ഇടുക്കി ഡാം തുറന്നു; ചെറുതോണി പുഴയിലൂടെ ജലം കുതിച്ചോഴുകി തുടങ്ങി.

ഇടുക്കി ഡാം തുറന്നു; ചെറുതോണി പുഴയിലൂടെ ജലം കുതിച്ചോഴുകി  തുടങ്ങി.


തൊടുപുഴ: ശക്​തമായ മഴയെ തുടര്‍ന്ന്​ ജലനിരപ്പ്​ ഉയര്‍ന്ന സാഹചര്യത്തില്‍ ഇടുക്കി ജലസംഭരണിയുടെ ഭാഗമായ ചെറുതോണി അണക്കെട്ടിന്‍റെ ഷട്ടര്‍ തുറന്നു. രാവിലെ 11ന്​ ചെറുതോണി ഡാമിന്‍റെ മൂന്ന്​ ഷട്ടറുകള്‍ 50 സെന്‍റീമീറ്റര്‍ വീതം ഉയര്‍ത്തിയാണ് സെക്കന്‍ഡില്‍ 100 ക്യുമക്സ് വെള്ളം (ഒരു ലക്ഷം ലിറ്റര്‍) പുറത്തേക്ക് ഒഴുക്കിവിടുന്നത്.

ഇടുക്കി ഡാം തുറക്കലിന്‍റെ മുന്നോടിയായി രാവിലെ 10.55ന് മുന്നറിയിപ്പ് സൈറണ്‍ മുഴക്കി. ഇതിന് പിന്നാലെ 11 മണിയോടെ മൂന്നാമത്തെ ഷട്ടറാണ് ആദ്യം തുറന്നത്. ജലസേചന മന്ത്രി റോഷി അഗസ്റ്റിന്‍, വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി, ജില്ല കലക്ടര്‍ ഷീബ ജോര്‍ജ്, വൈദ്യുതി ബോര്‍ഡ് ചീഫ് എന്‍ജിനീയര്‍ സുപ്രിയ എസ്. ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ പ്രസന്നകുമാര്‍, എക്സിക്യൂട്ടീവ് ആര്‍. ശ്രീദേവി എന്നിവരുടെ സാന്നിധ്യത്തില്‍ ഷട്ടര്‍ തുറന്നത്.

ചെറുതോണി ഡാമിന്‍റെ ഷട്ടറുകള്‍ തുറന്നതോടെ വെള്ളം ആദ്യം ചെറുതോണി പുഴയിലൂടെ ഒഴുകി പെരിയാറിലേക്ക് കുതിച്ചൊഴുകി. അവിടെനിന്ന്​ നേര്യമംഗലം വഴി ഭൂതത്താന്‍കെട്ട്​ അണക്കെട്ടിലൂടെ കീരമ്ബാറ, കോടനാട്​, മലയാറ്റൂര്‍, കാലടി, ആലുവ, നെടുമ്ബാശ്ശേരി, ഏലൂര്‍, എന്നിവിടങ്ങളിലൂടെ ഒഴുകി അറബിക്കടലിലും കായലിലും എത്തും. സമീപ വില്ലേജുകളായ ഇടുക്കി, തങ്കമണി, ഉപ്പുതോട്​, കഞ്ഞിക്കുഴി എന്നിവിടങ്ങളിലെ കുടുംബങ്ങളെയാകും കാര്യമായി ബാധിക്കാനാണ് സാധ്യത.

അണക്കെട്ട്​ തുറക്കുന്നതിന്‍റെ ഭാഗമായി ശക്​തമായ മുന്‍കരുതല്‍ നടപടി സ്വീകരിച്ചിട്ടുണ്ട്​. തീരദേശത്ത് അതീവ ജാഗ്രത പുലര്‍ത്താനും ആളുകള്‍ അനാവശ്യമായി പെരിയാറില്‍ ഇറങ്ങാതിരിക്കാനും രാത്രികാല യാത്രകള്‍ നിയന്ത്രിക്കാനും ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കിയിട്ടുണ്ട്.

2403 അടിയാണ്​ അണക്കെട്ടിന്‍റെ പൂര്‍ണ സംഭരണശേഷി. ഇന്ന് രാവിലെ​ എട്ട്​ വരെയുള്ള കണക്ക്​ പ്രകാരം 2398.04 അടിയാണ്​ ജലനിരപ്പ്​. ഇത്​ സംഭരണശേഷിയു​ടെ 94.19 ശതമാനമാണ്​. ജലനിരപ്പ് 2396.86 അടി കടന്നതിനെ തുടര്‍ന്ന്​ തിങ്കളാഴ്​ച രാവിലെ ഏഴിന് ഇടുക്കി​ കലക്​ടര്‍ ഒാറഞ്ച്​ അലര്‍ട്ടും​ രാത്രിയോടെ റെഡ്​ അലര്‍ട്ടും​ പ്രഖ്യാപിച്ചിരുന്നു.