രോഹിത്ത്‌ ഡക്ക്‌, പിന്നാലെ രാഹുലും സൂര്യകുമാറും പുറത്ത്‌; പാക്‌ ബൗളിംഗില്‍ ഇന്ത്യ പതറുന്നു

കാത്തിരുന്ന ഇന്ത്യ-പാക്‌ ടി20 പോരാട്ടത്തിന്‌ തുടക്കമായി.

രോഹിത്ത്‌ ഡക്ക്‌, പിന്നാലെ രാഹുലും സൂര്യകുമാറും പുറത്ത്‌; പാക്‌  ബൗളിംഗില്‍ ഇന്ത്യ പതറുന്നു


ദുബായ്: കാത്തിരുന്ന ഇന്ത്യ-പാക് ടി20 പോരാട്ടത്തിന് തുടക്കമായി. ടോസ് നേടി ഫീല്‍ഡിംഗ് തിരഞ്ഞെടുത്ത പാക് നായകന്‍ ബാബര്‍ അസമിന്റെ തീരുമാനം തെ‌റ്റിയില്ല. ആദ്യ ഓവറില്‍ നേരിട്ട ആദ്യ പന്തില്‍തന്നെ രോഹിത് ശര്‍മ്മ പുറത്ത്. ഷഹീന്‍ അഫ്രീദിയ്‌ക്കാണ് വിക്ക‌റ്റ്. തുടര്‍ന്ന് പ്രതിരോധിച്ച്‌ ഇന്ത്യ കളി ആരംഭിച്ചെങ്കിലും അഫ്രീദിയുടെ രണ്ടാം ഓവറില്‍ മറ്റൊരു ഓപ്പണറായ കെ.എല്‍ രാഹുലിനെയും (3) സൂര്യകുമാര്‍ യാദവ് (11) ഇന്ത്യയ്‌ക്ക് നഷ്‌ടമായി. നായകന്‍ കൊഹ്‌ലി(28) , റിഷഫ് പന്ധ് (36) എന്നിവരാണ് ഇപ്പോള്‍ ക്രീസില്‍. പന്ത്രണ്ട്  ഓവറില്‍ 3 വിക്കറ്റ് നഷ്‌ടത്തില്‍ ഇന്ത്യ 83 റണ്‍സ് എടുത്തിട്ടുണ്ട്. ഇന്ത്യയ്‌ക്ക് വേണ്ടി വരുണ്‍ ചക്രവര്‍ത്തി ഇന്ന് കളിക്കുന്നുണ്ട്.

മുന്‍ മത്സരങ്ങളില്‍ സ്‌പിന്നിനെ തുണച്ച ദുബായ് അന്താരാഷ്‌ട്ര സ്‌റ്റേഡിയത്തില്‍ മുന്‍പ് നടന്ന ആറ് ടി20 മത്സരങ്ങളിലും പാകിസ്ഥാന്‍ പരാജയപ്പെട്ടിട്ടില്ല. പാകിസ്ഥാന്റെ രണ്ടാം ഹോം വേദിയെന്നാണ് ദുബായ് സ്‌റ്റേഡിയത്തെ ആരാധകര്‍ പറയുന്നത്. എന്നാല്‍ മറുവശത്ത് ഇന്ത്യ ഇതുവരെ ലോകകപ്പ് മത്സരങ്ങളില്‍ 12 തവണ പാകിസ്ഥാനെ നേരിട്ടപ്പോള്‍ 12 തവണയും അവരെ മുട്ടുകുത്തിച്ചിട്ടുണ്ട് എന്ന ആത്മവിശ്വാസത്തോടെയാണ് ഇന്ന് കളിക്കുന്നത്.