കൊറോണ വന്നാ കൊയപണ്ടാവും; അതോണ്ട് എല്ലാരും മാസ്ക് ഇടണം...

ഫായിസിന്റെ ബോധവല്‍ക്കരണ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറൽ

കൊറോണ വന്നാ കൊയപണ്ടാവും; അതോണ്ട് എല്ലാരും മാസ്ക് ഇടണം...


ഫായിസ് എന്ന നാലാം ക്ലാസുകരാനെ   മലയാളികള്‍ക്ക് അപരിചിതമല്ല. ഒരു കടലാസു പൂവ് ഉണ്ടാക്കുന്നതിന്റെ വീഡിയോയുമായി സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട ഈ നാലാം ക്ലാസുകരാന്‍ നിമിഷങ്ങള്‍ക്കൊണ്ടാണ് സൈബര്‍ ഇടങ്ങളില്‍ താരമായതും. കടലാസ് പൂവ് ഉണ്ടാക്കുമ്പോള്‍ ‘റെഡിയായില്ലേലും കൊയപല്യ…’ എന്നു പറഞ്ഞ ഫായിസ് വീണ്ടും സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. കൊറോണ വൈറസ് വ്യാപനത്തിന് തടയിടാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചാണ് മിടുക്കന്‍ വീഡിയോയില്‍ പറയുന്നത്.

മലപ്പുറം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് ഫായിസിന്റെ ബോധവല്‍ക്കരണ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. മലപ്പുറം ഇസ്സത്ത് സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് മുഹമ്മദ് ഫായിസ് കെ ടി.

കൊറോണ വൈറസ് വ്യാപനത്തെ പ്രതിരോധിക്കാന്‍ സാനിറ്റൈസര്‍ ഉപയോഗിച്ച് കൈ കഴുകേണ്ടത് എങ്ങനെയാണെന്നും കുഞ്ഞു ഫായിസ് വ്യക്തമാക്കുന്നുണ്ട് വീഡിയോയില്‍. കൊറോണ വന്നാല്‍ കൊയപണ്ടാവും എന്നു പറയുന്ന ഫായിസ് എല്ലാവരും പുറത്തിറങ്ങുമ്പോള്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്നും ഓര്‍മ്മപ്പെടുത്തുന്നു. കൊച്ചുമിടുക്കന്റെ ബോധവല്‍ക്കരണ വീഡിയോയും സമൂഹമാധ്യമങ്ങളില്‍ ഇതിനോടകം തന്നെ ശ്രദ്ധ നേടിക്കഴിഞ്ഞു.

കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനും ഫായിസിനെ അഭിനന്ദിച്ചിരുന്നു. തോല്‍വികളില്‍ തളരാതെ വീണ്ടും വീണ്ടും പ്രയത്‌നിക്കാനുള്ള സന്ദേശം പകരുന്നതാണ് ഫായിസിന്റെ വാക്കുകള്‍ എന്നും ഈ മിടുക്കന്‍ ലോകത്തിന് മാതൃകയാണെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. ‘ചെലോത് റെഡി ആകും. ചെലോത് റെഡി ആകൂല. റെഡി ആയില്ലെങ്കിലും മ്മക്ക് ഒരു കൊയപ്പല്യാ…’ എന്ന ഫായിസിന്റെ വാക്കുകളാണ് കൊച്ചു മിടുക്കനെ താരമാക്കിയത്.

 

 

 

വീഡിയോ