എസ്ബിഐയില്‍ അക്കൗണ്ടുള്ളവര്‍ ശ്രദ്ധിക്കുക.

എസ്ബിഐയില്‍ അക്കൗണ്ടുള്ളവര്‍ ശ്രദ്ധിക്കുക.


വരുമാനം നികുതി പരിധിക്ക് താഴെയാണെന്ന് വ്യക്തമാക്കുന്ന ഫോം 15 G / ഫോം 15 H എന്നിവ ഓണ്‍ലൈന്‍ വഴി സമര്‍പ്പിക്കാമെന്ന് അക്കൌണ്ട് ഉടമകളോട് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നിര്‍ദേശിച്ചു.

കോവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ഫോം 15 G / ഫോം 15 H എന്നിവ സമര്‍പ്പിക്കാന്‍ ജൂണ്‍ 30 വരെ സാവകാശം അനുവദിക്കാന്‍ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്‌ട് ടാക്സ് (സിബിഡിടി) തീരുമാനിച്ചിരുന്നു. ഏപ്രില്‍ മൂന്നിന് ഇറങ്ങിയ ഉത്തരവിലാണ് ഇക്കാര്യമുള്ളത്. ഇതിന് അനുസൃതമായാണ് എസ്ബിഐയുടെ നിര്‍ദേശം. സാധാരണഗതിയില്‍ ഏപ്രില്‍ മാസത്തിലാണ് ഫോം 15 G / ഫോം 15 H എന്നിവ സമര്‍പ്പിക്കുന്നത്. എന്നാല്‍ ലോക്ക്ഡൌണ്‍ കാരണമാണ് സമയപരിധി ജൂണ്‍ 30 വരെ നീട്ടിയത്.

സ്വന്തം വരുമാനം ഈ സാമ്പത്തികവര്‍ഷത്തില്‍ ആദായ നികുതി പരിധിക്ക് താഴെയാണെന്ന് വ്യക്തമാക്കുന്നതാണ് ഫോം 15 G / ഫോം 15 H. ഇതില്‍ ഫോം 15 H മുതിര്‍ന്ന പൌരന്‍മാര്‍ക്കുവേണ്ടിയുള്ളതാണ്. അക്കൌണ്ടില്‍നിന്ന് ടിഡിഎസ്(ടാക്സ് ഡിഡക്ഷന്‍ അറ്റ് സോഴ്സ്) ഈടാക്കാതിരിക്കാനാണ് ഫോം 15 G / ഫോം 15 H സമര്‍പ്പിക്കുന്നത്.

ഫോം 15 G / ഫോം 15 H എന്നിവ ഓണ്‍ലൈന്‍ ബാങ്കിങ് അക്കൌണ്ട് വഴിയാണ് സമര്‍പ്പിക്കേണ്ടതെന്നും എസ്ബിഐ അറിയിച്ചു.

ഫോം ഓണ്‍ലൈനില്‍ സമര്‍പ്പിക്കുന്നവിധം:

* എസ്‌ബി‌ഐ ഓണ്‍ലൈന്‍ ബാങ്കിങ് ലോഗിന്‍ ചെയ്ത് ഇ-സര്‍വീസ് എന്ന ലിങ്ക് ക്ലിക്ക് ചെയ്യുക.

* ഇതില്‍ 15 ജി / എച്ച്‌ 'ഓപ്ഷന്‍ തിരഞ്ഞെടുക്കുക.

* ഇപ്പോള്‍, ഫോം 15 ജി അല്ലെങ്കില്‍ ഫോം 15 എച്ച്‌ തിരഞ്ഞെടുക്കുക. ഫോം 15 എച്ച്‌ മുതിര്‍ന്ന പൌരന്‍മാര്‍ക്കുവേണ്ടിയുള്ളതാണ്.കസ്റ്റമര്‍ ഇന്‍ഫര്‍മേഷന്‍ ഫയല്‍ (സിഐഎഫ്) നമ്പര്‍ തിരഞ്ഞെടുത്ത് സമര്‍പ്പിക്കുക

* 'Submit' ബട്ടണ്‍ ക്ലിക്കുചെയ്യുമ്പോള്‍ ചില വിവരങ്ങളുള്ള ഒരു പേജ് വരും. ഇവിടെ ശേഷിക്കുന്ന വിവരങ്ങള്‍ പൂരിപ്പിക്കുക.

* ഒടുവില്‍ Confirm നല്‍കുക.