മലയാളികളുടെ ഇപ്പോഴത്തെ ട്രെന്‍ഡായ സേവ് ദ ഡേറ്റ് ഫോട്ടോ ഷൂട്ടിന് പ്രോത്സാഹനവുമായി കൊച്ചി മെട്രോ.
കൊച്ചി: മലയാളികളുടെ ഇപ്പോഴത്തെ ട്രെന്‍ഡായ സേവ് ദ ഡേറ്റ് ഫോട്ടോ ഷൂട്ടിന് പ്രോത്സാഹനവുമായി കൊച്ചി മെട്രോ. മെട്രോ സ്റ്റേഷനുകളിലും ട്രെയിനുകളിലും ഇനി മുതല്‍ വിവാഹ ഷൂട്ടിന് അനുമതി നല്കി. വിവാഹ ഷൂട്ടിന് മെട്രോ വാടകയ്ക്ക് നല്‍കുന്നതിലൂടെ വരുമാനം വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം. കെഎംആര്‍എല്‍ ഇപ്പോള്‍ നിത്യേന ഒരു കോടി രൂപ നഷ്ടത്തിലാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഷൂട്ടിനായി ഒരു കോച്ച് അല്ലെങ്കില്‍ മൂന്ന് കോച്ച് ബുക്ക് ചെയ്യാം. നിര്‍ത്തിയിട്ടിരിക്കുന്ന ട്രെയിനിലും ഓടുന്ന ട്രെയിനിലും ഫോട്ടോ ഷൂട്ട് നടത്താം. ആലുവയില്‍ നിന്ന് പേട്ടയിലേക്കും തിരിച്ചും യാത്ര ചെയ്ത് ഷൂട്ടിംഗിന് അനുമതി ലഭിക്കും. എന്നാല്‍ ഓരോന്നിനും നിരക്കുകള്‍ വ്യത്യസ്തമാണ്.
വാര്‍ത്തകള്‍ വേഗത്തില്‍ ലഭിക്കാന്‍ ഇപ്പോള്‍ തന്നെ ജോയിന്‍ ചെയ്യൂ.
നിര്‍ത്തിയിട്ടിരിക്കുന്ന ട്രെയിനില്‍ രണ്ട് മണിക്കൂര്‍ ഷൂട്ട് ചെയ്യാന്‍ 5000 രൂപ നല്‍കണം. മൂന്ന് കോച്ചിന് 12000 രൂപയാണ് നിരക്ക്. സഞ്ചരിക്കുന്ന കോച്ചില്‍ ഷൂട്ടിനായി ഒരു കോച്ചിന് 8000 രൂപയും മൂന്ന് കോച്ചിന് 17500 രൂപയുമാണ് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. ഷൂട്ടിന് മുമ്പായി ഒരു സെക്യൂരിറ്റി ഡെപ്പോസിറ്റും നല്‍കണം. ഒരു കോച്ചിന് 10000 രൂപയും മൂന്ന് കോച്ചിന് 25000 രൂപയുമാണ് ഡെപ്പോസിറ്റ്. ഷൂട്ട് കഴിയുമ്പോള്‍ ഈ തുക തിരിച്ച് ലഭിക്കും. വിവാഹ ഷൂട്ടിനായി മെട്രോയെ വാടകയ്ക്ക് നല്‍കുന്നതിലൂടെ ഈ രംഗത്തെ പുതിയ പരീക്ഷണങ്ങളായിരിക്കും വരും ദിവസങ്ങളില്‍ കാണാനാവുക.