പ്രവർത്തനം അവസാനിപ്പിക്കുന്ന ഫോർഡിന്റെ പ്ലാന്റുകൾ ഏറ്റെടുക്കാൻ എം.ജി. മോട്ടോഴ്സ്

പ്രവർത്തനം അവസാനിപ്പിക്കുന്ന ഫോർഡിന്റെ പ്ലാന്റുകൾ ഏറ്റെടുക്കാൻ എം.ജി. മോട്ടോഴ്സ്


അമേരിക്കൻ വാഹന നിർമാതാക്കളായ ഫോർഡ് ഇന്ത്യയിലെ വാഹന നിർമാണം അവസാനിപ്പിക്കുന്നതായി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായി 2021 അവസാനത്തോടെ ഗുജറാത്തിലേയും 2022-ന്റെ മധ്യത്തോടെ തമിഴ്നാട്ടിലേയും പ്ലാന്റുകളിലെ വാഹനം നിർമാണം അവസാനിപ്പിക്കുമെന്നാണ് റിപ്പോർട്ട്. എന്നാൽ, പ്രവർത്തനം അവസാനിപ്പിക്കുന്ന ഫോർഡിന്റെ പ്ലാന്റുകൾ ഏറ്റെടുക്കാൻ എം.ജി. മോട്ടോഴ്സ് സന്നദ്ധത അറിയിച്ചതായി ഇ.ടി. ഓട്ടോ റിപ്പോർട്ട് ചെയ്തു.

ഇന്ത്യയിലെ പ്ലാന്റുകൾ ഏറ്റെടുക്കുന്നത് സംബന്ധിച്ച് എം.ജി.മോട്ടോഴ്സും ഫോർഡും പ്രാഥമിക ചർച്ചകൾ പുരോഗമിക്കുന്നതായാണ് റിപ്പോർട്ട്. എന്നാൽ, ഇത് സംബന്ധിച്ച് ഇരു കമ്പനികളും ഔദ്യോഗിക വെളിപ്പെടുത്തൽ നടത്തിയിട്ടില്ല. ഗുജറാത്തിലെ ഹാലോലിലാണ് എം.ജി. മോട്ടോഴ്സിന്റെ പ്ലാന്റ് പ്രവർത്തിക്കുന്നത്. ഹരിയാനയിലെ ഗുരുഗ്രാമിലാണ് എം.ജി. മോട്ടോഴ്സിന്റെ ഇന്ത്യയിലെ ആസ്ഥാനം സ്ഥിതി ചെയ്യുന്നത്.കൊറോണ ഒന്നാം തരംഗത്തിന് ശേഷം വാഹന വിൽപ്പന ഉയർന്നതിനെ തുടർന്ന് നിർമാണം വർധിപ്പിക്കുന്നതിനായി ഫോർഡിന്റെ വാഹന നിർമാണശാലയിൽ കരാർ അടിസ്ഥാനത്തിൽ വാഹനം നിർമിക്കുന്നത് എം.ജി പരിഗണിച്ചിരുന്നു. എന്നാൽ, പുതിയ സാഹചര്യത്തിൽ കരാർ അടിസ്ഥാനത്തിൽ വാഹനം നിർമിക്കുന്നതും പ്ലാന്റ് ഏറ്റെടുക്കുന്നതും സംബന്ധിച്ച വിഷയങ്ങൾ ഇരുകമ്പനികളും ചർച്ച ചെയ്തേക്കുമെന്നാണ് സൂചനകൾ.

മറ്റ് വാഹന നിർമാതാക്കളുമായി സഹകരിച്ച് പ്രവർത്തിക്കുന്നതും, പ്ലാറ്റ്ഫോം പങ്കിടുന്നതും, കരാർ അടിസ്ഥാനത്തിൽ വാഹനം നിർമിക്കുന്നതും സംബന്ധിച്ച വിഷയങ്ങളിൽ ഫോർഡുമായി വിവിധ കമ്പനികൾ ചർച്ച ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഇന്ത്യയിൽ അടുത്തിടെ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളുടെ നിർമാണം ആരംഭിച്ച ഒല ഇലക്ട്രിക്കുമായി ഫോർഡ് സഹകരണം സംബന്ധിച്ച വിഷയങ്ങൾ ചർച്ച ചെയ്തിട്ടുണ്ടെന്നും സൂചനകളുണ്ട്.ഇന്ത്യയിലെ പ്രവർത്തനം നഷ്ടത്തിൽ തുടരുന്നത് കണക്കിലെടുത്ത് കഴിഞ്ഞ ദിവസമാണ് ഫോർഡ് ഇന്ത്യ വിടുന്നുവെന്ന് പ്രഖ്യാപിച്ചത്. എന്നാൽ, തിരഞ്ഞെടുത്ത മോഡലുകൾ ഇറക്കുമതിയിലൂടെ ഇന്ത്യയിൽ വിൽപ്പന തുടരുമെന്നാണ് ഫോർഡ് അറിയിച്ചിട്ടുള്ളത്. അതേസമയം, ഫോർഡ് ഇന്ത്യയിൽ നിർമിക്കുന്ന ഫിഗോ, ആസ്പയർ, ഫ്രീസ്റ്റൈൽ, ഇക്കോസ്പോട്ട്, എൻഡേവർ തുടങ്ങിയ മോഡലുകൾ സ്റ്റോക്ക് തീരുന്നത് വരെ വിൽപ്പന തുടരുമെന്നാണ് അറിയിച്ചിരിക്കുന്നത്.