സിനിമാരംഗത്ത് ക്രൈസ്തവ പ്രതീകങ്ങളെ അവഹേളിക്കുന്ന പ്രവണത കൂടുതലെന്ന് കെസിബിസി

സിനിമാരംഗത്ത് ക്രൈസ്തവ പ്രതീകങ്ങളെ അവഹേളിക്കുന്ന പ്രവണത കൂടുതലെന്ന് കെസിബിസി


നാദിര്‍ഷ സംവിധാനം ചെയ്യുന്ന ഈശോ സിനിമയുടെ പേരുമായി ബന്ധപ്പെട്ട് വലിയ ചര്‍ച്ചകള്‍ നടക്കുന്നതിനിടെ നിലപാട് അറിയിച്ച് കെസിബിസി. ക്രിസ്തീയ വിശ്വാസത്തിന്റെ അടിസ്ഥാന പ്രമാണങ്ങളേയും പൗരോഹിത്യത്തേയും ക്രൈസ്തവ പ്രതീകങ്ങളേയും അവഹേളിക്കുന്ന പ്രവണത തിരുത്തണമെന്ന് കെസിബിസി പറഞ്ഞു. കലാരംഗത്ത് പ്രത്യേകിച്ചും സിനിമാ രംഗത്ത് ഇത് കൂടുതലാണെന്നും കെസിബിസി വിമര്‍ശിച്ചു.ഉത്തരവാദിത്തപ്പെട്ടവര്‍ വിഷയത്തില്‍ ക്രൈസ്തവ സമൂഹത്തിന്റെ ആശങ്കകള്‍ തിരിച്ചറിഞ്ഞ് തിരുത്തലുകള്‍ വരുത്തുമെന്ന് പ്രതീക്ഷിക്കുന്നതായും ഓണ്‍ലൈനില്‍ നടന്ന കെസിബിസി സമ്മേളനം അറിയിച്ചു.അതേസമയം നാദിര്‍ഷക്ക് സിനിമാ മേഖലയില്‍ നിന്നുള്‍പ്പെടെ പിന്തുണയേറുകയാണ്. ഒരു സിനിമ പറയുന്ന ആശയം എന്ത് എന്ന് അറിയാതെ അതില്‍ പേര് ഒരു കാരണമാക്കി വിവാദങ്ങള്‍ ഉണ്ടാക്കുന്നത് തീര്‍ത്തും ദൗര്‍ഭാഗ്യകരമായ അവസ്ഥയാണെന്നായിരുന്നു കഴിഞ്ഞ ദിവസം സിബി മലയില്‍ പ്രതികരിച്ചത്. ഫെഫ്ക്കയും പൂര്‍ണം പിന്തുണയറിയിച്ചിട്ടുണ്ട്. ഇത് അനുവദിച്ചുകൊടുത്താല്‍ ഭാവിയില്‍ വലിയ രീതിയില്‍ ഇത്തരം ഇടപെടലുകള്‍ക്ക് വഴി തുറന്നു കൊടുക്കുന്നത് പോലെയാകും. ഒരു സിനിമയ്ക്ക് പേരിടാന്‍ അല്ലെങ്കില്‍ ഒരു കഥ പറയാന്‍ സ്വാതന്ത്ര്യം ഇല്ലാത്ത ഒരു അവസ്ഥയിലേക്ക് സെന്‍സര്‍ബോര്‍ഡിനും അപ്പുറത്തേക്ക് ഉള്ള തീരുമാനം എടുക്കുന്ന അവസ്ഥയിലേക്ക് നമ്മള്‍ വിട്ടുകൊടുക്കുന്ന ഒരു തീരുമാനമാണെന്നും ഫെഫ്ക്ക അറിയിച്ചു.