സന്തുലിതമായ വിദേശനിര : പുതിയ സീസണിലേക്ക് ഷാട്ടോരിയുടെ ബ്ലാസ്റ്റ്

പഴയ ടീമിന്റെ തുടർച്ചയൊന്നും ബാക്കിവയ്ക്കാതെ അടിമുടി പൊളിച്ചെഴുതിയ വിദേശനിരയിലേക്കു ഐഎസ്എല്ലിൽ ശ്രദ്ധിക്കപ്പെട്ട താരങ്ങളിലൂടെയാണു ഷാട്ടോരി തുടങ്ങിവച്ചത്

സന്തുലിതമായ വിദേശനിര : പുതിയ സീസണിലേക്ക് ഷാട്ടോരിയുടെ ബ്ലാസ്റ്റ്


ഇന്ത്യൻ ഫുട്ബോളിന്റെ സ്പന്ദനം നന്നായി മനസിലാക്കിയ പരിശീലകനെന്ന നിലയിൽ ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും സന്തുലിതമായ നിരയെ  അണിനിരത്താൻ ഷാട്ടോരിക്കു കഴിഞ്ഞെന്നാകും വിമർശകരുടെ പോലും വിലയിരുത്തൽ. ബ്ലാസ്റ്റേഴ്സിന്റെ ആവശ്യങ്ങൾ കണ്ടറിഞ്ഞുള്ള തിരഞ്ഞെടുപ്പെന്നു വിശേഷിപ്പിക്കാം ഷട്ടോരിയുടെയും സംഘത്തിന്റെയും സ്ക്വാഡ് രൂപീകരണം. ലീഗിലെ ഏറ്റവും ഡിമാൻഡുള്ള ക്ലബിനു വേണ്ട ചേരുവകൾ എല്ലാം ചേർത്തു കരുതലോടെയുള്ള കരുനീക്കങ്ങളായിരുന്നു വിദേശ റിക്രൂട്മെന്റ്. പഴയ ടീമിന്റെ തുടർച്ചയൊന്നും ബാക്കിവയ്ക്കാതെ അടിമുടി പൊളിച്ചെഴുതിയ വിദേശനിരയിലേക്കു ഐഎസ്എല്ലിൽ ശ്രദ്ധിക്കപ്പെട്ട താരങ്ങളിലൂടെയാണു ഷാട്ടോരി തുടങ്ങിവച്ചത്. ഒടുവിൽ പകരം നിൽക്കാൻ പോന്ന പുതുതാരങ്ങളിലൂടെ ഫിനിഷിങ്ങും കൂടിയായതോടെ ബ്ലാസ്റ്റേഴ്സിനു സ്വന്തമായത് എക്കാലത്തെയും സന്തുലിതമായ വിദേശനിര.

മാരിയോ ആർക്കെസ്

മധ്യനിരയിലെ അവിഭാജ്യഘടകമായിരുന്നിട്ടും ബ്ലാസ്റ്റേഴ്സിൽ വിടവ് അനുഭവപ്പെട്ടിരുന്ന ഈ പൊസിഷനിലേക്ക് ജംഷഡ്പുർ എഫ്സിയുടെ ഗതി നിർണയിച്ചിരുന്ന താരമെന്ന ഗ്യാരണ്ടിയോടെയാണു ആർക്കേസിന്റെ വരവ്. സെൻട്രൽ മിഡ്ഫീൽഡറായി കളത്തിലെത്തുന്ന പാസിങ് ഗെയിം സ്പെഷലിസ്റ്റ് കൂടിയായ ആർക്കേസ് ഗോൾ അടിക്കാനും ഒരുക്കാനും മികവ് തെളിയിച്ച താരമാണ്.

ബാർത്തലോമിയോ ഓഗ്ബെച്ചെ

18 മത്സരങ്ങളിൽ നിന്നു 12 ഗോളും നിർണായക അസിസ്റ്റുകളും തൊടുത്ത ഓഗ്ബെച്ചെ, ആരാധകർ കാത്തിരുന്ന ഷാർപ്പ് ഷൂട്ടർ ആയാണു പോയ സീസണിൽ ആകെ 18 ഗോളുകൾ മാത്രം കുറിച്ച ബ്ലാസ്റ്റേഴ്സിലെത്തുന്നത്. ലോകകപ്പ് ഉൾപ്പെടെ നൈജീരിയൻ നിറമണിഞ്ഞു 11 മത്സരങ്ങളിലും  ഈ ഫോർവേഡ് കളത്തിലിറങ്ങിയിട്ടുണ്ട്. 

