വമ്പൻ സംവിധാനങ്ങളുമായി എം.ജി. ആസ്റ്റര്‍ നിരത്തിലേക്ക്

വമ്പൻ സംവിധാനങ്ങളുമായി എം.ജി. ആസ്റ്റര്‍ നിരത്തിലേക്ക്


വമ്പൻ സംവിധാനങ്ങളുമായി എം.ജി. ആസ്റ്റര്‍ നിരത്തിലേക്ക്.എം.ജി. മോട്ടോഴ്സ് ഇന്ത്യൻ നിരത്തുകളിൽക്ക് ഉറപ്പു നൽകിയിട്ടുള്ള മിഡ്-സൈസ് എസ്.യു.വി. വാഹനമായ ആസ്റ്ററിന്റെ വരവിന് ഇനി മണിക്കൂറുകൾ മാത്രം. ഏറെ നാളായുള്ള കാത്തിരിപ്പിന് വിരാമമിട്ട് സെപ്റ്റംബർ 15-ാം തീയതി ഈ വാഹനം വിപണിയിൽ അവതരിപ്പിക്കുമെന്നാണ് നിർമാതാക്കൾ അറിയിച്ചിരിക്കുന്നത്. വില ഉൾപ്പെടെയുള്ളവ നാളെ അറിയാമെങ്കിലും ആസ്റ്ററിന്റെ വിതരണം ഒക്ടോബർ മാസം ആദ്യത്തോടെയായിരിക്കും ആരംഭിക്കുകയെന്നാണ് സൂചന. ഇന്ത്യയിലെ എം.ജി. വാഹന നിരയിലെ അഞ്ചാമനായാണ് ആസ്റ്റർ എസ്.യു.വി. വിപണിയിൽ എത്തുന്നത്.

ഹെക്ടർ, ZS EV, ഗ്ലോസ്റ്റർ, ഹെക്ടർ പ്ലസ് എന്നീ വാഹനങ്ങളാണ് നിലവിൽ എം.ജിയുടെ നിരയിലുള്ളത്. കീഴ്വഴക്കം തെറ്റിക്കാതെ മികച്ച സാങ്കേതികവിദ്യയാണ് ഈ വാഹനത്തിലും എം.ജി. മോട്ടോഴ്സ് നൽകിയിട്ടുള്ളത്. ആസ്റ്റർ എസ്,യു.വിയുടെ സാങ്കേതിക തികവ് വർണിച്ച് കൊണ്ടുള്ള നിരവധി ടീസറുകൾ എം.ജി. മോട്ടോഴ്സ് ഇതിനകംതന്നെ പുറത്തുവിട്ടിട്ടുണ്ട്.

അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സംവിധാനത്തിന്റെ അകമ്പടിയോടെയുള്ള ലെവൽ-2 ഓട്ടോണമസ് ഫീച്ചറുകളുമായി എം.ജി. മോട്ടോഴ്സ് ആദ്യമായി പുറത്തിറക്കുന്ന വാഹനമാണ് ആസ്റ്റർ എസ്.യു.വി. കമ്പനിയുടെ പ്രീമിയം എസ്.യു.വി. മോഡലായ ഗ്ലോസ്റ്ററിൽ ലെവൽ-1 ഓട്ടോണമസ് ഫീച്ചറുകൾ നൽകിയിരുന്നു. എം.ജിയുടെ വാഹനനിരയിൽ ഹെക്ടർ എസ്.യു.വിയുടെ താഴെയായിരിക്കും ആസ്റ്ററിന്റെ സ്ഥാനമെന്നാണ് നിർമാതാക്കൾ അറിയിച്ചിട്ടുള്ളത്.രൂപത്തിൽ ഇലക്ട്രിക് എസ്.യു.വിയായ ZS-EV സമാനമായിരിക്കും എം.ജി. മോട്ടോഴ്സ് പുറത്തുവിട്ട് ആസ്റ്ററിന്റെ ചിത്രങ്ങൾ സൂചിപ്പിക്കുന്നത്. അതേസമയം, നേരിയ ഡിസൈൻ മാറ്റങ്ങളും ഈ വാഹനത്തിൽ വരുന്നുണ്ട്. ഷാർപ്പ് ഡിസൈനിലുള്ള ഹെഡ്ലാമ്പ്, എൽ.ഇ.ഡി.ഡി.ആർ.എൽ, പുതിയ ഡിസൈനിലുള്ള ബമ്പർ, കൂടുതൽ സ്റ്റൈലിഷായുള്ള ഹണി കോമ്പ് ഡിസൈനിലുള്ള ഗ്രില്ല് എന്നിവയായിരിക്കും ദട ഇലക്ട്രിക്കിൽ നിന്ന് ആസ്റ്ററാകുമ്പോൾ സംഭവിക്കുന്ന മാറ്റങ്ങൾ.

സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ നിരവധി സെഗ്മെന്റ് ഫസ്റ്റ് ഫീച്ചറുകളാണ് അകത്തളത്തിലുള്ളത്. കാറിനുള്ളിലെ പേഴ്സണൽ അസിസ്റ്റൻസ് സംവിധാനമാണ് ഇതിൽ പ്രധാനം. 10.1 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, എം.ജിയുടെ മറ്റ് മോഡലുകളിൽ നൽകിയിട്ടുള്ള ഐസ്മാർട്ട് കണക്ടഡ് കാർ സംവിധാനം എന്നിവ അകത്തളത്തിൽ നൽകുന്നുണ്ട്. പനോരമിക് സൺറൂഫ്, ക്രൂയിസ് കൺട്രോൾ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലെസ്റ്റർ തുടങ്ങിയുള്ള ഫീച്ചറുകളും അകത്തളത്തിലുണ്ട്.

1.5 ലിറ്റർ നാല് സിലിണ്ടർ നാച്വറലി ആസ്പിരേറ്റഡ് പെട്രോൾ, 1.3 ലിറ്റർ ടർബോ പെട്രോൾ എൻജിനുകൾ ഈ വാഹനത്തിൽ നൽകുമെന്നാണ് സൂചന. ഇത് യഥാക്രമം 120 ബി.എച്ച്.പി. പവറും 150 എൻ.എം. ടോർക്കും, 163 ബി.എച്ച്.പി. പവറും 230 എൻ.എം. ടോർക്കുമാണ് ഉത്പാദിപ്പിക്കുന്നത്. 1.5 ലിറ്റർ എൻജിൻ വേരിയന്റിനൊപ്പം ആറ് സ്പീഡ് മാനുവൽ ഗിയർബോക്സ് നൽകും. ടർബോ എൻജിൻ മോഡലിൽ അഞ്ച് സ്പീഡ് മാനുവൽ സി.വി.ടി എന്നീ ഗിയർബോക്സുകൾ നൽകിയേക്കും.