ദമ്പതിമാര്‍ സഞ്ചരിച്ച ബൈക്കില്‍ ടിപ്പര്‍ലോറിയിടിച്ച്‌ യുവാവിന് ദാരുണാന്ത്യം

ദമ്പതിമാര്‍ സഞ്ചരിച്ച ബൈക്കില്‍ ടിപ്പര്‍ലോറിയിടിച്ച്‌ യുവാവിന് ദാരുണാന്ത്യം


കൊട്ടാരക്കരയില്‍ ദമ്പതിമാര്‍ സഞ്ചരിച്ച ബൈക്കില്‍ ടിപ്പര്‍ലോറിയിടിച്ച്‌ യുവാവിന് ദാരുണാന്ത്യം.  പാറയുമായി വന്ന ടിപ്പര്‍ ലോറിയാണ് ബൈക്കില്‍  ഇടിച്ച്‌ത്.  വെട്ടിക്കവല കോക്കാട് ജയഭവനില്‍ മനോജ് (44) ആണ് മരിച്ചത്. ഭാര്യ ജയ മനോജിനെ (40)ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെട്ടിക്കവല-വാളകം റോഡില്‍ ചിരട്ടക്കോണത്ത് ഇന്നലെ രാവിലെ പത്തോടെ ആയിരുന്നു അപകടം നടന്നത്. തലച്ചിറ ഭാഗത്തുനിന്നെത്തി പനവേലി ഭാഗത്തേക്കു തിരിയുകയായിരുന്നു ബൈക്ക്. വെട്ടിക്കവലയില്‍നിന്ന് വാളകത്തേക്കുപോയ ടിപ്പര്‍ ലോറിയാണ് ഇടിച്ചത്.

ലോറിക്കടിയില്‍പ്പെട്ട ഇരുവരെയും നിരക്കി ഇരുപത് മീറ്ററോളം ഓടിയാണ് വണ്ടി നിന്നത്. പോലീസും നാട്ടുകാരും ചേര്‍ന്ന് ഏറെ സാഹസപ്പെട്ടാണ് ഇരുവരെയും പുറത്തെടുത്തത്. ആംബുലന്‍സ് എത്താന്‍ അരമണിക്കൂറോളം വൈകിയത് വന്‍ പ്രതിഷേധത്തിന് കാരണമായി. വെട്ടിക്കവല ഗ്രാമപ്പഞ്ചായത്തില്‍ പുതുതായി വാങ്ങിയ ആംബുലന്‍സ് എത്തിച്ചാണ് ഇവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കു കൊണ്ടുപോയത്.

ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ മനോജ് മരിച്ചു. കിളിമാനൂരില്‍ വഴിയോരക്കട ഹോട്ടലിലെ ജീവനക്കാരനായിരുന്നു മനോജ്. രണ്ടു മക്കളുണ്ട്.