ഹൈദരാബാദ് എഫ് സിക്കെതിരെ കേരള ബ്‌ളാസ്റ്റേഴ്സ് ഒരു ഗോളിന് മുന്നില്‍.

ഹൈദരാബാദ് എഫ് സിക്കെതിരെ കേരള ബ്‌ളാസ്റ്റേഴ്സ് ഒരു ഗോളിന് മുന്നില്‍.


ഫറ്റോര്‍ഡ: മലയാളി താരം രാഹുല്‍ കെ പിയുടെ ഗോളില്‍ ഹൈദരാബാദ് എഫ് സിക്കെതിരെ കേരള ബ്‌ളാസ്റ്റേഴ്സ് ഒരു ഗോളിന് മുന്നില്‍. ഇരു ടീമുകളും ഗോള്‍ അടിക്കാതെ സമനിലയില്‍ പിരിഞ്ഞ ആദ്യ പകുതിക്ക് ശേഷം, രണ്ടാം പകുതിയുടെ 68ാം മിനിട്ടിലാണ് രാഹുല്‍ ബ്‌ളാസ്റ്റേഴ്സിന് വേണ്ടി വല ചലിപ്പിക്കുന്നത്. മദ്ധ്യനിരയില്‍ നിന്ന് ലഭിച്ച പന്തുമായി മുന്നോട്ട് കുതിച്ച രാഹുല്‍ 25 വാര അകലെ നിന്ന് നാല് ഹൈദരാബാദ് താരങ്ങളുടെ ഇടയിലൂടെ പന്ത് പായിക്കുകയായിരുന്നു. 77ാം മിനിട്ടില്‍ പെനാല്‍ട്ടി ബോക്സിന് തൊട്ടടുത്ത് വച്ച്‌ ഹൈദരാബാദിന് ഒരു ഫ്രീകിക്ക് ലഭിച്ചെങ്കിലും, ഒഗ്ബെച്ചെയുടെ ഷോട്ട് ബ്‌ളാസ്റ്റേഴ്സ് ഗോള്‍ കീപ്പര്‍ ഗില്‍ മികച്ചൊരു സേവിലൂടെ തട്ടിയകറ്റി. ഹൈദരാബാദ് പ്രതിരോധത്തില്‍ ഊന്നി കൗണ്ടര്‍ അറ്റാക്കിംഗില്‍ ശ്രദ്ധിച്ചപ്പോള്‍ ബ്‌ളാസ്റ്റേഴ്സ് തുടക്കം മുതല്‍ ഹൈ പ്രെസിംഗ് ഗെയിം ആണ് പരീക്ഷിച്ചത്. അതില്‍ ഏറെക്കുറെ വിജയിച്ചെങ്കിലും ഫോര്‍വേഡ് പാസിംഗില്‍ വേണ്ടത്ര മികവ് പുലര്‍ത്താന്‍ സാധിക്കാത്തത് ആദ്യപകുതിയില്‍ ബ്‌ളാസ്റ്റേഴ്സിനെ ബാധിച്ചു. മത്സരത്തിന്റെ 39ാം മിനിട്ടില്‍ വാസ്ക്വസിന്റെ ഒരു ഷോട്ട് ക്രോസ്ബാറില്‍ തട്ടിപുറത്തുപോയതും ഒന്നാം പകുതിയുടെ അധികസമയത്ത് ഹൈദരാബാദിന് ലഭിച്ച ഫ്രീകിക്കില്‍ പകരക്കാരനായെത്തിയ സിവേരിയസിന്റെ ഗോള്‍ ശ്രമം ബ്‌ളാസ്റ്റേഴ്സ് ഗോള്‍കീപ്പര്‍ പ്രഭിസുഖന്‍ ഗില്‍ തട്ടിയകറ്റിയതും മത്സരത്തിലെ ആവേശം നിറഞ്ഞ നിമിഷങ്ങളായി. 

സഹലിന്റെ അഭാവത്തിലും ലൂണ, ഡയസ്, വാസ്ക്വസ് എന്നിവരടങ്ങിയ ബ്‌ളാസ്റ്റേഴ്സിന്റെ മുന്നേറ്റനിര തന്നെയായിരുന്നു കളിക്കളം നിയന്ത്രിച്ചിരുന്നത്. പ്രതിരോധത്തിലെ ചില പാകപ്പിഴവുകള്‍ മാറ്റിനിര്‍ത്തിയാല്‍ മത്സരത്തില്‍ മികച്ചുനിന്നത്ത ബ്‌ളാസ്റ്റേഴ്സ് തന്നെയെന്ന് നിസംശയം പറയാന്‍ സാധിക്കും.