കെ-ഫോണ്‍ പദ്ധതി യാഥാര്‍ഥ്യമാകുന്നു ; ഈ മാസം അവസാനത്തോടെ സൗജന്യ ഇന്റര്‍നെറ്റ് സേവനം വീടുകളിലെത്തും.

കെ-ഫോണ്‍ പദ്ധതി യാഥാര്‍ഥ്യമാകുന്നു ; ഈ മാസം അവസാനത്തോടെ സൗജന്യ ഇന്റര്‍നെറ്റ് സേവനം വീടുകളിലെത്തും.


തിരുവനന്തപുരം: കെ-ഫോണ്‍ പദ്ധതി യാഥാര്‍ഥ്യമാകുന്നു. ഈ മാസം അവസാനത്തോടെ സംസ്ഥാനത്തെ ബിപിഎല്‍ കുടുംബങ്ങള്‍ക്കുള്ള സൗജന്യ ഇന്റര്‍നെറ്റ് സേവനം വീടുകളിലെത്തും.സംസ്ഥാനത്തെ എല്ലാ നിയമസഭാ മണ്ഡലത്തിലും ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബത്തിന് കെ ഫോണിന്റെ സൗജന്യ കണക്ഷന്‍ ലഭിക്കും. ഒരു നിയോജക മണ്ഡലത്തിലെ 500 കുടുംബങ്ങള്‍ക്ക് വീതം ആകെ 70,000 കുടുംബങ്ങള്‍ക്കാണ് ആദ്യഘട്ടത്തില്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ നല്‍കുക. സംസ്ഥാനത്താകെ ലക്ഷ്യമിടുന്നത് 20 ലക്ഷം കുടുംബങ്ങളെയാണ്. സെകന്‍ഡില്‍ 10 മുതല്‍ 15 വരെ എംബി വേഗത്തില്‍ പ്രതിദിനം 1.5 ജിബി ഡേറ്റയാണ് നല്‍കുക.

പ്രാദേശിക ഇന്റര്‍നെറ്റ് സേവനദാതാക്കളെയാണ് ഇതിനായി ആശ്രയിക്കുന്നത്. മൂന്ന് വര്‍ഷം സേവനപരിചയമുള്ളവരെയാണ് പരിഗണിക്കുന്നത്. ടെന്‍ഡറിലൂടെ ജില്ല അടിസ്ഥാനത്തില്‍ സേവനദാതാക്കളെ കണ്ടെത്തും. നടപടിക്രമങ്ങള്‍ ഈ മാസം പകുതിയോടെ പൂര്‍ത്തിയാകും.

തദ്ദേശസ്ഥാപനങ്ങളില്‍നിന്നാണ് ഗുണഭോക്താക്കളുടെ പട്ടിക ശേഖരിക്കുക. ഇത് ടെന്‍ഡറിലൂടെ തെരഞ്ഞെടുക്കുന്ന പ്രാദേശിക കേബിള്‍ ഓപറേറ്റര്‍മാര്‍ക്ക് കൈമാറും. കെ-ഫോണ്‍ ജോലികള്‍ 70 ശതമാനം വരെ പൂര്‍ത്തിയായിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. വിവരസാങ്കേതികവിദ്യയില്‍ വന്‍ പുരോഗതി ഉണ്ടായിരുന്നിട്ടും 10-ല്‍ താഴെ ശതമാനം സര്‍കാര്‍ ഓഫീസുകള്‍മാത്രമേ സ്റ്റേറ്റ് നെറ്റ് വര്‍കുമായി ബന്ധിപ്പിച്ചിട്ടുള്ളൂ. ഒപ്ടികല്‍ ഫൈബര്‍ അതിലും കുറഞ്ഞ ശതമാനമേ ഉള്ളൂ. ഭൂരിഭാഗം വീടുകളും ഹൈസ്പീഡ് ബ്രോഡ്ബാന്‍ഡിലേക്ക് മാറിയിട്ടില്ല. ഇതിനാണ് കെ ഫോണ്‍ വഴി പരിഹാരമാകുന്നത്.