ആധാര്‍ വോട്ടര്‍ പട്ടികയുമായി ബന്ധിപ്പിക്കല്‍; ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം.
വോട്ടര്‍ പട്ടികയില്‍ പേരുള്ള സമ്മതിദായകന് ആധാര്‍ നമ്പര്‍ വോട്ടര്‍ പട്ടികയുമായി ബന്ധിപ്പിക്കാവുന്ന സംവിധാനം നിലവില്‍ വന്നതിന് പിന്നാലെ വ്യക്തി വിവരങ്ങളുടെ സുരക്ഷയില്‍ ആശങ്കകളും ശക്തമായിരുന്നു. തെരഞ്ഞെടുപ്പ് പരിഷ്കരണ നടപടികളുടെ ഭാഗമായാണ് പദ്ധതി ആരംഭിച്ചത്. ഇരട്ടിപ്പ് ഒഴിവാക്കി വോട്ടര്‍ പട്ടിക ശുദ്ധീകരിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് നടപടികള്‍ക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന് തുടക്കമിട്ടത്. വോട്ടര്‍ പട്ടിക തയാറാക്കുന്ന നിയമങ്ങളിലും ചട്ടങ്ങളിലും തെരഞ്ഞെടുപ്പു കമ്മിഷന്റെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഭേദഗതി വരുത്തുകയായിരുന്നു.
ആധാര്‍ നമ്പര്‍ വോട്ടര്‍ പട്ടികയുമായി ബന്ധിപ്പിക്കാന്‍ ചെയ്യേണ്ടത്:
സംസ്ഥാനത്ത് ഇതുവരെ ആധാര്‍ വോട്ടര്‍ പട്ടികയുമായി ലിങ്ക് ചെയ്തത് 6,485 വോട്ടര്‍മാരാണ്. നിലവില്‍ വോട്ടര്‍ പട്ടികയില്‍ പേരുള്ള ഒരു സമ്മതിദായകന് തന്റെ ആധാര്‍ നമ്പര്‍ വോട്ടര്‍ പട്ടികയുമായി ബന്ധിപ്പിക്കുന്നതിന് ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ http://www.nvsp.in എന്ന വെബ്സൈറ്റ് മുഖേനയോ വോട്ടര്‍ ഹെല്പ്പ്ലൈന് ആപ്പ് (VHA) മുഖേനയോ ഫാറം 6ബി യില്‍ അപേക്ഷ സമര്‍പ്പിക്കാം. പുതുതായി വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നവര്‍ക്ക് ഫാറം 6 ലെ ബന്ധപ്പെട്ട കോളത്തില്‍ ആധാര്‍ നമ്പര്‍ രേഖപ്പെടുത്താം 17 വയസ് തികഞ്ഞ എല്ലാവര്ക്കും വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനായി മുന്‍കൂറായി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.