ഇന്ത്യയുടെ വാക്സീന്‍ പ്രതിരോധത്തിലേക്ക് ജോണ്‍സണ്‍ ആൻഡ് ജോണ്‍സണ്‍ എത്തുമ്പോൾ

ഇന്ത്യയുടെ വാക്സീന്‍ പ്രതിരോധത്തിലേക്ക് ജോണ്‍സണ്‍ ആൻഡ് ജോണ്‍സണ്‍ എത്തുമ്പോൾ


ജോണ്‍സണ്‍ ആൻഡ് ജോണ്‍സണിന്‍റെ ഒറ്റ ഡോസ് വാക്സീനെ കൂടി ഉള്‍പ്പെടുത്തി കരുത്ത് വര്‍ധിപ്പിക്കുകയാണ്  ഇന്ത്യയുടെ കോവിഡ് വാക്സീന്‍ പ്രതിരോധം. ജോണ്‍സണ്‍ & ജോണ്‍സണിന്‍റെ ജാന്‍സെന്‍ കോവിഡ് വാക്സീന് കഴിഞ്ഞ ദിവസമാണ് ഇന്ത്യ അടിയന്തര ഉപയോഗ അനുമതി നല്‍കിയത്. ഇത്തരത്തില്‍ ഇന്ത്യയില്‍ അനുമതി ലഭിക്കുന്ന അഞ്ചാമത്തെ കോവിഡ് വാക്സീനാണ് ജാന്‍സെന്‍.ഇന്ത്യയിലെ തദ്ദേശീയ വാക്സീന്‍ നിര്‍മാതാവായ ബയോളജിക്കല്‍ ഇ ലിമിറ്റഡുമായുള്ള വിതരണ കരാര്‍ അനുസരിച്ചാണ് ജോണ്‍സണ്‍ & ജോണ്‍സണ്‍ വാക്സീന്‍ രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുക.

തീവ്ര, ഗുരുതര കോവിഡ് ബാധയ്ക്കെതിരെ ‍ജാന്‍സെന്‍ 85 ശതമാനം വരെ ഫലപ്രദമാണെന്ന്  മൂന്നാം ഘട്ട പരീക്ഷണ ഫലങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. ഇന്ത്യയില്‍ ആദ്യം റിപ്പോര്‍ട്ട് ചെയ്ത കോവിഡിന്‍റെ ഡെല്‍റ്റ വകഭേദത്തിനെതിരെയും ഈ വാക്സീന്‍ ഫലപ്രദമാണെന്ന് കമ്പനി  അവകാശപ്പെടുന്നു. ക്ലിനിക്കല്‍ പരീക്ഷണങ്ങളില്‍ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ വാക്സീന്‍ 66.3 ശതമാനം ഫലപ്രാപ്തി കാണിച്ചതായി അമേരിക്കയിലെ സെന്‍റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളും(സിഡിസി) ചൂണ്ടിക്കാണിക്കുന്നു. മറ്റ് വാക്സീനുകളില്‍ നിന്ന് വ്യത്യസ്തമായി ഒരൊറ്റ ഡോസ് കൊണ്ടുതന്നെ കോവിഡ് പ്രതിരോധം നല്‍കുമെന്നതാണ് ജാന്‍സെന്‍റെ പ്രത്യേകത.

കുറഞ്ഞത് എട്ടു മാസത്തേക്ക് എങ്കിലും വാക്സീന്‍ നല്‍കുന്ന പ്രതിരോധ പ്രതികരണം നിലനില്‍ക്കുമെന്ന് പഠനഫലങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു.-4 ഡിഗ്രി ഫാരൻഹീറ്റ് (-20 ഡിഗ്രീ സെൽഷ്യസ്) താപനിലയിൽ രണ്ടുവർഷം വാക്സീൻ കേടുകൂടാതെ ഇരിക്കുമെന്ന് കണക്കാക്കുന്നു. 36-46 ഡിഗ്രി ഫാരൻഹീറ്റ് (2-8 ഡിഗ്രീ സെൽഷ്യസ്) സാധാരണ റെഫ്രിജറേഷൻ താപനിലയിൽ പരമാവധി നാലര മാസം വാക്സീൻ സൂക്ഷിക്കാനാകും.സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ കോവിഷീല്‍ഡ്, ഭാരത് ബയോടെക്കിന്‍റെ കോവാക്സിന്‍, റഷ്യയുടെ സ്പുട്നിക് 5, മൊഡേണ വാക്സീന്‍ എന്നിവയാണ് ഇന്ത്യയില്‍ അടിയന്തര ഉപയോഗ അനുമതി ലഭിച്ച മറ്റ് വാക്സീനുകള്‍.