ഒരാളെപ്പോലെ 7 പേർ ഉണ്ടാകും എന്നു പറയാറുണ്ട്! നമ്മളുടെ ആ അപരന്മാർ എവിടെയൊക്കെയാണ് എന്ന് നാം ചിന്തിച്ചിട്ടുണ്ടോ?.

ഒരാളെപ്പോലെ 7 പേർ ഉണ്ടാകും എന്നു പറയാറുണ്ട്! നമ്മളുടെ ആ അപരന്മാർ എവിടെയൊക്കെയാണ് എന്ന്  നാം ചിന്തിച്ചിട്ടുണ്ടോ?.


ഒരാളെപ്പോലെ 7 പേർ ഉണ്ടാകും എന്നു പറയാറുണ്ട്. എന്നാൽ ഒരാളെപ്പോലെ 7 പേരില്ല എന്നും ഒരാളെപ്പോലെ ഒരാൾ മാത്രമേയുള്ളൂ എന്നും ചിലർ അതിനോട് വ്യത്യസ്തപ്പെടും. അവരത് പറയുക മനസ്സിന്റെ അവസ്ഥകളെ കണക്കുകൂട്ടിയാണ്. അപ്പോഴും പക്ഷെ ബാഹ്യമായ ശാരീരികഘടനയിൽ ഒരാൾക്ക് 7 അപരൻ വരെയാകാമത്രെ..അങ്ങനെ ചിന്തിച്ചാൽ നമ്മളുടെ ആ അപരന്മാർ എവിടെയൊക്കെയാകാം എന്നൊക്കെ നാം ചിന്തിക്കുന്നത് എത്ര രസകരമാകും.

3 വർഷങ്ങൾക്ക് മുൻപ് മുടിയും താടിയും നീട്ടി വളർത്തിയ എന്നെ ആദ്യമായി കണ്ടൊരാളാണ് നിനക്ക് മോഹൻലാലിന്റെ മകന്റെ രൂപസാദൃശ്യമുണ്ട് എന്നെന്നോട് പറഞ്ഞത്. മോഹൻലാലിനെപ്പോലെ ഒരു മഹാനടന്റെ മകന്റെ രൂപമാണ് എനിക്കുമെന്ന ആ സുഹൃത്തിന്റെ വിശേഷണത്തിന്റെ അർത്ഥം ഒരല്പം അമ്പരപ്പോടെ അന്വേഷിച്ചു മുറിയിലെ കണ്ണാടിക്കു മുന്നിൽ നിൽക്കുമ്പോഴും പക്ഷെ ഞാൻ അവിടെ കണ്ടത് എന്നെതെന്നയാണ്. അതെന്റെ അമ്പരപ്പൊ ആത്മവിശ്വാസക്കുറവോ ആയിരുന്നിരിക്കാം.

ലോകസിനിമയിലെ തന്നെ ഏറ്റവും മികവുറ്റ നടന്മാരിൽ ഒരാളായ, മലയാളിയുടെ സിനിമാജീവിതത്തിന്റെ ഒപ്പം സഞ്ചരിക്കുന്ന, മോഹൻലാലിന്റെ രൂപഭാവങ്ങളുടെ ഓരോ കാണികകളും അത്രയേറെ മനഃപാഠമാക്കിയ ഭൂരിപക്ഷമലയാളിക്ക് പക്ഷെ അതുവരെ ഒരുപക്ഷേ ആ മകൻ പേരിനപ്പുറം അത്രകണ്ടു സുപരിചിതനായിരുന്നില്ല. ഒരു താരപുത്രനു അപ്പുറമുള്ള അയാളുടെ സാധാരണ ജീവിതശൈലികളും യാത്രകളും Limelightൽ നിന്നുമകന്നുള്ള ജീവിതമായിരുന്നിരിക്കാം അതിന് കാരണം. പക്ഷെ ആദി എന്ന ആദ്യസിനിമയോടെ അച്ഛന്റെ അതേപാതയിൽ തന്നെ മകന്റെ രൂപങ്ങളും മലയാളിയുടെ ഉള്ളിൽ പതിഞ്ഞു. ഒപ്പം ഞാനും..

ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ചൊരിക്കൽ പെട്ടന്നൊരപരിചിതൻ താങ്കളെ നല്ല മുൻപരിചയമുണ്ടല്ലോ എന്നപേരിൽ വന്നു പരിചയപ്പെട്ടു. ഞാനൊരിക്കൽ പോലും കണ്ടിട്ടില്ലാത്ത ആ വ്യക്‌തി, താങ്കൾക്ക് മോഹൻലാലിന്റെ മകന്റെ അപാരമായ രൂപസാദൃശ്യമുണ്ട് സുഹൃത്തേ, അതുകൊണ്ടാണ് എനിക്ക് മുൻപരിചയം തോന്നിയത് എന്ന വാക്കുകളിലൂടെ എന്നെ ഞെട്ടിച്ചു. തുടർന്നിങ്ങോട്ട് ഞാൻ ജീവിതത്തിൽ പരിചയപ്പെട്ട പലരും ഇതാവർത്തിക്കാൻ തുടങ്ങിയതോടെ എന്നിൽ ആത്മവിശ്വാസത്തിന്റെ ഭാവങ്ങൾ ഉണർന്നു. ഒരിക്കൽ പോലും മനപൂർവമായ ഒരു Getup changeനുള്ള ശ്രമം നടത്തിയിട്ടില്ലാതിരുന്ന ഞാൻ പിന്നീട് കണ്ണാടിയുടെ മുന്നിൽ നിൽക്കുമ്പോൾ എന്റെ രൂപത്തിനൊപ്പം ഞാൻ പ്രണവ് മോഹൻലാലിനെയും കാണാൻ തുടങ്ങി.

അതെന്റെ ജീവിതത്തിന്റെ ദിശകളിൽ ചെറിയ മാറ്റങ്ങൾ വരുത്താൻ തുടങ്ങി. എന്റെയും പ്രണവ് മോഹൻലാലിന്റേയും ഈ രൂപസാദൃശ്യം പയ്യെ സോഷ്യൽ മീഡിയയിൽ ചർച്ചയായി വന്ന കാലത്താണ് അപ്രത്യക്ഷമായി ഒരു ബഹുമതി തേടിയെത്തിയത്. മിമിക്രി എന്ന കലയിലൂടെ കടന്നു വന്ന് സിനിമയിൽ അഭിനയത്തിന്റെ പുതിയ മേച്ചിൽപ്പുറങ്ങൾ സൃഷ്ടിച്ച സാക്ഷാൽ സുരാജ് വെഞ്ഞാറമൂടിന്റെ ട്രൂപ്പിൽ പ്രണവ് മോഹൻലാലിന്റെ ഫിഗർ ചെയ്യാനുള്ള ക്ഷണം. അതായിരുന്നു തുടക്കം. തുടർന്നിങ്ങോട്ട് സുരാജേട്ടനൊപ്പം നിരവധി ചാനൽ ഷോകളിലും, മഴവിൽ മനോരമ, ഏഷ്യാനെറ്റ് അവാർഡ് ഷോകളിലും പങ്കെടുത്തു. ഏറ്റവുമൊടുവിൽ ഫ്ളവേഴ്സ് ചാനലിന്റെ ഗിന്നസ് വേൾഡ് റെക്കോർഡ് പ്രോഗ്രാം ചെയ്തു അവാർഡും കരസ്ഥമാക്കി. 2 3 സിനിമകളിലും വേഷങ്ങൾ ലഭിച്ചു. ഇക്കാലയളവിൽ എല്ലാം ഒരു എന്നെപ്പോലെ ഒരു പുതുമുഖത്തെ ഒരു ജ്യേഷ്ഠനെപ്പോലെ കൂടെ നിന്ന് സപ്പോർട്ട് ചെയ്ത സുരാജ് വെഞ്ഞാറമൂട് എന്ന വലിയ കലാകാരനെ നന്ദിയോടെ മാത്രമേ ഓർക്കാൻ സാധിക്കൂ. യാതൊരു മുൻപരിചയങ്ങളും ഇല്ലാത്ത എന്നെപ്പോലെ ഒരാളെ കൂടെ ചേർത്തു നിർത്തി ആളുകൾക്ക് മുന്നിൽ ധൈര്യമായി നീ അവതരിപ്പിച്ചു വാ എന്ന ഒരു കോണ്ഫിഡൻസ് ഒക്കെ നൽകുമ്പോൾ ദേശീയ അവാർഡും സംസ്ഥാന അവാർഡും വരെ നേടിയ ഒരു നടന്റെ എളിമയും സഹജീവിസ്നേഹവും ജീവിതത്തിൽ പാലിക്കേണ്ടതായ ഒരു വലിയ പാഠമായി അനുഭവപ്പെടുന്നു. അദ്ദേഹത്തിന്റെ കാൽ തൊട്ടുവന്ദിച്ചനുഗ്രഹം വാങ്ങിയ ശേഷം സ്റ്റേജിൽ ആദ്യമായി കാൽ എടുത്തുവെച്ച നിമിഷം അത്രമേൽ എനിക്ക് പ്രിയപ്പെട്ടതാകുന്നു.

സിനിമകൾ അധികം കാണുക എന്ന വലിയ ശീലം ഇല്ലാതിരുന്ന, അധികം സുഹൃത്തുക്കൾ ഇല്ലാതിരുന്ന, അന്തർമുഖനായിരുന്ന എന്നെ ആളുകൾക്ക് മുന്നിൽ ധൈര്യത്തോടെ നിൽക്കാനും സംസാരിക്കാനും ഇടപഴകാനും ഇന്ന് അനേകം സുഹൃത്തുക്കൾ ഉള്ള ഒരാളായി മാറാനും സാധിച്ചതിന് പിന്നിൽ ഇങ്ങനെ ഒരു വ്യക്തിയുടെ മനപൂർവമല്ലാത്ത രൂപസാദൃശ്യം കാരണമായി എന്നത് ഒരുപാടോരുപാട് നന്ദിയോടെ മാത്രം ഓർക്കേണ്ടിവരുന്നുണ്ട്.

