ബിഹാറില്‍ അധികാര കൈമാറ്റ സൂചന നല്‍കി നിതീഷ് കുമാര്‍.

ബിഹാറില്‍ അധികാര കൈമാറ്റ സൂചന നല്‍കി നിതീഷ് കുമാര്‍.


ബിഹാറില്‍ അധികാര കൈമാറ്റ സൂചന നല്‍കി നിതീഷ് കുമാര്‍.  ഭാവിയില്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവിന് അധികാരം കൈമാറുമെന്ന് സൂചന നല്‍കി ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. തന്റെ ജന്മനാട്ടിലുള്ളവര്‍ വികസനത്തെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ലെന്നും തേജസ്വി വികസനം മുന്നോട്ട് കൊണ്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു. തിങ്കളാഴ്ച നളന്ദയിലെ ഒരു ഡെന്റല്‍ കോളേജില്‍ നടന്ന പരിപാടിയിലാണ് നിതീഷ് കുമാറിന്റെ പരാമര്‍ശം.  'ഞങ്ങള്‍ നളന്ദയ്ക്കായി വളരെയധികം ചെയ്തു, ഇനിയും എന്തൊക്കെ ചെയ്യേണ്ടതുണ്ടോ അതൊക്കെ തേജസ്വി ചെയ്യും. നളന്ദയിലെ ജനങ്ങള്‍ക്ക് ഒരു പ്രശ്നവും നേരിടേണ്ടിവരില്ല. ഞങ്ങള്‍ക്കിടയില്‍ അഭിപ്രായവ്യത്യാസങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന നിരവധി പേരുണ്ട്. പക്ഷേ തെറ്റിദ്ധരിക്കരുതെന്ന് ഞാന്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു. നമ്മള്‍ ഐക്യത്തോടെ നിലകൊള്ളുകയും ജോലികള്‍ പൂര്‍ത്തിയാക്കുകയും വേണം', അദ്ദേഹം പറഞ്ഞു. 

കേന്ദ്രത്തില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ തുടരുന്ന കാലത്തോളം നളന്ദ സര്‍വകലാശാല പുനഃസ്ഥാപിക്കുമെന്ന് തനിക്ക് പ്രതീക്ഷയില്ല. കേന്ദ്രത്തില്‍ നിലവിലുള്ള ഉപേക്ഷ ഇല്ലാതായാല്‍ സര്‍വകലാശാലയുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാകും. നേരത്തെ, എന്റെ കാഴ്ചപ്പാടുകള്‍ അനുസരിച്ചാണ് പ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഞാന്‍ എന്ത് പറയും? മോദി ഉള്ളത് വരെ നളന്ദ സര്‍വകലാശാല പുനഃസ്ഥാപിക്കുമെന്ന പ്രതീക്ഷയില്ലെന്നും നിതീഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.