മുല്ലപ്പെരിയാറും കൊച്ചി മഹാരാജ്യവും

മനു മോഹനൻ, സാമൂഹിക രാഷ്ട്രീയ നിരീക്ഷകൻ

മുല്ലപ്പെരിയാറും കൊച്ചി മഹാരാജ്യവും


എല്ലാ കൊല്ലത്തെയും പോലെ കേരളത്തിൽ ജൂൺ ഒന്നിന് തന്നെ മുറ തെറ്റാതെ ഇടവപ്പാതിമഴ എത്തി. പൊതുവെ നാട്ടിലെല്ലാവരുടെ ഉള്ളിലും കൊറോണ മഹാമാരിയെക്കുറിച്ചുള്ള വേവലാതികൾ ആളിക്കത്തുമ്പോഴും ഒരു ചെറു കുളിരെന്നോണം പുറത്തു മഴ തിമിർത്തു പെയ്യുന്നു. നിലവിലെ സാഹചര്യങ്ങൾ ചെറുതല്ലാത്ത രീതിയിൽ വഷളാക്കാൻ ഈ മഴ ഉപകരിക്കുമെങ്കിലും, മഴ എന്നും മനുഷ്യർക്ക് വിശിഷ്യാ മലയാളിക്ക് ഒരു ഹൃദയവികാരമാണെന്നു പറഞ്ഞാൽ ഇത്തിരി പൈങ്കിളിയായി പോകുമെങ്കിലും സംഗതി പരമാർത്ഥമാണ്. ഇടവപ്പാതി വന്നതോടെ പൊതുവെ ഈ സീസണിൽ ചൂടുപിടിക്കാറുള്ള വെള്ളപ്പൊക്കവും പ്രളയവും പുനരധിവാസവുമൊക്കെ പതിവ് തെറ്റാതെ വാർത്തകളിൽ നിറഞ്ഞു നിൽക്കുന്നു. കൂട്ടത്തിൽ മുല്ലപെരിയാർ അണക്കെട്ടും സ്ഥാനം പിടിച്ചിട്ടുണ്ടെന്നു പ്രത്യേകം എടുത്തു പറയേണ്ടതില്ലല്ലോ.

വരാൻ പോകുന്നത് ഏറെക്കുറെ കഴിഞ്ഞ രണ്ടു വർഷങ്ങളിലേതിനും സമാനമായതോ കാഠിന്യമേറിയതോ ആയ പ്രളയമാണെന്നുള്ളത് കാലാവസ്ഥ വിദഗ്ധരും സർക്കാർ സംവിധാനങ്ങളും നേരത്തെ തന്നെ മിന്നറിയിപ്പു തന്നു തുടങ്ങിയിരിക്കുന്നു. കൂട്ടത്തിൽ കാലാവസ്ഥ നിരീക്ഷണ സംവിധാനങ്ങളെ പോലും വെല്ലുന്ന കാലാവസ്ഥ പ്രവചനം നടത്തുന്ന "തമിഴ്‌നാട് വെതർമാൻ" എന്നറിയപ്പെടുന്ന പ്രദീപ് ജോണിൻറെ വാക്കുകൾ  കേരളത്തിൽ വരാനിരിക്കുന്ന സ്ഥിതിഗതികൾ അതിതീവ്രമാണെന്നും ചൂണ്ടിക്കാട്ടുന്നുണ്ട്. ഓഖി ചുഴലിക്കാറ്റും ചെന്നൈയിലെ പ്രളയവും കേരളത്തിലെ കഴിഞ്ഞ രണ്ടു പ്രളയങ്ങളും പ്രവചിച്ച പ്രദീപ് ജോണിൻറെ വിശ്വാസ്യത ചോദ്യം ചെയ്യാൻ സർക്കാർ വൃത്തങ്ങൾ പോലും തയ്യാറാവില്ല. കഴിഞ്ഞ രണ്ടു വർഷങ്ങളിൽ യഥാക്രമം രണ്ടായിരത്തി അറുനൂറും രണ്ടായിരത്തി മുന്നൂറും മില്ലിമീറ്റർ മഴ ലഭിച്ച കേരളത്തിൽ ഇക്കൊല്ലം മൂവായിരത്തി ഒരുനൂറ്‌ മില്ലിമീറ്റർ മഴക്ക് സാധ്യത ഉണ്ടെന്നു പറയപ്പെടുന്നു. അങ്ങനെ നോക്കുമ്പോൾ വരാനിരിക്കുന്നത് കഴിഞ്ഞ രണ്ടു വർഷങ്ങളിലേതിലും ഭീകരമായ പ്രളയം തന്നെയെന്ന് വേണം കരുതാൻ.

