കോറോണക്കാലത്ത് അതിർത്തിയിലെ മുതലെടുപ്പ്

മനു മോഹനൻ, സാമൂഹിക രാഷ്ട്രീയ നിരീക്ഷകൻ

കോറോണക്കാലത്ത് അതിർത്തിയിലെ മുതലെടുപ്പ്


നമ്മുടെ ഇന്ത്യൻ അതിർത്തി പ്രദേശമായ ഗാൽവാനിൽ ചൈന നടത്തിയ വിധ്വംസക പ്രവർത്തനങ്ങളുടെ വർത്തമാനം വളരെ നടുക്കത്തോടെയാണ് ഇന്ത്യൻ സമൂഹം ഇന്നലെ കേട്ടിരുന്നത്. ഇന്ത്യയും ചൈനയും തമ്മിൽ അധിനിവേശ തർക്കങ്ങൾ നയതന്ത്ര തലത്തിൽ പുരോഗമിക്കുമ്പോഴാണ് ഇങ്ങനെയൊരു വർത്തമാനം പുറത്തു വരുന്നത് എന്നത് സ്ഥിതിഗതികൾ തീർത്തും ഗൗരവമായി തന്നെ കാണേണ്ട കാര്യമാണെന്നതിൽ സംശയമില്ല. പാകിസ്ഥാൻ അതിർത്തികളിലും നേപ്പാൾ പാർലമെൻറിലും പുകയുന്ന ഭൂപട രാഷ്ട്രീയ വർത്തമാനങ്ങൾ ഇതിനോട് ചേർത്ത് വായിക്കണമെന്ന് പറയാതെ വയ്യ. ശ്രീലങ്കയിലെ സിവിൽ ഏവിയേഷൻ്റെ കൈവശമിരുന്ന ഹമ്പന്തോട്ട വിമാനത്താവളം ഈ കഴിഞ്ഞ ഇടയ്ക്കു കടത്തിൻറെ പലിശയിനത്തിൽ വരവുവെക്കുന്നതിലേക്കായി എന്ന തരത്തിൽ ചൈന പിടിച്ചെടുത്തു ചൈനീസ് പ്രതിരോധ വിമാനത്താവളമാക്കിയതും കാണാതെ പോവരുത്. ഇന്ത്യയോട് ചേർന്ന് കിടക്കുന്ന സ്വതവേ ശാന്തമായ ഭൂട്ടാൻ മ്യാന്മാർ അതിർത്തികളിലും ഗറില്ലാ പോരാട്ടങ്ങളും സായുധവിപ്ലവ പ്രവർത്തനങ്ങളും കഴിഞ്ഞ കുറച്ച് നാളുകളായി വർത്തമാനപത്രങ്ങളിൽ ചെറിയ കോളം വാർത്ത വരുന്നതും ആകസ്മികമായി ആണെന്ന് കരുതുക വയ്യ.

