എന്താണ് ഫേസ്ബുക്ക് അല്‍ഗോരിതം?..

അല്‍ഗോരിതം മാറിയിട്ടുണ്ടോ..

എന്താണ് ഫേസ്ബുക്ക് അല്‍ഗോരിതം?..


ഫെയിസ്ബുക്ക് അൽഗോരിതം മാറ്റി, കുത്തും, കോമയും, കമന്റും ചെയ്യൂ എന്ന വ്യാജ വാർത്ത അന്തവും കുന്തവുമില്ലാതെ സൈബർ ബുദ്ദിജീവികൾ വരെ ഷെയർ ചെയ്ത ആത്മരതിയടയുന്നു.

ഫെയിസ്ബുക്കിൽ പുതിയ അൽഗോരിതം വന്നു , 25 സുഹൃത്തുക്കൾക്ക് മാത്രമേ പോസ്റ്റുകൾ കാണാൻ സാധിക്കുകയുള്ളൂ. പോസ്റ്റുകൾ കാണാൻ ആഗ്രഹിക്കുന്നവർ കമന്റ് ചെയ്യുക എന്നാണു പ്രചരിപ്പിക്കപ്പെടുന്ന വ്യാജ പോസ്റ്റ്.

2017 മുതൽ പ്രചരിപ്പിക്കപ്പെടുന്ന ഒരു വ്യാജ വാർത്തയാണിത് എന്ന് ഫെയിസ്ബുക്ക് അധികൃതർതന്നെ വ്യക്തമാക്കിയിരുന്നു. ന്യുസ് ഫീഡുകളിൽ 25 ആളുകളെ മാത്രം നിജപ്പെടുത്തിയെന്നത് തീർത്തും വ്യാജമാണ് എന്ന് ഫോർബ്‌സ് മാഗസിനും, ബിസിനസ്സ് ഇൻസൈഡറും, വാഷിംഗ്ടൺ പോസ്റ്റും 2018 ലും, 2019 ലും കാര്യകാരണ സഹിതം ഫെയിസ്ബുക്ക് അധികൃതരെ ഉദ്ധരിച്ചുകൊണ്ട് വ്യക്തമാക്കിയിരുന്നു. നമ്മുടെ നാട്ടിൽ ഇപ്പോഴാണ് ഈ വ്യാജ വാർത്ത വൈറലായത് എന്നതുകൊണ്ടുമാത്രമാണ് യാഥാർഥ്യമറിയാതെ ആളുകൾ ഷെയർ ചെയ്യുന്നത്.

നമ്മുടെ രാജ്യം സമാനതകളില്ലാത്ത ഒരു ഭരണകൂട പ്രതിസന്ധിയെ നേരിട്ടുകൊണ്ടിരിക്കുമ്പോൾ, ജനങ്ങൾ തെരുവിലിറങ്ങി നിലനിൽപ്പിനായി സമരം ചെയുമ്പോൾ അതിൽ അവിഭാജ്യമായ പങ്കുവഹിക്കേണ്ട ഫെയിസ്ബുക്ക് പോലൊരു സാമൂഹിക മാധ്യമത്തെ വഴിതിരിച്ചു വിടാനുള്ള ഏതോ ഇത്തിക്കരപക്കിയുടെ കുടില ബുദ്ധിയാണ് 2017 മുതൽ പ്രചരിച്ച ഈ അൽഗോരിത വ്യാജ വാർത്തയുടെ മലയാളീവത്കരണം.

2017 ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രചരിച്ച വ്യാജ വാർത്ത അതേപടി മലയാളീവത്കരിച്ചതാണ് ഇപ്പോൾ വ്യാപകമായി ഷെയർ ചെയ്യപ്പെടുന്നത്. വാട്സാപ്പിലൂടെയും, ഇതര മാധ്യമങ്ങളിലൂടെയും ഒരു വിഭാഗം വ്യാപകമായ പ്രചാരണവും ഇതിനു നൽകുന്നുണ്ട്.

കാള പെറ്റൂ എന്ന് കേട്ടപാതി കേൾക്കാത്ത പാതി കയറെടുക്കാൻ ഓടുന്ന അഭിനവ സൈബർ ബുദ്ദിജീവികളുടെ ഏറ്റവും ഒടുവിലത്തെ വ്യാജ പ്രചാരണമാണ് അൽഗോരിത വാർത്ത.