വിദ്യാർത്ഥികൾ ദുരിതത്തിൽ ചെലവ് ഒരു ലക്ഷത്തിലേറെ :ബ്രിട്ടൻ യാത്രക്കാരെ പിഴിഞ്ഞ് എയർ ഇന്ത്യ

വിദ്യാർത്ഥികൾ ദുരിതത്തിൽ ചെലവ് ഒരു ലക്ഷത്തിലേറെ :ബ്രിട്ടൻ യാത്രക്കാരെ പിഴിഞ്ഞ് എയർ ഇന്ത്യ


യുകെയിലേക്ക് ഇന്ത്യയിൽ നിന്ന് നേരിട്ടു പറക്കാൻ ചെലവ് ഒരു ലക്ഷത്തിലേറെ. ഞായറാഴ്ച പുലർച്ചെ മുതൽ ആംബർ ലിസ്റ്റിലായ ഇന്ത്യയിൽ നിന്നു ബ്രിട്ടനിലേക്കും തിരിച്ചും പറക്കാൻ കാത്തിരുന്നവരെ പിഴിയുകയാണ് എയർ ഇന്ത്യ ഉൾപ്പെടെയുള്ള വിമാനക്കമ്പനികൾ. ഇന്ത്യയിലേക്ക് നേരിട്ടുള്ള എല്ലാ വിമാനത്തിലും ഒരുലക്ഷത്തിനു മുകളിലാണു ടിക്കറ്റ് നിരക്ക്.

ഏ റെ നാളത്തെ കാത്തിരിപ്പിന് ശേഷം ഇന്ത്യ ആംബർ ലിസ്റ്റിലായതോടെ ഈ നിരക്കിലും ടിക്കറ്റെല്ലാം ചൂടപ്പം പോലെ വിറ്റു തീരുകയാണ്. ടിക്കറ്റ് നിരക്ക് കണ്ട് ഞെട്ടിയ ചിലരാകട്ടെ യാത്ര തന്നെ മാറ്റി വക്കുന്നുമുണ്ട്. നാട്ടിൽനിന്നും ബ്രിട്ടനിലേക്കു പറക്കാൻ കാത്തിരിക്കുന്ന യൂണിവേഴ്സിറ്റി വിദ്യാഥികളാണ് യാത്രക്കാരിൽ അധികവും.ഇന്ത്യയിൽ നിന്നു ബ്രിട്ടനിലേക്ക് നേരിട്ടു പറക്കുന്ന എയർ ഇന്ത്യ, ബ്രിട്ടീഷ് എയർവേസ്, വിസ്താര, വെർജിൻ അറ്റ്ലാന്റിക് എന്നീ വിമാനങ്ങളിലെല്ലാം ഓഗസ്റ്റ് ആദ്യത്തിൽ ഒരുലക്ഷം മുതൽ ഒന്നര ലക്ഷം രൂപവരെയാണ് ഇക്കോണമി ക്ലാസിലെ ടിക്കറ്റ് നിരക്ക്. പല വിമാനങ്ങളിലും ടിക്കറ്റ് കിട്ടാനുമില്ല.ടിക്കറ്റ് നിരക്ക് കുതിച്ചുയർന്നത് പ്രതിഷേധത്തിന് ഇടയാക്കിയപ്പോൾ ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ വിമാനക്കമ്പനികളിൽ നിന്നും വിവരം തേടിയിരുന്നു. എന്നാൽ കോവിഡ് സാഹചര്യത്തിൽ വിമാനങ്ങളുടെ എണ്ണം പരിമിതപ്പെടുത്തിയിരിക്കുന്നതിനാൽ ഇക്കാര്യത്തിൽ അധികൃതരും കൈമലർത്തുകയാണ്.

ഇരു രാജ്യങ്ങൾക്കുമിടയിലെ നേരിട്ടുള്ള വിമാന സർവീസുകളുടെ എണ്ണം നിലവിൽ ആഴ്ചയിൽ 30 ആയാണ് പരിമിതപ്പെടുത്തിയിയിരിക്കുന്നത്. ഈ പരിധി നീക്കുന്നതുവരെ നിലവിലെ ടിക്കറ്റ് നിരക്ക് യാത്രക്കാരുടെ കൈ പൊള്ളിക്കുന്നത് തുടരുമെന്നാണ് ഈ രംഗത്ത് പ്രവർത്തിക്കുന്നവർ പറയുന്നത്.