പുതിയ മാറ്റങ്ങൾ വരുന്നു, ടെലഗ്രാം പ്രീമിയം ആകുന്നു!.

പുതിയ മാറ്റങ്ങൾ വരുന്നു, ടെലഗ്രാം പ്രീമിയം ആകുന്നു!.


 

പെയ്ഡ് സബ്സ്ക്രിപ്ഷൻ നടപ്പിലാക്കി മെസേജിം​ഗ് ആപ്പായ ടെലിഗ്രാം. ടെലിഗ്രാം പ്രീമിയം സ്വന്തമാക്കാത്തവരുടെ ചാറ്റുകൾക്കും, ഫയലുകൾക്കും ലിമിറ്റുകൾ ഉണ്ടാകും. ടെലിഗ്രാമിന്റെ സ്ഥാപകൻ പാവേൽ ഡ്യൂറോവാണ് ഇക്കാര്യം വ്യക്തമാക്കിയത്. നിലവിലെ ഫീച്ചറുകൾ സൗജന്യമായി തന്നെ നിലനിർത്തിക്കൊണ്ടാണ് സബ്സ്ക്രിപ്ഷൻ നടപ്പാക്കുന്നത്. ടെലിഗ്രാമിന്റെ സാധ്യതകൾ തേടുന്ന ഉപയോക്താക്കളെ ലക്ഷ്യമിട്ടാണ് പണമടച്ചുള്ള ഉപയോഗം കൊണ്ടുവരുന്നത്. പ്രീമിയം സ്റ്റിക്കേഴ്സും പുതിയ ഇമോജികളും അവതരിപ്പിക്കുന്നുണ്ട്. നിലവിൽ ആപ്പ് ഡൗൺലോഡ് ചെയ്യുമ്പോൾ ടെലിഗ്രാം ഫ്രീ ആണെന്നും , പരസ്യങ്ങളോ, ഫീയോ ഇല്ല എന്നുമുള്ള ടാഗ്ലൈൻ കാണാനാകും. വൈകാതെ ഇതിൽ മാറ്റം വരുത്തും. ഏറ്റവും പുതിയ അപ്ഡേറ്റിൽ വ്യത്യസ്തമായി ടാഗലൈനിലാണ് അവതരിപ്പിച്ചിരിക്കുന്നത്. പുതിയ വരുമാനമാർഗങ്ങൾ തേടുന്നതിന്റെ ഭാഗമായാണ് മാറ്റങ്ങളുമായി കമ്പനി എത്തുന്നതെന്നാണ് വിലയിരുത്തൽ.

 

ആദ്യ ടാഗ് ലൈൻ മാറ്റി പുതിയ ടാഗ് ലൈനിനൊപ്പം പണമടയ്ക്കുന്ന സംവിധാനവുമായി പുതിയ ടെലിഗ്രാം ഉടനെ എത്തുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. "ചാറ്റുകൾക്കും മീഡിയകൾക്കും ഫ്രീ അ‍ൺ ലിമിറ്റഡ് ക്ലൗഡ് സ്റ്റോറേജ് ടെലിഗ്രാം നൽകുന്നു" എന്ന പുതിയ ടാഗ് ലൈനാണ് ഡവലപ്പർമാർ ഷെയർ ചെയ്ത ഡാറ്റാ സ്ട്രീംഗുകളിലുള്ളത്. പുറത്തുവന്ന സ്ക്രീൻഷോട്ടുകൾ അനുസരിച്ച് ടെലിഗ്രാമിന്റെ അപ്ഡേറ്റഡ് വേർഷൻ പരസ്യങ്ങളെ പിന്തുണക്കാനും സാധ്യതയുണ്ട്. പ്രിമിയം സബ്സ്ക്രിപ്ഷൻ എടുക്കുന്നവർക്കായി പുതിയ സ്റ്റിക്കറുകളും അവതരിപ്പിക്കുന്നുണ്ട്. നിലവിൽ പുതിയ ടാഗ് ലൈൻ ആക്ടീവായിട്ടില്ല. പ്രീമിയം സബ്സ്ക്രിപ്ഷൻ ഓഫിഷ്യലായി പുറത്തുവിട്ട ശേഷമേ ഇത് കാണാനാകൂ.

 

പുതിയ ഇമോജികളും സ്റ്റിക്കറുകളും ഉൾപ്പെട്ട ടെലിഗ്രാം പതിപ്പ് 8.7.2 ബീറ്റ അടുത്തയിടെ പുറത്തിറക്കിയിരുന്നു. മെസേജ് അയയ്ക്കുമ്പോൾ പ്രീമിയം സബ്സ്ക്രിപ്ഷൻ പ്ലാനിനായി സൈൻഅപ്പ് ചെയ്യുന്നുണ്ടോ എന്നൊരു നോട്ടിഫിക്കേഷൻ ലഭിക്കും. ഇത് എല്ലാ ഉപയോക്താക്കൾക്കും ലഭ്യമാകും. ടെലിഗ്രാം പ്രീമിയം സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇതുവരെ കമ്പനി പുറത്തുവിട്ടിട്ടില്ല. ഈ ഏപ്രിലിൽ പുതിയ കുറച്ച് ഫീച്ചറുകൾ ചേർത്ത് ആപ്പ് അപ്ഡേറ്റ് ചെയ്തിരുന്നു. ഇഷ്ടപ്പെട്ട നോട്ടിഫിക്കേഷൻ ടോണുകൾ, ചാറ്റുകൾ മ്യൂട്ട് ചെയ്യുന്നതിനും, ഓട്ടോമാറ്റിക് ഡീലിറ്റ് ചെയ്യുന്നതിനുമുള്ള ഓപ്ഷനുകൾ, ചാറ്റുകളിലെ റിപ്ലേ, ഫോർവേർഡിങ്ങ് എന്നിവയിൽ വരുത്തിയ ക്രമീകരണങ്ങൾ തുടങ്ങിയ നിരവധി സവിശേഷതകളാണ് ഉൾപ്പെടുത്തിയിരുന്നത്. ആൻഡ്രോയിഡ് ഉപഭോക്താക്കൾക്കുള്ള പിക്ചർ ഇൻ പിക്ചർ മോഡും ഇക്കൂട്ടത്തിൽ പെടുന്നു.iOS-ൽ മെസെജുകൾ ട്രാൻസലേറ്റ് ചെയ്യുന്നതിലും മെച്ചപ്പെടുത്തലുകൾ ഉണ്ടായിട്ടുണ്ട്.