ചൈനയില്‍ വീണ്ടും ലോക് ഡൗണ്‍ ഏര്‍പ്പെടുത്തി.

ചൈനയില്‍ വീണ്ടും ലോക് ഡൗണ്‍ ഏര്‍പ്പെടുത്തി.


ചൈനയില്‍ അടുത്ത ആഴ്ച നടക്കാനിരിക്കുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ യോഗത്തിന് മുന്നോടിയായി വീണ്ടും ലോക് ഡൗണ്‍ ഏര്‍പ്പെടുത്തി. ഒരാഴ്ചത്തെ അവധിക്കാലത്ത് പുതിയ പ്രതിദിന കൊവിഡ് 19 കേസുകളുടെ എണ്ണം മൂന്നിരട്ടിയായതിനെ തുടര്‍ന്നാണ് ചൈനയില്‍ വീണ്ടും ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്. കഴിഞ്ഞ ദിവസം ഷാങ്‌സി പ്രവിശ്യയില്‍ നടത്തിയ പരിശോധനയില്‍ പുതിയ പോസിറ്റീവ് കേസുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയതെന്ന് സ്റ്റേറ്റ് ബ്രോഡ്കാസ്റ്റര്‍ സിസിടിവി റിപ്പോര്‍ട്ട് ചെയ്തു. സമീപത്തെ ഇന്നര്‍ മംഗോളിയന്‍ തലസ്ഥാനമായ ഹോഹോട്ട് നഗരത്തില്‍ നാളെ മുതല്‍ പ്രവേശനം വിലക്കിയതായാണ് റിപ്പോര്‍ട്ട്.

ഏകദേശം 12 ദിവസത്തിനുള്ളില്‍ 2,000-ലധികം കൊവിഡ് 19 കേസുകളാണ് നഗരത്തില്‍ രേഖപ്പെടുത്തിയത്. വരുന്ന ഞായറാഴ്ചയാണ് അഞ്ച് വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പാര്‍ട്ടി കോണ്‍ഗ്രസിന് തുടക്കം കുറിക്കുന്നത്. ഈയവസരത്തില്‍ രാജ്യത്ത് കൊവിഡ് വ്യാപനം കുറയ്ക്കുകയാണ് ലക്ഷ്യം. ഒക്ടോബര്‍ 1-ന് ആരംഭിച്ച വാര്‍ഷിക ദേശീയ ദിന അവധിക്കാലത്ത്, നഗരങ്ങളില്‍ നിന്നും പ്രവിശ്യകളില്‍ നിന്നും ജനങ്ങള്‍ യാത്രപോകുന്നത് സര്‍ക്കാര്‍ നിരുത്സാഹപ്പെടുത്തിയിരുന്നു .