ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് നടക്കുന്ന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സും പഞ്ചാബ് കിങ്‌സും നേര്‍ക്കുനേര്‍.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് നടക്കുന്ന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സും  പഞ്ചാബ് കിങ്‌സും നേര്‍ക്കുനേര്‍.


ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് നടക്കുന്ന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സും പഞ്ചാബ് കിങ്‌സും നേര്‍ക്കുനേര്‍. നാല് മത്സരത്തില്‍ രണ്ട് വീതം ജയവും തോല്‍വിയും വഴങ്ങിയ മുംബൈ നാലാം സ്ഥാനത്തും നാല് മത്സരത്തില്‍ നിന്ന് മൂന്ന് തോല്‍വിയും ഒരു ജയവും വഴങ്ങിയ പഞ്ചാബ് കിങ്‌സ് ഏഴാം സ്ഥാനത്തുമാണ്. തുടര്‍ച്ചയായി മൂന്ന് തോല്‍വികള്‍ വഴങ്ങിയ പഞ്ചാബിന് ഇന്ന് ജീവന്‍മരണ പോരാട്ടമാണ്. ഡല്‍ഹിയോട് തോറ്റ മുംബൈക്കും തിരിച്ചുവരവ് അത്യാവശ്യം. മത്സരത്തില്‍ താരങ്ങളെ കാത്തിരിക്കുന്ന റെക്കോഡുകള്‍ എന്തൊക്കെയാണെന്ന് നോക്കാം.

മുംബൈക്കായി 100ാം മത്സരം കളിക്കാന്‍ തയ്യാറെടുത്ത് ജസ്പ്രീത് ബുംറ. 96 മത്സരങ്ങള്‍ ഐപിഎല്ലിലും 3 മത്സരങ്ങള്‍ ചാമ്പ്യന്‍സ് ലീഗ് ടി20യിലുമാണ് ബുംറ കളിച്ചത്. മികച്ച ഫോമിലുള്ള ബുംറ 100ാം മത്സരത്തില്‍ മാച്ച് വിന്നിങ് പ്രകടനങ്ങള്‍ കാഴ്ചവെക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം.

പഞ്ചാബ് കിങ്‌സിനായി 1000 റണ്‍സ് ക്ലബ്ബിനരികെ മായങ്ക് അഗര്‍വാള്‍. 981 റണ്‍സാണ് ഓപ്പണര്‍ താരത്തിന്റെ പേരില്‍ ഇതുവരെയുള്ളത്. 19 റണ്‍സ് കൂടി നേടിയാല്‍ പഞ്ചാബിനായി 1000 റണ്‍സ് നേടുന്ന താരങ്ങളുടെ പട്ടികയിലേക്ക് മായങ്കിനുമെത്താനാവും. ഇത്തവണ അര്‍ധ സെഞ്ച്വറി പ്രകടനം നടത്തിയെങ്കിലും സ്ഥിരതയോടെ കളിക്കാന്‍ അദ്ദേഹത്തിനാവുന്നില്ല.

മുംബൈ ഇന്ത്യന്‍സിന്റെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ക്രുണാല്‍ പാണ്ഡ്യയെ കാത്തും ഒരു നേട്ടമുണ്ട്. 75 ഐപിഎല്ലില്‍ നിന്ന് 49 വിക്കറ്റാണ് ക്രുണാല്‍ ഇതുവരെ നേടിയത്. ഒരു വിക്കറ്റ് കൂടി നേടിയാല്‍ ഐപിഎല്ലില്‍ 50 വിക്കറ്റ് നേട്ടക്കാരുടെ ക്ലബ്ബിലേക്ക് ക്രുണാലും എത്തും. സീസണില്‍ മികച്ച പ്രകടനമാണ് മുംബൈ സ്പിന്നര്‍ കാഴ്ചവെക്കുന്നത്.

മുംബൈയുടെ ഇഷാന്‍ കിഷന്‍ 959 റണ്‍സ് ടീമിനൊപ്പം നേടിക്കഴിഞ്ഞു. 41 റണ്‍സ് കൂടി നേടിയാല്‍ മുംബൈ ഇന്ത്യന്‍സിനായി 1000 റണ്‍സ് നേടുന്ന താരങ്ങളുടെ പട്ടികയിലേക്ക് ഇഷാന്‍ കിഷനെത്തും. എന്നാല്‍ സീസണില്‍ ഇതുവരെ ഫോമിലേക്കെത്താന്‍ ഇഷാനായിട്ടില്ല. അതിനാല്‍ത്തന്നെ ഇഷാന് ഇന്ന് പഞ്ചാബിനെതിരേ ചിലപ്പോള്‍ പുറത്തിരിക്കേണ്ടി വന്നേക്കും. പകരം സൗരവ് തിവാരിക്ക് മുംബൈ അവസരം നല്‍കിയേക്കും.

പഞ്ചാബിനെതിരേ 33.45 ശരാശരിയില്‍ 669 റണ്‍സാണ് മുംബൈ നായകന്‍ രോഹിത് ശര്‍മ നേടിയിട്ടുള്ളത്. 142.34 എന്ന മികച്ച സ്‌ട്രൈക്കറേറ്റും രോഹിതിനുണ്ട്. ഫോമിലുള്ള രോഹിതിന് ഈ മികവ് പഞ്ചാബിനെതിരേ നിലനിര്‍ത്താനാവുമോയെന്ന് കണ്ടറിയാം.