പാരാലിമ്ബിക്‌സില്‍ ഇന്ത്യയ‌്ക്ക് സുവര്‍ണത്തിളക്കം.

പാരാലിമ്ബിക്‌സില്‍ ഇന്ത്യയ‌്ക്ക് സുവര്‍ണത്തിളക്കം.


ടോക്യോ:പാരാലിമ്ബിക്‌സില്‍ ഇന്ത്യയ‌്ക്ക് സുവര്‍ണത്തിളക്കം. വനിതകളുടെ പത്ത് മീറ്റര്‍ എയര്‍ റൈഫിള്‍സില്‍ (സ്‌റ്റാന്‍ഡിംഗ്) ഇന്ത്യയുടെ ആവണി ലെഖാര സ്വര്‍ണം നേടി.249.6 എന്ന റെക്കോഡോടെയാണ് ആവണി സുവര്‍ണനേട്ടം സ്വന്തമാക്കിയത്.ചൈനയുടെ ഷാംഗ് വണ്‍ വെള്ളിയും ഉക്രൈന്റെ ഐറിന ഷേഷ്‌ടനിക് വെങ്കലവും നേടി.

കഴിഞ്ഞ ദിവസം രണ്ട് വെള്ളിയും ഒരു വെങ്കലവുമടക്കം മൂന്ന് മെഡലുകള്‍ പാരാലിമ്ബിക്സ് വേദിയില്‍ നിന്ന് ഇന്ത്യന്‍ താരങ്ങള്‍ സ്വന്തമാക്കിയിരുന്നു. ടേബിള്‍ ടെന്നിസില്‍ ഭവിനബെന്‍ പട്ടേലും ഹൈജമ്ബില്‍ നിഷാദ് കുമാറുമാണ് വെള്ളിനേടിയത്. ഡിസ്കസ് ത്രോയില്‍ വിനോദ് കുമാറിനാണ് വെങ്കലം. ചരിത്രത്തിലാദ്യമായാണ് പാരാലിമ്ബിക്സില്‍ ഇന്ത്യ ഒരു ദിവസം മൂന്ന് മെഡല്‍ നേടുന്നത്. ഇന്നലെ രാവിലെ ഭവിനയാണ് ഇന്ത്യയുടെ ആദ്യ മെഡല്‍ നേടിയത്. അരയ്ക്കു താഴേക്ക് തളര്‍ന്നവരുടെ വിഭാഗത്തില്‍ (ക്ലാസ് 4) വെള്ളിനേടിയാണ് ഭവിന രാജ്യത്തിന്റെ അഭിമാനമായത്. ലോക ഒന്നാം നമ്ബര്‍ താരം ചൈനയുടെ യിംഗ് സൂവാണ് സ്വര്‍ണം നേടിയത്. ഒന്നാം വയസില്‍ പോളിയോ ബാധിച്ചാണ് ഗുജറാത്തിലെ വഡനഗര്‍ സ്വദേശിയായ ഭവിനയുടെ അരയ്ക്കുതാഴേക്ക് തളര്‍ന്നത്.

ഹൈജമ്ബ് ഫൈനലില്‍ 2.06 മീറ്റര്‍ ഉയരം താണ്ടി ഏഷ്യന്‍ റെക്കാഡിനൊപ്പമെത്തിയ പ്രകടനത്തോടെയാണ് നിഷാദ് കുമാര്‍ വെള്ളി സ്വന്തമാക്കിയത്. ഡിസ്ക്സ് ത്രോയില്‍ 19.91 മീറ്റര്‍ എറിഞ്ഞ വിനോദ് കുമാറും ഏഷ്യന്‍ റെക്കാഡ‍ോടെയാണ് മെഡല്‍ നേടിയത്.

 

മെഡല്‍ ജേതാക്കളെ രാഷ്ട്രപതി, പ്രധാനമന്ത്രി, കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി തുടങ്ങിയവര്‍ അഭിനന്ദിച്ചു. തന്റെ നാട്ടുകാരികൂടിയായ ഭവിനയെ പ്രധാനമന്ത്രി വീഡിയോകാളിലൂടെ രാജ്യത്തിന്റെ അനുമോദനമറിയിച്ചു. ഭവിനയ്ക്ക് ഗുജറാത്ത് സര്‍ക്കാര്‍ മൂന്നുകോടി രൂപ സമ്മാനം പ്രഖ്യാപിച്ചു.