ഈ അവസരത്തിലാണ് മുല്ലപെരിയാർ ഡാമും അതിൻറെ ബലക്ഷയവും വീണ്ടും ചർച്ചകളിൽ നിറയുന്നത്. ഇതൊന്നും പോരാത്തതിന് നോസ്ട്രഡാമസ് എന്ന ലോകപ്രസിദ്ധനായ പ്രവാചകൻറെ പ്രവചനകുറിപ്പുകളിൽ രണ്ടായിരത്തി ഇരുപതിൽ ഏഷ്യൻ ഭൂഖണ്ഡത്തിന്റെ ഇങ്ങേ അറ്റത് മുനമ്പ് പോലെയുള്ള ഒരു സ്ഥലത്തു അണക്കെട്ടു തകരുകയും വലിയൊരു ഭൂപ്രദേശവും പ്രധാന നഗരങ്ങളും കടലെടുക്കുകയും ചെയ്യുമെന്ന് പറഞ്ഞിരിക്കുന്നു എന്നാണ് അറിവ്. വിശ്വാസത്തിലും, അതിലേറെ അന്ധവിശ്വാസത്തിലും അടിയുറച്ചു വിശ്വസിക്കുന്ന മലയാളിക്ക് വേറെന്തെങ്കിലും വേണോ ഇതിൽ കൂടുതൽ. ഈ പറഞ്ഞ അണക്കെട്ടു മുല്ലപ്പെരിയാർ ആണെന്നും ഈ ഭൂപ്രദേശം ഇടുക്കി, കോട്ടയം, എറണാകുളം, ആലപ്പുഴ, തൃശൂർ ജില്ലകൾ ആണെന്നും കൊച്ചി കോട്ടയം തൃശൂർ നഗരങ്ങളും വെള്ളത്തിനടിയിലാവുമെന്നു ഇതിനോടകം തന്നെ വ്യാഖ്യാനിച്ചു കഴിഞ്ഞിരിക്കുന്നു. പഴയ കൊച്ചിമഹാരാജ്യത്തിൻറെ ഭാഗമായ പ്രദേശങ്ങളാണ് മുല്ലപ്പെരിയാർ ആഘാതത്തിൽ ചരിത്രമാവുക എന്നതും ശ്രദ്ധേയമാണ്. എന്നിരുന്നാലും ശാസ്ത്രീയമായ വിശകലനങ്ങളും അവലോകങ്ങളും തരുന്ന ചിത്രം ഏറെക്കുറെ ഇത് സാധൂകരിക്കുന്നുമുണ്ടെന്നതാണ് സത്യം.

ഈ കൊറോണ വ്യാപനകാലത്ത് രക്ഷാപ്രവർത്തനങ്ങളും പുനരധിവാസവുമൊക്കെ വലിയ പ്രശ്നമായി തന്നെ മുന്നിലുണ്ട് എന്നുള്ളതും കാണാതെ വയ്യ. കഴിഞ്ഞകൊല്ലം പുനരധിവാസ ക്യാമ്പുകളായി ഉപയോഗിച്ചിരുന്ന പല കെട്ടിടങ്ങളും ഇന്ന് കൊറോണ നിരീക്ഷണ കേന്ദ്രങ്ങളായി ഉപഗോയിക്കുകയാണ് എന്നുള്ളത് ഭരണകൂടത്തിന് മുന്നിൽ വലിയ വെല്ലുവിളിയുയർത്തുന്നുണ്ട്. അതേപോലെ സാമൂഹിക അകലം പാലിക്കേണ്ട ഈ പ്രത്യേക പരിതസ്ഥിതിയിൽ ക്യാമ്പുകളും ദുരിതാശ്വാസ കേന്ദ്രങ്ങളും പ്രായോഗികമായ പോംവഴിയായി കാണാനുമാകില്ല എന്നത് മറ്റൊരു വശം. എന്തൊക്കെയായാലും വരാനിരിക്കുന്ന ദുരിതകാലം നമ്മൾ കേരളജനത സമചിത്തതയോടെ ഒരേ മനസ്സോടെത്തന്നെ നേരിടും എന്ന് ഉറച്ചു വിശ്വസിക്കാം.

 

(സാമൂഹിക രാഷ്ട്രീയ നിരീക്ഷകനും, സ്വതന്ത്ര സാമൂഹിക മനഃശാസ്ത്ര വിദഗ്ദ്ധനുമാണ്   ലേഖകൻ)