ഫെയ്‌സ്ബുക്ക് ഇനി നിങ്ങൾക്ക് പണം തരും; എങ്ങനെയെന്നറിയണ്ടേ?

നിങ്ങളുടെ ശബ്ദം നല്‍കിയാല്‍ പണം നല്‍കാന്‍ തയ്യാറെന്ന് ഫെയ്‌സ്ബുക്ക്!..

ഫെയ്‌സ്ബുക്ക് ഇനി നിങ്ങൾക്ക് പണം തരും; എങ്ങനെയെന്നറിയണ്ടേ?


സ്പീച്ച്‌ റെക്കഗ്നിഷന്‍ സാങ്കേതിക വിദ്യ മെച്ചപ്പെടുത്തുന്നതിന് വേണ്ടിയുള്ള ശബ്ദ റെക്കോര്‍ഡിങ്ങുകള്‍ക്ക് ഉപയോക്താക്കള്‍ക്ക് കാശ് നല്‍കുമെന്ന് ഫെയ്‌സ്ബുക്ക്. സ്പീച്ച്‌ റെക്കഗ്നിഷന്‍ സാങ്കേതിക വിദ്യയെ പരിശീലിപ്പിക്കുന്നതിനായി ഉപയോക്താക്കളുടെ ശബ്ദം അവര്‍ അറിയാതെ രഹസ്യമായി റെക്കോര്‍ഡ് ചെയ്തതിന്റെ പേരില്‍ ഫെയ്‌സ്ബുക്ക് ഉള്‍പ്പടെയുള്ള കമ്പനികള്‍ വലിയ വിമര്‍ശനം നേരിട്ടിരുന്നു. ഇതേ തുടര്‍ന്നാണ് ശബ്ദം നല്‍കിയാല്‍ പണം നല്‍കാന്‍ തയ്യാറാണെന്ന പ്രഖ്യാപനം ഫെയ്‌സ്ബുക്ക് നടത്തിയിരിക്കുന്നത്.

ഫെയ്‌സ്ബുക്കിന്റെ മാര്‍ക്കറ്റ് റിസര്‍ച്ച്‌ ആപ്ലിക്കേഷനായ വ്യൂപോയിന്റിന്റെ 'പ്രൊനണ്‍സിയേഷന്‍സ്' എന്ന പദ്ധതിയ്ക്ക് കീഴിലാണ് ശബ്ദം ശേഖരിക്കുക. ഉപയോക്താവിന്റെ അറിവോടെയാണ് ഇത് ചെയ്യുക. എങ്കിലും ശബ്ദത്തിന്‌ വലിയ തുകയൊന്നും പ്രതീക്ഷിക്കേണ്ടതില്ല. ശബ്ദ റെക്കോര്‍ഡിങുകളുടെ ഒരു സെറ്റ് പൂര്‍ത്തിയാക്കിയാല്‍ പോയിന്റ് ആപ്ലിക്കേഷനില്‍ 200 പോയിന്റ് ലഭിക്കും. 1000 പോയിന്റുകള്‍ ലഭിച്ചാല്‍ മാത്രമേ പണം പിന്‍വലിക്കാന്‍ സാധിക്കൂ.

1000 പോയിന്റിന് അഞ്ച് ഡോളറാണ് ലഭിക്കുക. ഇത് പേ പാല്‍ വഴി പിന്‍വലിക്കാം. ഉപയോക്താക്കള്‍ക്ക് അഞ്ച് സെറ്റ് വരെ റെക്കോര്‍ഡ് ചെയ്യാം. ശബ്ദ റെക്കോര്‍ഡിങുകളും ഫെയ്‌സ്ബുക്ക് പ്രൊഫൈലും തമ്മില്‍ ബന്ധമുണ്ടാവില്ലെന്ന് ഫെയ്‌സ്ബുക്ക് പറഞ്ഞു. ഉപയോക്താക്കളുടെ അനുവാദമില്ലാതെ വ്യൂപോയിന്റിന്റെ പ്രവര്‍ത്തനങ്ങള്‍ ഫെയ്‌സ്ബുക്കുമായോ ഫെയ്‌സ്ബുക്ക് ഉടമസ്ഥതയിലുള്ള മറ്റ് സ്ഥാപനങ്ങളുമായോ പങ്കുവെക്കില്ലെന്നും ഫെയ്‌സ്ബുക്ക് പറഞ്ഞു.

  മരണം കവര്‍ന്നെടുത്ത തൻ്റെ മകളെ വീണ്ടും കണ്ട് സംസാരിച്ച് ഒരമ്മ!!...

നിലവില്‍ അമേരിക്കയില്‍ മാത്രമാണ് പ്രൊനണ്‍സിയേഷന്‍ പ്രോഗ്രാം നടത്തുന്നത്. 75 പേരില്‍ കൂടുതല്‍ ഫെയ്‌സ്ബുക്ക് സുഹൃത്തുക്കളുള്ള 18 വയസിന് മുകളില്‍ പ്രായമുള്ള അമേരിക്കക്കാര്‍ക്കാണ് ശബ്ദം നല്‍കാനാവുക. വളരെ പതുക്കെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത് എന്നതിനാല്‍ ഉപയോക്താക്കള്‍ക്കെല്ലാം ഈ സൗകര്യം ലഭിക്കില്ല. ഇന്ത്യയിലേക്കും വ്യൂപോയിന്റിന്റെ പ്രൊനണ്‍സിയേഷന്‍ പ്രോഗ്രാം കൊണ്ടുവരുമോ എന്ന് വ്യക്തമല്ല.