ലോക്‌നാഥ് ബെഹ്‌റ ഇന്നു വിരമിക്കുന്നു; പുതിയ ഡി.ജി.പി. വൈകീട്ട് ചുമതലയേൽക്കും

ലോക്‌നാഥ് ബെഹ്‌റ ഇന്നു വിരമിക്കുന്നു; പുതിയ ഡി.ജി.പി. വൈകീട്ട് ചുമതലയേൽക്കും


 

തിരുവനന്തപുരം: സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ഇന്ന് വിരമിക്കും. വൈകുന്നേരം നാലരയോടെ പോലീസ് ആസ്ഥാനത്തെത്തുന്ന പുതിയ പോലീസ് മേധാവി പോലീസ് സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷം ബെഹ്‌റയിൽനിന്ന് ചുമതല ഏറ്റെടുക്കും.

 രാവിലെ നടക്കുന്ന മന്ത്രിസഭാ യോഗത്തിൽ പുതിയ പോലീസ് മേധാവിയെ തീരുമാനിക്കും. വിജിലൻസ് ഡയറക്ടർ എസ്. സുദേഷ് കുമാർ, റോഡ് സുരക്ഷാ കമ്മിഷണർ അനിൽ കാന്ത്, അഗ്നിരക്ഷാ വിഭാഗം മേധാവി ഡോ. ബി. സന്ധ്യ എന്നിവരാണ് പോലീസ് മേധാവിയാകാനുള്ള അന്തിമ പട്ടികയിലുള്ളത്.

രണ്ട് ഘട്ടങ്ങളിലായി അഞ്ചുവർഷത്തെ സേവനത്തിനു ശേഷമാണ് പോലീസ് മേധാവി സ്ഥാനത്തുനിന്ന് ലോക്‌നാഥ് ബെഹ്‌റ പടിയിറങ്ങുന്നത്. ഡി.ജി.പി. പദവിയിലുള്ള സംസ്ഥാന പോലീസ് മേധാവി, വിജിലൻസ് ഡയറക്ടർ, ജയിൽ മേധാവി, അഗ്നിരക്ഷാ സേനാ വിഭാഗം മേധാവി എന്നീ നാലു തസ്തികകളിലും ജോലിചെയ്ത ഏക വ്യക്തിയാണ് 1985 ബാച്ച് ഐ.പി.എസ്. ഉദ്യോഗസ്ഥനായ ലോക്‌നാഥ് ബെഹ്‌റ.

ഒഡിഷയിലെ ബെറാംപുർ സ്വദേശിയായ അദ്ദേഹം എൻ.ഐ.എ.യിൽ അഞ്ചുവർഷവും സി.ബി.ഐ.യിൽ 11 വർഷവും പ്രവർത്തിച്ചു. 1995 മുതൽ 2005 വരെ എസ്.പി., ഡി.ഐ.ജി. റാങ്കുകളിലാണ് സി.ബി.ഐ.യിൽ ജോലിചെയ്തത്. സുപ്രീംകോടതിയുടെ പ്രത്യേക ഉത്തരവനുസരിച്ചാണ് അദ്ദേഹത്തിന് സി.ബി.ഐ.യിൽ നിന്ന് വിടുതൽ നൽകിയത്. പുരുലിയ ആയുധവർഷക്കേസ്, മുംബൈ സ്‌ഫോടന പരമ്പര കേസ്, ഹരേൻ പാണ്ഡ്യ കൊലപാതക കേസ് തുടങ്ങിയവയുൾപ്പെടെ രാജ്യശ്രദ്ധ നേടിയ കൊലപാതകങ്ങൾ, തട്ടിക്കൊണ്ടുപോകൽ, കലാപം, ഭീകരവാദം തുടങ്ങി വിവിധ കേസുകളിൽ അന്വേഷണ ഉദ്യോഗസ്ഥനായി പ്രവർത്തിച്ചു.

ആലപ്പുഴ എ.എസ്.പി.യായാണ് കേരള പോലീസിൽ ഔദ്യോഗിക ജീവിതം ആരംഭിച്ചത്. സ്തുത്യർഹ സേവനത്തിനും വിശിഷ്ടസേവനത്തിനുമുള്ള രാഷ്ട്രപതിയുടെ പോലീസ് മെഡൽ നേടിയിട്ടുണ്ട്. പേരൂർക്കട എസ്.എ.പി. മൈതാനത്ത് സംസ്ഥാന പോലീസ് മേധാവിക്ക് വിടവാങ്ങൽ പരേഡ് സംഘടിപ്പിച്ചിട്ടുണ്ട്.