സെർജിയോ സി‍ഡോഞ്ച

ആർക്കെസിന്റെ പങ്കാളിയായി ജംഷഡ്പുരിൽ തകർത്തുകളിച്ച സ്പാനിഷ് താരം സെർജിയോ സി‍ഡോഞ്ചയിലാണു അന്വേഷണം ചെന്നെത്തിയത്. 12 മത്സരങ്ങളിൽ നിന്നു 3 ഗോളും അത്രതന്നെ അസിസ്റ്റും സൃഷ്ടിച്ച അതിവേഗക്കാരൻ, ഡിഫൻഡർമാർക്കു തലവേദന തീർത്ത കൗശലക്കാരനുമാണ്.

ജിയാനി സൂയിവർലൂൺ 

പരിചയസമ്പത്തേറെയുള്ള ഈ സെന്റർ ബാക്ക് ഇന്റർസെപ്ഷനുകൾക്കു പേരു‌കേട്ട താരം കൂടിയാണ്. സ്വന്തം ഗോളിൽ നിന്ന് എതിർഗോൾ വരെ സാന്നിധ്യമറിയിക്കാൻ ഇഷ്ടപ്പെടുന്ന ജിയാനി കറ തീർന്ന കൃത്യതയോടെ പാസുകൾ തൊടുക്കുന്ന മികവിലും ശ്രദ്ധേയൻ. ഫൈനൽ തേഡിൽ സെറ്റ്പീസ് ശ്രമങ്ങൾ ഗോളിലെത്തിക്കുന്ന കാര്യത്തിലും ബ്ലാസ്റ്റേഴ്സിനു കരുത്താകും സൂയിവർലൂൺ.

മുഹമ്മദു മുസ്തഫ നിങ്

ബ്ലാസ്റ്റേഴ്സ് മധ്യത്തിൽ ഇക്കുറി ആളനക്കം ഉണ്ടാകുമെന്ന് അടിവരയിടുന്നതാണ് സെനഗൽ താരം മുഹമ്മദു മുസ്തഫ നിങ് എന്ന പരിചയസമ്പന്നനായ ഡിഫൻസീവ് മിഡ്ഫീൽഡറുടെ വരവ്. സെനഗലിലാണു തുടക്കമെങ്കിലും നിങ്ങിന്റെ കരിയറിലെ ഭൂരിഭാഗവും സ്പാനിഷ് ക്ലബുകളിലാണ്. ബാർസയും റയലും പോലുള്ള വമ്പൻമാരുടെ സാന്നിധ്യമുള്ള  കോപ്പ ഡെൽറേയിൽ പലകുറി നിങ് ബൂട്ടണിഞ്ഞിട്ടുണ്ട്.

ജെയ്റോ റോഡ്രിഗസ്

ബ്രസീലിൽ നിന്നുള്ള ജെയ്റോ റോഡ്രിഗസ് ലാറ്റിനമേരിക്കയിലും യൂറോപ്പിലും ഏഷ്യയിലും പന്ത് തട്ടിയതിന്റെ അനുഭവസമ്പത്തുമായാണു  സെന്റർ ബാക്ക് സ്ഥാനത്തേയ്ക്കെത്തുന്നത്. ബ്രസീൽ താരങ്ങളായ ഡാനി ആൽവസ്, മാർസലോ മോഡിലുള്ള ‘അറ്റാക്കിങ്’ ഡിഫൻഡറാണു ജെയ്റോ. ഗോൾ നേടാനും വിരുതുണ്ടെന്നു യൂറോപ്പ ലീഗ് പോലുള്ള വേദികളിലടക്കം തെളിയിച്ചിട്ടുണ്ട് ജെയ്റോ.

റാഫേൽ മെസ്സി ബൗളി

മെസ്സി എന്ന പേരാണു കാമറൂൺ ഫോർവേഡിന്റെ വരവ് ആഘോഷമാകാൻ കാരണം. മുഴുവൻ പേര് റാഫേൽ മെസ്സി ബൗളി. കാമറൂണിലും ഇറാനിലും ചൈനയിലുമായി ക്ലബ് കരിയർ പിന്നിട്ട മെസ്സി സ്ട്രൈക്കറായും ടാർഗറ്റ് മാൻ റോളിൽ സെക്കൻഡ് സ്ട്രൈക്കറായും കളത്തിൽ നിറയാൻ പോന്ന താരമാണ്. കാമറൂൺ സീനിയർ ടീമിനു വേണ്ടിയും പന്തു തട്ടിയ മികവുമായാണു ബ്ലാസ്റ്റേഴ്സിന്റെ  മെസ്സിയുടെ വരവ്.