പ്രൈവറ്റ് ചാര്‍ജിങ്ങ് സ്റ്റേഷനുകള്‍ വരുന്നു; ഇലക്ട്രിക് വാഹാനങ്ങളുടെ ബാറ്ററി നിറയാന്‍ 25 മിനിറ്റ്.

വൈദ്യുതവാഹനവിപ്ലവത്തിന് കളമൊരുക്കാന്‍ ഇ-ചാര്‍ജിങ് സ്റ്റേഷനുകളുമായി കേരളത്തിലേക്ക് സ്വകാര്യകമ്പനികളെത്തുന്നു

പ്രൈവറ്റ് ചാര്‍ജിങ്ങ് സ്റ്റേഷനുകള്‍ വരുന്നു;  ഇലക്ട്രിക് വാഹാനങ്ങളുടെ ബാറ്ററി നിറയാന്‍ 25 മിനിറ്റ്.


വൈദ്യുതവാഹനവിപ്ലവത്തിന് കളമൊരുക്കാന്‍ ഇ-ചാര്‍ജിങ് സ്റ്റേഷനുകളുമായി കേരളത്തിലേക്ക് സ്വകാര്യകമ്പനികളെത്തുന്നു. തമിഴ്നാട് ആസ്ഥാനമായ 'സിയോണ്‍ ചാര്‍ജിങ്' ആണ് കേരളം ലക്ഷ്യമിടുന്നത്. കൊച്ചിയിലും പാലക്കാട്ടെ വാളയാറിലുമായിരിക്കും സ്റ്റേഷനുകള്‍. സിയോണ്‍ ചാര്‍ജിങ്ങിന്റെ ആദ്യ സ്റ്റേഷന്‍ സേലത്ത് കഴിഞ്ഞ ദിവസം തുറന്നിരുന്നു.

ഓരോ 25 കിലോമീറ്ററിലും ഒരു ചാര്‍ജിങ് സ്റ്റേഷന്‍ എന്നതാണ് കേന്ദ്രനയം. ഇതിനായി രാജ്യാന്തര അടിസ്ഥാനത്തില്‍ കമ്പനികളില്‍നിന്ന് താത്പര്യപത്രം ക്ഷണിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തമിഴ്നാട്ടിലെ സിയോണ്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പിന്റെ ഉപകമ്പനിയായ സിയോണ്‍ ചാര്‍ജിങ് രംഗത്തെത്തിയത്. 

കോയമ്പത്തൂരിലും തിരുപ്പൂരിലും ഇവര്‍ക്ക് ചാര്‍ജിങ് സ്റ്റേഷനുകളുണ്ട്. കൊച്ചി, ചെന്നൈ, ബെംഗളൂരു, മൈസൂരു, വാളയാര്‍, വില്ലുപുരം, കൃഷ്ണഗിരി, വെല്ലൂര്‍ എന്നിവിടങ്ങളിലാണ് പുതിയ സ്റ്റേഷനുകള്‍ വരുന്നത്. സംസ്ഥാനത്ത് വൈദ്യുതിബോര്‍ഡിന്റെ ഏഴ് ചാര്‍ജിങ് സ്റ്റേഷനുകളുണ്ട്. ഇനി 56 എണ്ണം കൂടി വരും.ഒരു കാര്‍ ചാര്‍ജ് ചെയ്യാന്‍ 20-40 മിനിറ്റേയെടുക്കൂ എന്നാണ് കമ്പനി അവകാശപ്പെടുന്നത്. മൊബൈല്‍ ആപ്പില്‍ ചാര്‍ജിങ് സ്റ്റേഷന്‍ കണ്ടെത്താനും സമയം മുന്‍കൂട്ടി റിസര്‍വ്‌ചെയ്യാനും സൗകര്യമൊരുക്കിയിട്ടുണ്ട്.

കേരളത്തില്‍ ഇ-ചാര്‍ജിങ്ങിന് വൈദ്യുതി റെഗുലേറ്ററി കമ്മിഷന്‍ നിശ്ചയിച്ചിരിക്കുന്നത് യൂണിറ്റിന് അഞ്ചുരൂപയാണ്. ഇത് ഭാവിയില്‍ കുറഞ്ഞേക്കും. നിലവില്‍ ഇ ചാര്‍ജിങ് സ്വകാര്യസംരംഭകര്‍ക്ക് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ആനുകൂല്യങ്ങളൊന്നും പ്രഖ്യാപിച്ചിട്ടില്ല. സാധാരണ ഒരു ബിസിനസ് തുടങ്ങുവാന്‍ വൈദ്യുതികണക്ഷന്‍ എടുക്കുന്നത് പോലെതന്നെ ചാര്‍ജിങ് സ്റ്റേഷനുകള്‍ക്ക് കണക്ഷനെടുക്കാം. ചാര്‍ജിങ്ങ് പോയന്റുകളുടെ എണ്ണവും ശേഷിയുമനുസരിച്ച് ട്രാന്‍സ്ഫോര്‍മര്‍ അടക്കം സ്ഥാപിക്കേണ്ടിവരും.

ഇ-വാഹന ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിന് ഹൈബ്രിഡ് ബാറ്ററി ഇലക്ട്രിക് വാഹനങ്ങള്‍ക്കും ഫ്യുവല്‍സെല്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്കും ആദ്യത്തെ അഞ്ചുവര്‍ഷം മോട്ടോര്‍വാഹന നികുതിയില്‍ 50 ശതമാനം ഇളവുനല്‍കാനാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.