 

പക്ഷെ,....

എക്കാലത്തെയും മഹാനായ ഒരു നടന്റെ ഭാവിയിലെ സൂപ്പർതാരമാകാൻ പോകുന്ന ഒരു മകന്റെ രൂപസാദൃശ്യം എന്റെ ജീവിതത്തിന്റെ ഗതിതന്നെ തിരിച്ചുവിട്ടു എങ്കിലും ഒരു കുഞ്ഞുവിഷമം ഇപ്പോഴും വല്ലാതെ മനസ്സിനെ നോവിക്കുന്നുണ്ട്. 

ഇന്ന് ഞാൻ എവിടെ പോയാലും ഒരുപാട്പേർ സ്നേഹത്തോടെ ചേർത്തു നിർത്തി സെൽഫി എടുക്കുമ്പോഴും എന്നെ അംഗീകരിക്കുമ്പോഴും അവരുടെ ഒരു ചോദ്യത്തിന് മുന്നിൽ മാത്രം ഞാൻ നിശബ്ദനായി പോകുന്നു. ഇത്രയേറെ സ്റ്റേജുകളിൽ അദ്ദേഹത്തെ അവതരിപ്പിച്ചിട്ടും ഒരിക്കൽ പോലും പ്രണവിനെ നേരിൽ കണ്ടിട്ടില്ലേ, ഒപ്പം നിന്നൊരു ഫോട്ടോ പോലും എടുക്കാൻ സാധിച്ചില്ലേ എന്ന ചോദ്യത്തിന് മാത്രം ഒരു പുഞ്ചിരിയോടെ ഇല്ല എന്ന മറുപടി മാത്രമാണ് എനിക്ക് നൽകാൻ സാധിച്ചുപോരുന്നത്.

അദ്ദേഹത്തിന്റെ പിതാവായ മോഹൻലാലിനെ കാണാൻ സാധിക്കുകയും ചേർന്നു നിന്ന് സെൽഫി എടുക്കുകയും മകനെ അദ്ദേഹത്തിന്റെ മുന്നിൽ അവതരിപ്പിച്ചു കാണിക്കുക തുടങ്ങിയവ എല്ലാം സാധിച്ചിട്ടും, എന്റെ ജീവിതത്തിന്റെ സുപ്രധാനവഴിത്തിരിവിനു കാരണക്കാരനായ ഞാൻ എക്കാലവും നന്ദിയോടെ മാത്രം ഓർക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന പ്രണവ് എന്ന വ്യക്തിയെ മാത്രം നേരിൽ കാണുക, പരിചയപ്പെടുക എന്നിവ എന്തുകൊണ്ട് അകന്നുപോകുന്നു എന്നത് വിഷമത്തോടെ മാത്രം ഓർക്കേണ്ടി വരുന്നു...

 

തീർത്തും അപ്രതീക്ഷിതമായ കാര്യങ്ങൾ ആയിരുന്നു ഇക്കാലമത്രയും സംഭവിച്ചത്. അതേപോലെ അപ്രതീക്ഷിതമായി ഒരിക്കൽ എനിക്കായി ഒരു നിമിഷം വന്നുചേരുമെന്നും എന്നെ കാണണമെന്നും ഒപ്പം ചേർത്തുനിർത്തി ഫോട്ടോയെടുക്കാനും അപരന്റെ മുന്നിലെ ആ പ്രകടനത്തിന് ഒരു അനുവാദം ലഭിക്കുമെന്നും ഞാൻ ആഗ്രഹിക്കുകയും പ്രതീക്ഷിക്കുകയും സ്വപ്നം കാണുകയും ചെയ്യാറുണ്ട്. പക്ഷെ അതെങ്ങനെ ഇപ്പോൾ എന്നെനിക്ക് അറിയില്ല. എന്നോട് ഈ ചോദ്യം ചോദിക്കുന്നവർക്ക് മുന്നിൽ എന്റെ ഈ സ്വപ്നങ്ങളേ വിശദീകരിക്കാൻ എനിക്ക് സാധിക്കുന്നില്ല എന്നതിനാലാണ് എന്റെ പ്രതീക്ഷയുടെ പുഞ്ചിരി ഞാൻ അവർക്ക് സമ്മാനിക്കുന്നത്...

അതുവരെ എന്റെ മുറിയിലെ കണ്ണാടിക്കു മുന്നിൽ ഞാൻ ദിനവും പ്രണവിനെ കാണുകയും ഞങ്ങൾ പരസ്പരം സംസാരിക്കുകയും സെൽഫി എടുക്കുകയും ചെയ്യുന്നുണ്ടാവും.