ഓൺലൈൻ ക്ലാസ്സുകളുടെ വിപണനമൂല്യം

മനു മോഹനൻ, സാമൂഹിക രാഷ്ട്രീയ നിരീക്ഷകൻ

ഓൺലൈൻ ക്ലാസ്സുകളുടെ വിപണനമൂല്യം


സർവ്വതും തകർത്തു തരിപ്പണമാക്കി മുന്നേറിക്കൊണ്ടിരിക്കുകയാണ് കൊറോണ എന്ന മഹാമാരി, അക്കൂട്ടത്തിൽ വിദ്യാഭ്യാസ മേഖലയും തകർച്ചയുടെ വക്കിലെത്തി എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. എന്നാൽ വളർന്നു വരുന്ന തലമുറയുടെ അധ്യയനവും ഭാവിയും തകർക്കാൻ ഒരു ദുഷ്ടശക്തിയെയും അനുവദിക്കില്ല എന്ന് ദൃഢപ്രതിജ്ഞ എടുത്തുകൊണ്ട് നമ്മുടെ കേരള സർക്കാരും വിദ്യാഭ്യാസവകുപ്പും വിവരസാങ്കേതിക വിദ്യയുടെ മികവും കൂടെ ഒരുപറ്റം നല്ല മനസ്സുള്ള അധ്യാപകരും കൂടി ചേർന്നപ്പോൾ വീട്ടിലിരുന്നു ജോലി എന്നത് പോലെ വീട്ടിലിരുന്നു പഠനം എന്ന ആശയം കേരളത്തിൽ സാക്ഷാത്കരിക്കപ്പെട്ടു. കാര്യം എല്ലാവർക്കും വളരെ കൗതുകകരമായിരുന്നെങ്കിലും വളരെ പെട്ടെന്ന് തന്നെ കേരളക്കരയിലെ ഏറിയപങ്കും മാതാപിതാക്കളും കുട്ടികളും നാട്ടുകാരും, എന്തിനേറെ പറയുന്നു ട്രോളന്മാർ പോലും വളരെ വലിയ സ്വീകരണവും സ്വീകാര്യതയുമാണ് ഈ പുതിയ സമ്പ്രദായത്തിന് നൽകിയതെന്ന് പറയാതെ വയ്യ.

ഒരു പക്ഷെ ഇൻറ്റർനെറ്റിൻറെ സാധ്യതകൾ പ്രചാരം നേടിയ കാലം മുതൽതന്നെ ചർച്ചയായിട്ടുള്ളതാണ് വീട്ടിലിരുന്നു വിദ്യാഭ്യാസം എന്ന ആശയം. പല പാശ്ചാത്യ രാജ്യങ്ങളിലും ഏതാണ്ട് ഒരു പതിറ്റാണ്ടോളമായി ഇത് നിലവിലുണ്ട് താനും. ഇന്ത്യയിലും ഇതിന്റെ സാദ്ധ്യതകൾ പല ടെലികോം സേവനദാതാക്കളും മുൻപോട്ട് വച്ചിരുന്നെങ്കിലും അത്രക്ക് ശ്രദ്ധ കിട്ടാതെ പോവുകയാണുണ്ടായത് എന്നതാണ് സത്യം. പക്ഷെ കേന്ദ്രികൃത വിദ്യാഭ്യാസ സമ്പ്രദായങ്ങളുള്ള പല പുതുതലമുറ പള്ളികൂടങ്ങളും ഓൺലൈൻ പഠനത്തിൻറെ സാദ്ധ്യതകൾ ഒരുപരിധിവരെ വിദ്യാർഥികളിലേക്ക് എത്തിച്ചിരുന്നെങ്കിലും അവയൊക്കെ തന്നെ സാധാരണക്കാരന് അപ്രാപ്യമായ നിലയിൽ കാശ് മുടക്കുള്ള സരസ്വതിക്ഷേത്രങ്ങളായിരുന്നു എന്നതും എല്ലാവരിലേക്കും ഇതിന്റെ ഗുണവശങ്ങൾ എത്തിക്കുന്നതിൽ പിന്നിലായി. എന്നാൽ ഇന്ന് സാധാരക്കാരിൽ സാധാരണക്കാരായ വിദ്യാത്ഥികൾക്കു പോലും സ്വന്തം വീട്ടിലിരുന്നു കൊണ്ട് തന്നെ ഗുരുമുഖത്തു നിന്നും പാഠങ്ങൾ ഗ്രഹിക്കാമെന്ന സ്ഥിതിയിലേക്ക് സർക്കാർ നിലയിൽ തന്നെ കാര്യങ്ങൾ എത്തിച്ചിരിക്കുന്നു എന്നത് അഭിനന്ദനാർഹമായ നേട്ടം തന്നെയാണ് എന്ന് പറയാതെ വയ്യ. കുടിയന്മാർക്കുള്ള ബെവ്ക്യു ആപ്പ്ളിക്കേഷനിൽ കാണിച്ച ഉദാസീനത വിദ്യാർത്ഥികളുടെ കാര്യത്തിൽ ഒട്ടുമുണ്ടായില്ല എന്നുള്ളത് സർക്കാരിനെ കുറ്റം പറഞ്ഞ പല പ്രമുഖ കുടിയന്മാരുടെ പോലും അഭിനന്ദനം സർക്കാരിന് നേടിയെടുക്കാനായി എന്നുള്ളത് കൂടി ഇക്കൂട്ടത്തിൽ പറയട്ടെ.

