പേവിഷ പ്രതിരോധ യജ്ഞത്തിന്റെ ഭാഗമായി 801 വളര്‍ത്തു മൃഗങ്ങള്‍ക്ക് വാക്സിന്‍ നല്‍കി മണീട് ഗ്രാമപഞ്ചായത്ത്.

പേവിഷ പ്രതിരോധ യജ്ഞത്തിന്റെ ഭാഗമായി 801 വളര്‍ത്തു മൃഗങ്ങള്‍ക്ക് വാക്സിന്‍ നല്‍കി മണീട് ഗ്രാമപഞ്ചായത്ത്.


എറണാകുളം : പേവിഷ പ്രതിരോധ യജ്ഞത്തിന്റെ ഭാഗമായി 801 വളര്‍ത്തു മൃഗങ്ങള്‍ക്ക് വാക്സിന്‍ നല്‍കി മണീട് ഗ്രാമപഞ്ചായത്ത്. 2022 ഒക്ടോബര്‍ 31 വരെയുള്ള കണക്ക് പ്രകാരം 799 നായ്ക്കള്‍ക്കും രണ്ട് പൂച്ചകള്‍ക്കും ആണ് പഞ്ചായത്തില്‍ വാക്സിന്‍ നല്‍കിയത്. പഞ്ചായത്തില്‍ സംഘടിപ്പിച്ച വാക്സിനേഷന്‍ ക്യാമ്ബുകളിലൂടെയും മണീട് മൃഗാശുപത്രിയിലൂടെയുമാണ് വാക്സിന്‍ നല്‍കിയത്. സെന്‍സസ് പ്രകാരം ഉടമസ്ഥരുള്ള 809 നായ്ക്കളാണ് പഞ്ചായത്തിലുള്ളത്. പേവിഷ പ്രതിരോധത്തിന്റെ ഭാഗമായി റാബീസ് വാക്സിനാണ് വളര്‍ത്തു മൃഗങ്ങള്‍ക്ക് നല്‍കിയത്. മൂന്നു മാസത്തിന് മുകളില്‍ പ്രായമുള്ളതും രോഗലക്ഷണങ്ങളില്ലാത്ത ആരോഗ്യമുള്ളതും നിലവില്‍ വാക്സിന്‍ നല്‍കിയിട്ട് ഒരു വര്‍ഷം കഴിഞ്ഞതുമായ വളര്‍ത്തു നായ്ക്കള്‍ക്കും പൂച്ചകള്‍ക്കുമാണ് പ്രതിരോധ കുത്തിവെപ്പ് നല്‍കിയത്.

ഇതിനായി ഒരു വളര്‍ത്തുമൃഗത്തിന് 30 രൂപ എന്ന നിരക്കിലാണ് ചാര്‍ജ് ഈടാക്കിയത്. വാക്സിന്‍ എടുത്ത വളര്‍ത്തുമൃഗങ്ങള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും പഞ്ചായത്തില്‍ പൂര്‍ത്തിയായിട്ടുണ്ട്. പേവിഷ ഭീഷണി വ്യാപകമായ സാഹചര്യത്തിലാണ് വളര്‍ത്തു നായ്ക്കള്‍ക്ക് പ്രതിരോധ വാക്സിന്‍ നിര്‍ബന്ധമാക്കാന്‍ പഞ്ചായത്ത് തീരുമാനിച്ചത്. പഞ്ചായത്തിന്റെ 2022-23 വര്‍ഷത്തെ ജനകീയാസൂത്രണ പരിപാടിയുടെ ഭാഗമായി മുഴുവന്‍ വളര്‍ത്തു മൃഗങ്ങള്‍ക്കും വാക്സിന്‍, ലൈസന്‍സ് സര്‍ട്ടിഫിക്കറ്റ് എന്നിവ നല്‍കുന്നതിനായി വിവിധ ക്യാമ്ബുകളും പേവിഷ വാക്സിിന്‍ എടുക്കുകേണ്ടതിന്റെ പ്രാധാന്യം അറിയിച്ചുകൊണ്ട് ബോധവല്‍ക്കരണ ക്ലാസുകളും അനൗണ്‍സ്മെന്‍്റുകളും പഞ്ചായത്തിന് കീഴില്‍ എല്ലാ വാര്‍ഡുകളിലും നടത്തുന്നുണ്ട്.

മുഴുവന്‍ വളര്‍ത്തു മൃഗങ്ങള്‍ക്കും വാക്സിന്‍ ഉറപ്പാക്കുന്നതിനും നിലവില്‍ വാക്സിന്‍ എടുത്തിട്ട് ഒരു വര്‍ഷം പൂര്‍ത്തിയായവര്‍ക്ക് കൃത്യസമയത്ത് വീണ്ടും വാക്സിന്‍ നല്‍കുന്നതിനുമായി ഡിസംബര്‍, ജനുവരി മാസങ്ങളില്‍ പേവിഷപ്രതിരോധ കുത്തിവെപ്പ് ക്യാമ്ബ് സംഘടിപ്പിക്കുന്നത് പരിഗണനയിലുണ്ടെന്ന് മണീട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍്റ് വി.ജെ. ജോസഫ് പറഞ്ഞു.