സഖ്യരാജ്യങ്ങളെ കൂട്ടുപിടിച്ചുള്ള യുദ്ധതന്ത്രം പണ്ടേ ചൈന പരീക്ഷിച്ചു വരുന്നതാണ്. പാക്കിസ്ഥാന്റെയും ശ്രീലങ്കയുടെയും കാര്യത്തിൽ പലപ്പോഴും ഇന്ത്യക്ക് അത് ബോധ്യപ്പെട്ടിട്ടുള്ളതുമാണ്. ഇതിപ്പോൾ രണ്ടാം ലോകമഹായുദ്ധത്തെ അനുസ്മരിപ്പിക്കുന്ന തരത്തിൽ, അച്ചുതണ്ട് ശക്തികളുടെ പഴയ പോരാട്ടതന്ത്രത്തിലൂന്നിയ രീതിയിൽ ഒരേ ചേരിയിൽ ഒരേ ഭൂപ്രദേശം പങ്കിടുന്ന ചെറുതും വലുതുമായ രാജ്യങ്ങളെയെല്ലാം പ്രലോഭിപ്പിച്ചു കൂടെനിർത്തി കുരുതികൊടുക്കുന്ന പുതിയ തന്ത്രത്തിലേക്കുള്ള ചുവടുമാറ്റമായോ, അതുമല്ലെങ്കിൽ ഈ രണ്ടു തന്ത്രങ്ങളുടെയും സംയോജിതമായ ഒരു പുതിയ തന്ത്രത്തിലുള്ള യുദ്ധമുഖമോ ആവാം ചൈന രൂപപ്പെടുത്തുന്നതെന്ന് ചിന്തിക്കാതെ തരമില്ല. ശത്രുവിന്റെ ശത്രു മിത്രം എന്ന ആപ്തവാക്യത്തിലൂന്നിയ നിലപാടെടുത്ത പാക്കിസ്ഥാൻ പണ്ടേ ചൈനയുടെ വിശ്വസ്തരായ സഖ്യകക്ഷിയാണെന്നു വിശ്വപ്രസിദ്ധമാണ്, തിരിച്ച് പാകിസ്താന് വിശ്വസ്ഥരാണോ ചൈന എന്ന് ചോദിച്ചാൽ 'മറുചോദ്യം പാടില്ല' എന്ന് പറഞ്ഞു തടിതപ്പലാണ് പാകിസ്ഥാൻറെ സ്ഥിരം അടവ് നയം. രാജ്യമൊന്നടങ്കം വിറ്റാൽ പോലും തീരാത്ത തരത്തിൽ ചൈനയോട് കടക്കെണിയിലായ ശ്രീലങ്കയും മറ്റു ഗത്യന്തരമില്ലാതെ ചൈനയുടെ ശിങ്കിടിയായി മാറിയിരുന്നു എന്നത് വേറൊരു ചരിത്രം. ചൈനയിലെ ഹമ്പന്തോട്ട  വിമാനത്താവളവും തുറമുഖപദ്ധതിയും നൂറുശതമാനം ചൈനീസ് ഉടമസ്ഥതയിലാണ് എന്ന് പറയുമ്പോൾ തന്നെ ആ രാജ്യത്തിൻറെ നിസ്സഹായാവസ്ഥ മനസ്സിലാക്കാമല്ലോ. അതേ പക്ഷത്തേക്ക് എന്നും ഇന്ത്യയുടെ അടുത്ത സുഹൃത്തും ഇന്ത്യയുടെ കരുതലിനും സ്നേഹത്തിനും എന്നും പാത്രീഭവിച്ചിരുന്ന നേപ്പാൾ കൂടി ചേരുന്നു എന്ന് പറയുമ്പോളാണ് അതിവിദൂരമല്ലാത്ത ഒരു അപായസൂചന നമുക്ക് മനസ്സിലാവുന്നത്.

ചൈനക്കെതിരെ ലോകമെമ്പാടുമുയരുന്ന ജനവികാരം ചെറുതല്ലാത്ത രീതിയിൽ ഇന്ത്യൻ ജനതയിലേക്കും എത്തിപ്പെടുകയുണ്ടായി. ചൈന ബഹിഷ്കരണം സാധ്യമോ അസാധ്യമോ എന്നത് കണ്ടറിയണമെങ്കിലും സംഗതി നല്ല രീതിയിൽ ഇന്ത്യയിൽ ചൂടുപിടിച്ചിരുന്നു എന്നുള്ളത് തർക്കമില്ലാത്ത കാര്യമാണ്. ലോകത്തിലെ തന്നെ ഏറ്റവും വലിയ മാർക്കറ്റായ ഇന്ത്യൻ വിപണിയിൽ നിന്നും തിരിച്ചടി നേരിടെണ്ടിവന്നാൽ താങ്ങാനാവില്ല എന്ന ബോധം ചൈനക്കുണ്ട്. എന്നിട്ടും എന്തുകൊണ്ട് ചൈന ഇത്തരം പ്രകോപനപരമായ പ്രവർത്തനങ്ങൾ അതിർത്തിയിൽ നടത്തുന്നു എന്നുള്ളത് സാധാരണക്കാരന് തികച്ചും പിടികിട്ടാത്ത കാര്യമാണെന്നുള്ളത് വാസ്തവം.