സംഗതിയൊക്കെ മൊത്തത്തിൽ ജോറായിട്ടുണ്ടെങ്കിലും, ഇത് സർക്കാരിൻറെ വക ഈ കൊറോണക്കാലത്തു ഒരു എട്ടിന്റെ പണിയായിപ്പോയി എന്ന് പറയുന്ന മാതാപിതാക്കളുമുണ്ട് എന്ന് ഊഹിക്കാമല്ലോ. ഈ കുരുക്കിൽ പെട്ടുപോയ നിരവധി അനവധി മാതാപിതാക്കളുണ്ട് കേരളത്തിൽ, പ്രത്യേകിച്ച് കൊറോണയിൽ ജോലി നഷ്ടപ്പെട്ടവരോ വരുമാനമില്ലാത്തവരോ ആയിമാറിയവർ. ഒരു നല്ല സ്മാർട്ഫോൺ കൈയിൽ ഇല്ലെങ്കിൽ അതൊരു കുറച്ചിലായി കരുതുന്ന ഒരു യുവതലമുറയിലേക്കാണ് ഈ സമ്പ്രദായം ഒരു അവസരമായി മുൻപോട്ടു വന്നത് എന്ന് പറയാം. ഈ തക്കം മുതലെടുത്ത് പതിനായിരം മുതൽ ഒരു ലക്ഷത്തോളം രൂപ വരെ ചിലവാക്കി സ്മാർട്ഫോണോ, ലാപ്ടോപ്പോ ഒക്കെ വാങ്ങിപ്പിച്ച വിരുതന്മാരെ വരെ നേരിട്ട് കാണാനിടയായി. വർക്ക് ഫ്രം ഹോം എന്ന സമ്പ്രദായം തുടങ്ങിയപ്പോൾ മുതൽ ചൂടായ ഉപഭോക്‌തൃ ഉപകരണ വിപണി അന്ന് മുതൽ കൊള്ള ലാഭം കൊയ്യുകയാണ്. അതിൻറെ ചുവടുപിടിച്ച ഇപ്പൊ സ്റ്റഡി ഫ്രം ഹോം കൂടിയായപ്പോൾ ചാകരക്കോളു കിട്ടിയ ഉണർവാണ് വിപണിക്ക്. ആവശ്യത്തിനോ അനാവശ്യത്തിനോ കുട്ടികൾ ഇലക്ട്രോണിക്സ് ഉപകാരങ്ങൾ വാങ്ങിക്കൂട്ടുന്നു എന്നത് ഈ ദുരിതകാലത്തു രക്ഷകർത്താക്കളുടെ കീശ നന്നായി ചോർത്തുന്നുണ്ട് എന്ന് സമ്മതിക്കാതെ തരമില്ല.

നിർധനരായ വിദ്യാർത്ഥികൾക്ക് പല സംഘടനകളും ടി വിയും ടാബ്ലെറ്റും ഒക്കെ സ്പോൺസർ ചെയ്യുന്നതായി കാണാനിടയായി. കാര്യം വളരെ നല്ലതു തന്നെ. പക്ഷെ അതിലും നല്ലൊരു കാര്യമെന്താണെന്നു വച്ചാൽ സന്നദ്ധസംഘടനകളും സർക്കാരും ഒപ്പം സാമൂഹിക പ്രതിബദ്ധതയുള്ള രണ്ടോ മൂന്നോ മെച്ചപ്പെട്ട ഇലക്ടോണിക്‌സ് നിർമാണ കമ്പനികളും കൂടി ചേർന്ന് പഠനാവശ്യങ്ങൾക്കു മാത്രം ഉപകരിക്കുന്നതരത്തിൽ ഒരു സ്റ്റഡി ടാബ്ലെറ്റോ മറ്റോ നിർമിച്ചിരുന്നെങ്കിൽ, ഒരു ടി വി യുടെ വിലക്ക് ഒരു പക്ഷെ എട്ടോ പത്തോ കുട്ടികൾക്ക് പഠനസൗകര്യം ഒരുക്കമായിരുന്നില്ലേ എന്നൊരു തോന്നൽ. കുട്ടികളിൽ സധനരെന്നോ നിർധാരരെന്നോ ഉള്ള വ്യത്യാസം കാണണോ എന്ന് നമുക്ക് സ്വയം ചിന്തിക്കാം. ഇനിയിപ്പോ സധനരായ കുട്ടികളുടെ രക്ഷിതാക്കളെ കൂടി സന്നദ്ധസഘടനകളിലേക്ക് എത്തിക്കാൻ സാധിച്ചാൽ ഒരു പക്ഷെ ഈ ഉദ്യമം കുറേകൂടി ഫലവത്താകുമെന്നും തോന്നുന്നു. അധ്യാപക രക്ഷാകർതൃ സംഘടനകളൊന്നടങ്കം മനസ്സ് വച്ചാൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയായ ദേവികയുടേതുപോലെയുള്ള മരണങ്ങളും നിരവധി കുരുന്നുബാല്യങ്ങളുടെ ഭാവിയും സുരക്ഷിതമാക്കാം. നല്ല നാളേക്കായി നല്ല പൗരന്മാരെ വാർത്തെടുക്കാൻ നമ്മുടെ സർക്കാർ സംവിധാനങ്ങൾക്കാവട്ടെ എന്ന് പ്രാർത്ഥിച്ചു കൊണ്ട് ഇന്നത്തേക്ക് വിട.

 

(സാമൂഹിക രാഷ്ട്രീയ നിരീക്ഷകനും, സ്വതന്ത്ര സാമൂഹിക മനഃശാസ്ത്ര വിദഗ്ദ്ധനുമാണ്   ലേഖകൻ)