ബാംഗ്ലൂരിനെ 69 റണ്‍സിന് തകര്‍ത്ത് ചെന്നൈ.

ബാംഗ്ലൂരിനെ 69 റണ്‍സിന് തകര്‍ത്ത് ചെന്നൈ.


 

മുംബൈ: 28 പന്തുകളിൽ നിന്നും പുറത്താവാതെ 62 റൺസ്, നാലോവറിൽ വെറും 13 റൺസ് മാത്രം വിട്ടുനൽകി മൂന്ന് വിക്കറ്റ്, ഒരു കിടിലൻ റൺ ഔട്ട്... രവീന്ദ്ര ജഡേജ എന്ന പ്രതിഭാധനനായ താരത്തിന്റെ കരുത്തിൽ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിനെ 69 റൺസിന് കീഴടക്കി ചെന്നൈ സൂപ്പർ കിങ്സ്.

ചെന്നൈ ഉയർത്തിയ 192 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ബാംഗ്ലൂരിന് നിശ്ചിത ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ വെറും 122 റൺസേ നേടാനായുള്ളൂ. ബാംഗ്ലൂർ ഈ സീസണിൽ വഴങ്ങുന്ന ആദ്യ തോൽവിയാണിത്. രവീന്ദ്ര ജഡേജയുടെ ഓൾറൗണ്ട് മികവാണ് ചെന്നൈയ്ക്ക് തുണയായത്. ഈ വിജയത്തോടെ അഞ്ച് കളികളിൽ നിന്നും നാല് വിജയങ്ങളുള്ള ചെന്നൈ പോയന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തി. തോൽവിയോടെ ബാംഗ്ലൂർ രണ്ടാം സ്ഥാനത്തേക്ക് ഇറങ്ങി.

ചെന്നൈ ഉയർത്തിയ 192 റൺസെന്ന കൂറ്റൻ വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ബാംഗ്ലൂരിന് തകർപ്പൻ തുടക്കമാണ് ഓപ്പണർമാരായ ദേവ്ദത്ത് പടിക്കലും വിരാട് കോലിയും ചേർന്ന് നൽകിയത്. ദേവ്ദത്തായിരുന്നു കൂടുതൽ അപകടകാരി. ആദ്യ മൂന്നോവറിൽ ഇരുവരും ചേർന്ന് 44 റൺസ് കൂട്ടിച്ചേർത്തു.

എന്നാൽ നാലാം ഓവറിലെ ആദ്യ പന്തിൽ നായകൻ വിരാട് കോലിയെ ധോനിയുടെ കൈയ്യിലെത്തിച്ച് സാം കറൻ ബാംഗ്ലൂരിന്റെ ആദ്യ വിക്കറ്റ് വീഴ്ത്തി. വെറും എട്ട് റൺസ് മാത്രമാണ് താരത്തിന് നേടാനായത്. പിന്നാലെയെത്തിയ വാഷിങ്ടൺ സുന്ദറിനെ കൂട്ടുപിടിച്ച് ദേവ്ദത്ത് 5.2 ഓവറിൽ ടീം സ്കോർ 50 കടത്തി. എന്നാൽ അഞ്ചാം ഓവറിലെ അവസാന പന്തിൽ 15 പന്തുകളിൽ നിന്നും 34 റൺസെടുത്ത ദേവ്ദത്തിനെ ശാർദുൽ ഠാക്കൂർ മടക്കി. ഇതോടെ ബാം?ഗ്ലൂർ പതറി. ദേവ് മടങ്ങുമ്പോൾ 54 ന് രണ്ട് എന്ന നിലയിലായിരുന്നു ബാംഗ്ലൂർ. പിന്നാലെ ക്രീസിലെത്തിയ മാക്സ്വെൽ ബാറ്റിങ് പവർപ്ലേയിൽ ടീം സ്കോർ 65ൽ എത്തിച്ചു.