കുവൈറ്റിലെ 3000 പ്രവാസികളുടെ ഡ്രൈവിംഗ് ലൈസന്‍സ് പിന്‍വലിച്ചു

കുവൈറ്റിലെ 3000 പ്രവാസികളുടെ ഡ്രൈവിംഗ് ലൈസന്‍സ് പിന്‍വലിച്ചു


കുവൈത്ത് : കുവൈറ്റിലെ 3000 പ്രവാസികളുടെ ഡ്രൈവിംഗ് ലൈസന്‍സ് പിന്‍വലിച്ചു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെയാണ് ഇത്രയും ലൈസന്‍സുകള്‍ പിന്‍വലിച്ചത്. ആഭ്യന്തരമന്ത്രി ഷൈഖ്‌ തലാല്‍ അല്‍ ഖാലിദ്‌ അല്‍ സബാഹിന്റെ നിര്‍ദ്ദേശത്തിന്‍റെ ഭാഗമായാണ് നടപടി. രാജ്യത്തെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം. പരിശോധനയ്ക്കിടെ ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കാന്‍ നിലവില്‍ അര്‍ഹതയില്ലാത്തവരുടെ ലൈസന്‍സുകള്‍ക്ക് ബ്ലോക്ക് ഏര്‍പ്പെടുത്തുകയും ഇവ ഗതാഗത വകുപ്പിന് തിരികെ നല്‍കാന്‍ ഉടമകളോട് ആവശ്യപ്പെടുകയും ചെയ്യും. മൈ ഐഡന്‍റിറ്റി, സഹേല്‍ ആപ്ലിക്കേഷനുകള്‍ വഴി ബ്ലോക്ക് ചെയ്ത അത്തരം ലൈസന്‍സ് ഉടമകള്‍ക്ക് ഇക്കാര്യം അറിയാന്‍ കഴിയും. 

അത്തരം റദ്ദാക്കിയ ലൈസന്‍സുകള്‍ തിരികെ നല്‍കാത്ത ഉടമകളെ ആഭ്യന്തര മന്ത്രാലയവുമായി ബന്ധപ്പെട്ട ഏതെങ്കിലും ഇടപാടുകള്‍ നടത്തുന്നതില്‍ നിന്ന് വിലക്കും. റദ്ദാക്കിയ ലൈസന്‍സുമായി വാഹനമോടിക്കുന്നവരെ രാജ്യത്ത് നിന്ന് നാടുകടത്തുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നിലവില്‍ രാജ്യത്തെ എല്ലാ പ്രവാസികളുടെയും ഡ്രൈവിംഗ് ലൈസന്‍സുകള്‍ പരിശോധിച്ച്‌ വരികയാണ്. നിലവില്‍ റദ്ദ് ചെയ്ത ലൈസന്‍സുകളൊന്നും വ്യാജമായി നേടിയവയല്ല. 2 മാസത്തോളം എടുത്താകും ഇത്തരത്തില്‍ മുഴുവന്‍ പ്രവാസികളുടെയും ലൈസന്‍സിന്റെ പരിശോധന പൂര്‍ത്തിയാക്കാന്‍ സാധിക്കുക എന്നാണ് ഉദ്യോ​ഗസ്ഥര്‍ കരുതുന്നത്. ഏകദേശം രണ്ടു ലക്ഷത്തോളം പേരുടെ ഡ്രൈവിംഗ് ലൈസന്‍സ് പിന്‍വലിക്കപ്പെടുമെന്നാണ് സൂചന.