കുറച്ചു മുൻപോട്ട് ചിന്തിച്ചാൽ ഇത് ചൈനയുടെ ഒരു ടെസ്റ്റ് ഡോസ് ആവാനാണ് സാധ്യത എന്ന് പ്രതിരോധ വിദഗ്ധർ ഒന്നടങ്കം പറയുന്നു. ഇതേ പോലെയുള്ള ടെസ്റ്റ് ഡോസുകൾ പലതായവർത്തി പല രാജ്യങ്ങളോടും ചൈന നടത്തിയിട്ടുണ്ട് എന്നുള്ളതും ശ്രദ്ധേയം. ഹോങ്കോങ് പ്രഘോഭവും തായ്‌വാന്റെ പരമാധികാരം റദ്ധാക്കലുമൊക്കെ ഇതേ പോലെയുള്ള ചൈനീസ് ടെസ്റ്റ് ഡോസുകളായിരുന്നു. ഇതിപ്പോൾ ലോകത്തിനു മുഴുവനായി ചൈന കൊടുക്കാനുദ്ദേശിക്കുന്ന ഒരു സന്ദേശം കൂടി ഉൾപ്പെടുത്തിയ ടെസ്റ്റ് ഡോസ് ആണെന്ന് മാത്രം. ഇതിലൂടെ ചൈനയുടെ ഒന്നാമത്തെ ലക്ഷ്യം സമകാലിക സാഹചര്യത്തിൽ ചൈനയുടെ ഭാഗത്തു നിന്നും പ്രകോപനപരമായ പ്രവർത്തനമുണ്ടായാൽ ലോകരാഷ്ട്രങ്ങൾ എങ്ങനെ പ്രതികരിക്കുമെന്ന് അറിയണം, രണ്ടാമത്തെ ലക്ഷ്യം ചൈനയുടെ സാമ്പത്തികനട്ടെല്ലു തകർക്കുന്ന തരത്തിൽ ലോകമെമ്പാടും ഉപരോധങ്ങൾ വരാൻ സത്യതയുണ്ടെന്നിരിക്കെ, അങ്ങനെയൊരു സാഹസത്തിനു - അത് അമേരിക്കയായാലും ഇന്ത്യയായാലും മറ്റേതൊരു രാജ്യമായാൽ തന്നെയും - മുതിർന്നാൽ ചൈന കൈയും കെട്ടിനോക്കിയിരിക്കില്ല എന്നും ഇപ്പോഴത്തെ പ്രവർത്തികളിലൂടെ ചൈന പറയാതെ പറഞ്ഞു വെക്കുന്നുണ്ട്.

ചൈനയുടെ ബുദ്ധിശൂന്യമായ ഈ പ്രവർത്തിക്കു തക്ക മറുപടിനൽകാൻ തന്നെയാണ് ഇന്ത്യൻ സേനയുടെ തീരുമാനമെന്ന് അറിയാൻ കഴിയുന്നു. പ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും ഇതേ സ്വരത്തിൽ തന്നെ ചൈനീസ് ഭരണകൂടത്തോട് താക്കീത് ചെയ്യുന്നതും നമ്മൾ കണ്ടു. എന്തൊക്കെയായാലും യുദ്ധം ഒന്നിനുമൊരു പരിഹാരമാവില്ലെങ്കിലും ചില സന്ദർഭങ്ങളിൽ തിരിച്ചടിക്കാതെ ഒതുങ്ങിക്കൂടുന്നത് ശത്രുവിന് വളരാൻ വളം വയ്ക്കാൻ സാധ്യതയുണ്ട് എന്നത് കൊണ്ട്, മാതൃരാജ്യത്തിന്റെ മാനം കാക്കാൻ അതിർത്തിയിൽ രക്തം ചിന്തിയ എല്ലാ യോദ്ധാക്കൾക്കും കണ്ണീരോടെ വിട. സ്വന്തം സഹോദരങ്ങളുടെ ജീവന് പകരംവീട്ടാനായ് ആയുധങ്ങളുടെ മൂർച്ചകൂട്ടി കാത്തിരിക്കുന്ന എല്ലാ ധീര ജവാന്മാർക്കും എല്ലാ ഭാവുകങ്ങളും നേരുന്നു. ജയ് ഹിന്ദ്.

 

(സാമൂഹിക രാഷ്ട്രീയ നിരീക്ഷകനും, സ്വതന്ത്ര സാമൂഹിക മനഃശാസ്ത്ര വിദഗ്ദ്ധനുമാണ്   ലേഖകൻ)