ്യതയുണ്ട്.
ടാറ്റൂ അടിച്ചു കഴിഞ്ഞും അല്‍പ ദിവസത്തേക്ക് കൃത്യമായ പരിചരണം മഷി പടര്‍ത്തിയ ഭാഗത്ത് നല്‍കേണ്ടതുണ്ട്. ഇല്ലെങ്കില്‍ ചൊറിച്ചില്‍, തൊലിപ്പുറത്ത് തടിപ്പ് എന്നിവയ്ക്ക് കാരണമായേക്കാം. ടാറ്റൂ അടിച്ച ആദ്യദിവസങ്ങളില്‍ തന്നെ സൂര്യപ്രകാശം, വെള്ളം എന്നിവ അമിതമായി തട്ടിക്കുന്നത് ആപത്ത് വിളിച്ചുവരുത്തും. ആദ്യ ആഴ്ചയില്‍ വെയില്‍ കൊള്ളിക്കാതിരിക്കുക. പുഴയിലോ കുളത്തിലോ കുളിക്കാതിരിക്കുക. പച്ചകുത്തിയ ഭാഗം എപ്പോഴും ശുചിയായിരിക്കാന്‍ ശ്രദ്ധിക്കുക. ടാറ്റൂ വിദഗ്ധന്‍ നിര്‍ദേശിക്കുന്ന ചര്‍മ്മസംരക്ഷണ ക്രീം മാത്രം ശരീരത്തില്‍ തേക്കുക.


 

Read This : ഏറ്റവും പുതിയ വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ ഞങ്ങളുടെ ടെലിഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യൂ