ഇന്ന് 'സ്വാതന്ത്ര്യ ദിനം' ബ്രിട്ടീഷുകാരുടെ അടിമത്വത്തിൽനിന്നും നാം മോചിതരായ ദിനം

ലക്ഷോപലക്ഷം പേര് ആത്മത്യാഗം ചെയ്തതിന്റെ പരിണിതഫലമാണ് നമ്മുടെ സ്വാതന്ത്ര്യം

ഇന്ന് 'സ്വാതന്ത്ര്യ ദിനം' ബ്രിട്ടീഷുകാരുടെ അടിമത്വത്തിൽനിന്നും നാം മോചിതരായ ദിനം


ഇന്ന് ആഗസ്ത് പതിനഞ്ച്... 
ബ്രിട്ടീഷുകാരുടെ അടിമത്വത്തിൽനിന്നും നാം മോചിതരായ ദിനം . ലോകത്തെ ഒട്ടുമിക്ക  രാജ്യങ്ങളും മറ്റുള്ളവരുടെ കീഴിൽ ഭരിക്കപ്പെട്ടിട്ടുണ്ട്, കഷ്ടപെട്ടിട്ടുണ്ട് . ഒരു വിപ്ലവത്തിലൂടെയോ , മഹാവിപ്ലവത്തിലൂടെയോ അനേകം പേരെ ബലി നൽകി അവരൊക്കെ പിന്നീട് സ്വാതന്ത്ര്യവും നേടിയിട്ടുണ്ട് .ഇന്ത്യാമഹാരാജ്യം  സ്വാതന്ത്ര്യം നേടിയത്  സമാധാനത്തിലും ,സാഹോദര്യത്തിലുംകൂടി ആണെങ്കിലും നമ്മുക്ക് അതിനു ഒരു പാട് വില നല്കേണ്ടിവന്നിട്ടുണ്ട് . ലക്ഷോപലക്ഷം പേര് ആത്മത്യാഗം ചെയ്തതിന്റെ പരിണിതഫലമാണ് നമ്മുടെ സ്വാതന്ത്ര്യം . അതിൽ സാധാരണക്കാരായ പാവപ്പെട്ടവർ മുതൽ , ചെറുകിട രാജ്യങ്ങൾ ഭരിച്ചിരുന്ന രാജാക്കന്മാർ വരെയുണ്ട് . ചെറിയ എഴുത്തുകാർ മുതൽ , മഹാകവിമാരും ഉണ്ട് .വിദ്യാർത്ഥികൾ മുതൽ അദ്ധ്യാപകർ വരെയുണ്ട് . തൊഴിലാളിക്കും മുതലാളിക്കും ഒരേ പോലെ ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട് .ജാതിയുടെയും , മതത്തിന്റെയും അതിർവരമ്പുകളില്ലാതെ ഈ മഹാസമരത്തിൽ എല്ലാവരും ഒന്നായി ജീവിക്കുകയും , ബ്രിട്ടീഷുകാരുടെ ആക്രമണത്തിൽ അർദ്ധപ്രാണരായി കഴിയുകയും അതിനുപരിയായി ഒരുപാടുപേർ ജീവത്യാഗവും ചെയ്തു നേടിയതാണ് നമ്മൾ അനുഭവിക്കുന്ന ഈ സ്വാതന്ത്ര്യം . സ്വാതന്ത്ര്യത്തിന്റെ വില അറിയണമെങ്കിൽ ഒന്നുകിൽ നാം പാരതന്ത്ര്യം അനുഭവിക്കണം . അല്ലെങ്കിൽ അക്കാലങ്ങളിലെ ചരിത്രം വായിച്ചു പഠിച്ചു അവ മനസ്സിലാക്കാൻ ശ്രമിക്കണം .

മറ്റുള്ള ആഘോഷങ്ങളെ  പോലെ സ്വാതന്ത്ര്യ ദിനം ഒരു ആഹ്ളാദത്തിന്റെ  ദിനം മാത്രം അല്ല.നമ്മുക്ക് സ്വാതന്ത്ര്യം നേടി തന്നവരെ സ്മരിക്കലും അവർക്കുവേണ്ടി പ്രാർത്ഥിക്കലും കൂടിയാണ് . ഭാരതത്തിന്റെ പതാക നാം ആകാശത്തിലേക്ക്  ഉയർത്തുമ്പോൾ അവ ഉയർത്തുന്നത് നമ്മുടെ ഇടയിലുള്ള ജീവിച്ചിരിക്കുന്നവർ ആണെങ്കിലും അവർ ഒരു പ്രതീകം മാത്രമാണ് .നമ്മുടെ മനസ്സിൽ ഓര്മവരേണ്ടതു ഈ ഫ്ലാഗ് ഉയർത്താൻ നമ്മെ പ്രാപ്തരാക്കിയ,   ഇതിനു വേണ്ടി ജീവത്യാഗം ചെയ്ത,  അർധപ്രാണരായി ജീവിച്ച,  ഒരിക്കലെങ്കിലും ബ്രിട്ടീഷുകാരുടെ ജയിലുകളിൽ അന്തിയുറങ്ങിയവരെ  ആയിരിക്കണം . അവർ സ്വർഗത്തിലിരുന്നു നാം ആഘോഷിക്കുന്നതു കാണട്ടെ,  സന്തോഷിക്കട്ടെ . അവരുടെ  മക്കളും , പേര മക്കളും നമ്മോടൊപ്പം അണിചേരട്ടെ . അഭിമാനത്തിന്റെ ഈ നിമിഷത്തിൽ ആ പേരമക്കൾക്കു ചാരിതാർഥ്യവും , നാം അവരോടൊപ്പമുള്ള സന്തോഷവും ഹൃദയത്തിൽ നിറയട്ടെ. മറ്റൊന്ന് സ്വാതന്ത്ര്യം മാത്രം പോരാ  ശത്രുരാജ്യങ്ങളിൽ നിന്ന് നമ്മുടെ മഹാരാജ്യത്തെ കാത്തു സൂക്ഷിക്കുന്ന നമ്മുടെ അഭിമാനിതരായ പട്ടാളക്കാരെയും ഓരോ നിമിഷത്തിലും ഓർക്കണം . എല്ലാ ദിവസവും അതിനിടയിൽ കൊഴിഞ്ഞു പോകുന്ന ഓരോ ജീവന് വേണ്ടിയും നമ്മുക്ക് പ്രാർത്ഥിക്കാം . ആരുടേയും പേരെടുത്തു എഴുതിയാൽ അവ അപൂർണ്ണമായി പോകും. ഈ ബ്ലോഗ് വായിക്കുന്ന ഓരോരുത്തരും അത് ചരിത്രത്തിൽ നിന്ന് പഠിക്കട്ടെ . നമ്മുക്ക് ഈ സ്വാതന്ത്ര്യം നിലനിർത്താം . ഒന്നിച്ചു പോരാടാം , ജീവിക്കാം വേണ്ടി വന്നാൽ ഒന്നിച്ചു മരിക്കാം.