ലോകത്തെ ഏറ്റവും വലിയ അഗ്‌നി പര്‍വതമായ മൗന ലോവ പൊട്ടിത്തെറിച്ചു.

ഏകദേശം 38 വര്‍ഷത്തിന് ശേഷമാണ് യുഎസിലെ ഹവാലി ദ്വീപിലുള്ള ഈ അഗ്‌നിപര്‍വതം പൊട്ടിത്തെറിക്കുന്നത്.

ലോകത്തെ ഏറ്റവും വലിയ അഗ്‌നി പര്‍വതമായ മൗന ലോവ പൊട്ടിത്തെറിച്ചു.


ലോകത്തെ ഏറ്റവും വലിയ അഗ്‌നി പര്‍വതമായ മൗന ലോവ പൊട്ടിത്തെറിച്ചു. ഞായറാഴ്ചയാണ് മൗന ലോവ പൊട്ടിത്തെറിച്ചത്. ഏകദേശം 38 വര്‍ഷത്തിന് ശേഷമാണ് യുഎസിലെ ഹവാലി ദ്വീപിലുള്ള ഈ അഗ്‌നിപര്‍വതം പൊട്ടിത്തെറിക്കുന്നത്. തുടര്‍ന്നുണ്ടായ ലാവ ഒഴുക്ക് കാണാന്‍ നിരവധി പേരാണ് ഈ പ്രദേശത്തേക്ക് ഓരോ ദിവസവും എത്തുന്നത്. ഇതേതുടര്‍ന്ന് ഹവാലി ഹൈവേയില്‍ വന്‍ ഗതാഗത കുരുക്ക് രൂപപ്പെട്ടു. 1984ല്‍ ആണ് മൗന ലോവ അവസാനമായി പൊട്ടിത്തെറിച്ചത്.

ദ്വീപിന്റെ കിഴക്ക്-പടിഞ്ഞാറന്‍ ഭാഗങ്ങള്‍ തമ്മില്‍ ബന്ധിപ്പിക്കുന്ന ഈ ഹൈവേയില്‍ നിന്നാല്‍ അഗ്‌നിപര്‍വതത്തിന്റെ ദൃശ്യങ്ങള്‍ വ്യക്തമായി കാണാന്‍ സാധിക്കും എന്നതാണ് ജനങ്ങളെ ഇങ്ങോട്ടേക്ക് ആകര്‍ഷിക്കാനുള്ള കാരണം. അഗ്‌നിപര്‍വതം പൊട്ടിത്തെറിച്ചതോടെ ചാരവും അവശിഷ്ടങ്ങളും അന്തരീക്ഷത്തില്‍ നിറഞ്ഞിരിക്കുകയാണ്. സൂര്യനും അഗ്‌നിപര്‍വതവും ഒരുപോലെ തിളങ്ങിനില്‍ക്കുന്നത് കാണാന്‍ ഉറങ്ങാതെ കാത്തിരുന്ന് വന്നവരുമുണ്ട്. പ്രകൃതി അതിന്റെ വിശ്വരൂപം കാണിച്ചുതരുന്നത് നേരില്‍ കാണാനാണ് തങ്ങള്‍ എത്തിയത് എന്നാണ് ആളുകള്‍ പ്രതികരിക്കുന്നത്. കണ്ണഞ്ചിക്കുന്ന വെളിച്ചമാണ് അഗ്‌നിപര്‍വതത്തില്‍ നിന്നുണ്ടാകുന്നതെന്നും ആളുകള്‍ പറയുന്നു. ഹൈവേയില്‍ നിന്ന് പത്തു കിലോമീറ്റര്‍ അകലെയാണ് ലാവ പരന്നൊഴുകുന്നത്. മുന്‍പ് ലാവ പ്രവാഹം ഈ റോഡിനെയും മൂടിയാണ് കടന്നുപോയിരുന്നത്. രണ്ടുദിവസത്തിനുള്ളില്‍ ഹൈവേയിലേക്ക് ലാവ എത്തുമെന്ന് ഹവാലിയന്‍ വോള്‍കാനോ ഒബ്സര്‍വേറ്ററി സൈന്റിസ്റ്റ് ഇന്‍ചാര്‍ജ് കെന്‍ ഹോന്‍ പറഞ്ഞു. ഇതിനോടകം തന്നെ ലാവ ഒബ്സര്‍വേറ്ററിയെ കടന്നു പോയിക്കഴിഞ്ഞു. ഇതിനാല്‍ ഈ മേഖലയില്‍ വൈദ്യുതി ബന്ധം വിച്ഛേദിച്ചിരിക്കുകയാണ്. ഇതിന് തൊട്ടടുത്തുള്ള കിലൗയ അഗ്‌നിപര്‍വതം 2021 മുതല്‍ പുകയുകയാണ്. രണ്ട് അഗ്‌നിപര്‍വതങ്ങള്‍ ഒരേസമയം തീ തുപ്പുന്നത് കാണാനുള്ള അവസരമാണ് ഇപ്പോള്‍ ഒരുങ്ങിയിരിക്കുന്നത്. അഗ്‌നിപര്‍വതം പൊട്ടിത്തെറിച്ചതിന് ശേഷം, ഇവിടുത്തെ സൂര്യോദയം കാണാനും വന്‍ തിരക്കാണ്. 

അതേസമയം, അഗ്‌നിപര്‍വത സ്ഫോടനം നടന്ന പരിസരത്തേക്ക് അധികം അടുക്കാന്‍ അധികൃതങ്ങള്‍ അനുമതി നല്‍കുന്നില്ല. സുരക്ഷാ മുന്‍കരുതലുകള്‍ എടുത്താണ് ആളുകളെ ദൃശ്യങ്ങള്‍ വീക്ഷിക്കാന്‍ അനുവദിക്കുന്നത്. ജനവാസ കേന്ദ്രങ്ങളിലേക്ക് ലാവ പരന്നേക്കുമോയെന്ന സംശയം അധികൃതര്‍ക്കുണ്ട്. എന്നാല്‍ ജനവാസ മേഖലയല്ലാത്ത പ്രദേശത്തേക്കാണ് നിലവില്‍ ലാവ പടരുന്നതെന്ന് ശാസ്ത്രജ്ഞര്‍ വ്യക്തമാക്കി